ഇതോ മാന്യത; മങ്കാദിങിനേക്കാൾ നാണംകെട്ട വിക്കറ്റ്; ഇം​ഗ്ലണ്ട് താരത്തെ വിമർശിച്ച് ആരാധകർ (വീഡിയോ)

ഇപ്പോൾ സമാനമായൊരു ഔട്ട് ആരാധകരുടെ കടുത്ത വിമർശനത്തിനാണ് ഇടയാക്കുന്നത്
ഇതോ മാന്യത; മങ്കാദിങിനേക്കാൾ നാണംകെട്ട വിക്കറ്റ്; ഇം​ഗ്ലണ്ട് താരത്തെ വിമർശിച്ച് ആരാധകർ (വീഡിയോ)

ലണ്ടൻ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരം ബെൻ സ്റ്റോക്സിനെ പുറത്താക്കാനായി കിങ്സ് ഇലവൻ പഞ്ചാബ് നായകൻ ആർ അശ്വിൻ നടത്തിയ മങ്കാദിങ് റണ്ണൗട്ട് വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു. കളിയുടെ മാന്യതയ്ക്ക് നിരക്കാത്ത പ്രവൃത്തിയായാണ് ഈ നീക്കത്തെ ആരാധകർ കണ്ടത്. ഇപ്പോൾ സമാനമായൊരു ഔട്ട് ആരാധകരുടെ കടുത്ത വിമർശനത്തിനാണ് ഇടയാക്കുന്നത്. 

അയർലൻഡിനെതിരെ‌ ഇന്നലെ നടന്ന ഏകദിന മത്സരത്തിൽ ഇം​ഗ്ലണ്ട് വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് നടത്തിയ സ്റ്റമ്പിങ്ങാണ് ആരാധകരുടെ വിമർശനം നേരിടുന്നത്. അയർലൻഡ് ബാറ്റ്സ്മൻ ആൻഡി ബാൽബിർനിയെ പുറത്താക്കാൻ ബെൻ ഫോക്സ് നടത്തിയ നീക്കമാണ് കളിയുടെ മാന്യതയ്ക്ക് നിരക്കുന്നതല്ലെന്ന അഭിപ്രമായമുയർന്നത്.  

അയർലൻഡ് ഇന്നിങ്സിന്റെ 25ാം ഓവറിലായിരുന്നു‌ സംഭവം. ജോ ഡെൻലി എറിഞ്ഞ പന്തിൽ സ്വീപ്പ് ഷോട്ടിന് ശ്രമിച്ച അയർലൻഡ് ബാറ്റ്സ്മാൻ ബാൽബിർനിയ്ക്ക് പിഴച്ചു. പന്ത് അദ്ദേഹത്തിന്റെ ബാറ്റിൽ കൊള്ളാതെ വിക്കറ്റ് കീപ്പറായിരുന്ന ബെൻഫോക്സിന്റെ കൈകളിലെത്തി. ഈ സമയം ബാൽബിർനിയുടെ കാലുകൾ ക്രീസിനകത്ത് തന്നെയുണ്ടായിരുന്നു. 

എന്നാൽ സ്വീപ്പ് ഷോട്ടിനാണ്‌ ബാറ്റ്സ്മാൻ ശ്രമിച്ചത് എന്നതിനാൽ അദ്ദേഹം ചെയ്യാനായി ശ്രമിക്കുമെന്ന് ഫോക്സിന് ഉറപ്പായിരുന്നു. ഈസമയം സ്റ്റമ്പിങ് നടത്താനായി ഫോക്സ് കാത്തുനിന്നു. ബാലൻസ് ശരിയാക്കാൻ വേണ്ടി അയർലൻഡ് ബാറ്റ്സ്മാൻ ചെറുതായി ക്രീസിൽ നിന്ന് കാൽ പൊക്കിയ സമയത്ത് ബെൻ ഫോക്സ് അദ്ദേഹത്തെ സ്റ്റമ്പ്‌ ചെയ്ത് പുറത്താക്കി. മൂന്നാം അമ്പയർ ഇത് വിക്കറ്റാണെന്ന്‌ വിധിച്ചതോടെ അയർലൻഡ് ബാറ്റ്സ്മാന് തന്റെ വിക്കറ്റ് നഷ്ടമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com