40 മിനിറ്റില്‍ ഗാംഗുലി എന്റെ ഹൃദയം കവര്‍ന്നു; ബിസിസിഐ പ്രസിഡന്റിനെ പ്രശംസ കൊണ്ട് മൂടി പാക് മുന്‍ താരം 

ബിസിസിഐ പ്രസിഡന്റിനെ പ്രശംസിക്കുന്നതിനൊപ്പം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ നായകനായിരിക്കെ ഗാംഗുലി തന്റെ ഹൃദയം കീഴടക്കിയ നിമിഷത്തെ കുറിച്ചും വെളിപ്പെടുത്തുകയാണ് അദ്ദേഹം
40 മിനിറ്റില്‍ ഗാംഗുലി എന്റെ ഹൃദയം കവര്‍ന്നു; ബിസിസിഐ പ്രസിഡന്റിനെ പ്രശംസ കൊണ്ട് മൂടി പാക് മുന്‍ താരം 

ലാഹോര്‍: ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയെ പ്രശംസ കൊണ്ട് മൂടി പാക് മുന്‍ സ്പിന്നര്‍ സഖ്‌ലെയ്ന്‍ മുഷ്താഖ്. ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് വളരെ മികച്ച പ്രവര്‍ത്തനമാണ് ഗാംഗുലിയില്‍ നിന്ന് വരുന്നതെന്ന് മുഷ്താഖ് പറയുന്നു. ബിസിസിഐ പ്രസിഡന്റിനെ പ്രശംസിക്കുന്നതിനൊപ്പം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ നായകനായിരിക്കെ ഗാംഗുലി തന്റെ ഹൃദയം കീഴടക്കിയ നിമിഷത്തെ കുറിച്ചും വെളിപ്പെടുത്തുകയാണ് അദ്ദേഹം. 

2005-06ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടയിലായിരുന്നു അത്. ഈ സമയം കൗണ്ടി ടീമായ സസ്‌കെസിന് വേണ്ടി കളിക്കുകയായിരുന്നു സഖ്‌ലെയ്ന്‍ മുഷ്താഖ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുന്‍പ് സസ്സെക്‌സിനെതിരെ ഇന്ത്യ പരിശീലന മത്സരം കളിച്ചു. ഗാംഗുലി പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്നില്ല. കാല്‍മുട്ടിലെ ശസ്ത്രക്രിയ കഴിഞ്ഞ് ഞാന്‍ ആദ്യമായി കളിക്കാനിറങ്ങുകയായിരുന്നു അവിടെ. 

ഡ്രസിങ് റൂമില്‍ ഇരുന്ന് ഗാംഗുലി എന്നെ കണ്ടു. ഞങ്ങളുടെ ഡ്രസിങ് റൂം മറ്റൊരു ദിശയിലായിരുന്നതിനാല്‍ എനിക്ക് കാണാനായില്ല. അവരുടെ ബാല്‍ക്കണിയില്‍ നിന്ന് എന്നെ കണ്ട ഗാംഗുലി എന്റെ അടുത്തേക്ക് വന്നു. എന്റെ കാല്‍മുട്ടിനെ പറ്റിയും കുടുംബത്തെ കുറിച്ചും, ജീവിതത്തെ കുറിച്ചുമെല്ലാം ഗാംഗുലി ചോദിച്ചു. നാല്‍പ്പത് മിനിറ്റോളം ഗാംഗുലി എനിക്കൊപ്പമിരുന്നു. എന്റെ ഹൃദയവും കീഴടക്കിയാണ് തിരികെ പോയത്, സഖ്‌ലെയ്ന്‍ മുഷ്താഖ് പറയുന്നു. 

ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ബിസിസിഐ മുന്‍പോട്ട് വെച്ച സൂപ്പര്‍ സീരീസ് എന്ന ആശയത്തെ വിമര്‍ശിച്ച് പാക് മുന്‍ നായകന്‍ റഷീദ് ലത്തീഫ് വന്നതിന് പിന്നാലെയാണ് ബിസിസിഐ സ്ഥാനത്തുള്ള ഗാംഗുലിയുടെ പ്രവര്‍ത്തനത്തെ പ്രശംസിച്ച് മറ്റൊരു പാക് താരം രംഗത്തെത്തുന്നത്. നാല് രാജ്യങ്ങളെ പങ്കെടുപ്പിച്ചുള്ള സൂപ്പര്‍ സീരീസ് എന്ന ഗാംഗുലിയുടെ ആശയം ശുദ്ധ മണ്ടത്തരമാണെന്നായിരുന്നു റഷീദ് ലത്തീഫ് യൂട്യൂബ് വീഡിയോയില്‍ ആരോപിച്ചത്. മറ്റ് രാജ്യങ്ങളെ ഒറ്റപ്പെടുത്തുകയാണ് ഈ മൂന്ന് രാജ്യങ്ങള്‍ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും ലത്തീഫ് കുറ്റപ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com