ഏഴാം നമ്പര്‍ ജേഴ്‌സി മാറ്റി വെച്ച് ഇന്ത്യന്‍ താരങ്ങള്‍; അനൗദ്യോഗിക വിരമിക്കലിന് വിധേയമാക്കും

രണ്ട് നമ്പറുകള്‍ ഇന്ത്യന്‍ കളിക്കാര്‍ ടെസ്റ്റില്‍ ജേഴ്‌സി നമ്പറായി ഉപയോഗിക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്
ഏഴാം നമ്പര്‍ ജേഴ്‌സി മാറ്റി വെച്ച് ഇന്ത്യന്‍ താരങ്ങള്‍; അനൗദ്യോഗിക വിരമിക്കലിന് വിധേയമാക്കും

ക്രിക്കറ്റ് ലോകത്തിന് പുതുമയുമായിട്ടാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വരുന്നത്. പല പരിഷ്‌കാരങ്ങളും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ഒപ്പം ഐസിസി കൊണ്ടുവരുന്നുമുണ്ട്. ടെസ്റ്റിലെ ജേഴ്‌സിക്ക് പിറകില്‍ കളിക്കാരുടെ നമ്പറും പേരും ഉള്‍പ്പെടുത്തിയുള്ള മാറ്റമാണ് അതിലൊന്ന്. എന്നാല്‍, രണ്ട് നമ്പറുകള്‍ ഇന്ത്യന്‍ കളിക്കാര്‍ ടെസ്റ്റില്‍ ജേഴ്‌സി നമ്പറായി ഉപയോഗിക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. 

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ജേഴ്‌സി നമ്പറായിരുന്ന പത്തും, എംഎസ് ധോനിയുടെ നമ്പറായ ഏഴുമാണ് അത്. ഇവര്‍ രണ്ട് പേരും ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇല്ലെങ്കിലും ഈ രണ്ട് നമ്പറുകളും മറ്റ് ഇന്ത്യന്‍ താരങ്ങള്‍ തെരഞ്ഞെടുക്കില്ല. സച്ചിന്റെ പത്താം നമ്പര്‍ ജേഴ്‌സിയെ അനൗദ്യോഗികമായി വിരമിച്ചതായി ബിസിസിഐ വ്യക്തമാക്കിയിരുന്നു. പത്താം നമ്പര്‍ ജേഴ്‌സിയണിഞ്ഞ് ഇറങ്ങിയ പേസര്‍ ഷര്‍ദുള്‍ താക്കൂറിനെ ഒരു ദയയുമില്ലാതെ ആരാധകര്‍ ട്രോളുകയും ചെയ്തു. 

സച്ചിന്റെ ജേഴ്‌സി നമ്പര്‍ ആദരസൂചകമായി മറ്റ് കളിക്കാര്‍ ഉപയോഗിക്കാത്തത് പോലെ ധോനിയുടെ ജേഴ്‌സി നമ്പറും ഉപയോഗിക്കില്ലെന്നാണ് സൂചന. കോഹ് ലി 18 നമ്പര്‍ ജേഴ്‌സിയും രോഹിത് 45ാം നമ്പര്‍ ജേഴ്‌സിയും തന്നെ തെരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭൂരിഭാഗം കളിക്കാരും ഏകദിന, ട്വന്റി20 ജേഴ്‌സി നമ്പറുകള്‍ തന്നെയാണ് ടെസ്റ്റിനായും തെരഞ്ഞെടുക്കുന്നത്. 

ഏഴാം നമ്പര്‍ ജേഴ്‌സിയെ ധോനിയുമായി ബന്ധപ്പെടുത്തിയാണ് കാണുന്നത്. ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് ജേഴ്‌സികള്‍ വിന്‍ഡിസിനെതിരായ ഏകദിനത്തിന് ശേഷമെ കളിക്കാരിലേക്ക് എത്തുകയുള്ളുവെന്നും ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന് ധോനി നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് ധോനിയുടെ ജേഴ്‌സിയേയും ബിസിസിഐ അനൗദ്യോഗിക വിരമിക്കലിന് വിധേയമാക്കിയേക്കും എന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com