ഷാക്കിബിന് എട്ടിന്റെ പണി; കാരണം കാണിക്കല്‍ നോട്ടീസ്; മറുപടി തൃപ്തമല്ലെങ്കില്‍ കടുത്ത നടപടി

ബംഗ്ലാദേശ് ടെസ്റ്റ് ടീം നായകനും സ്റ്റാര്‍ ഓള്‍ റൗണ്ടറുമായ ഷാക്കിബ് അല്‍ ഹസന് കാരണം കാണിക്കല്‍ നോട്ടീസ്
ഷാക്കിബിന് എട്ടിന്റെ പണി; കാരണം കാണിക്കല്‍ നോട്ടീസ്; മറുപടി തൃപ്തമല്ലെങ്കില്‍ കടുത്ത നടപടി

ധാക്ക: ബംഗ്ലാദേശ് ടെസ്റ്റ് ടീം നായകനും സ്റ്റാര്‍ ഓള്‍ റൗണ്ടറുമായ ഷാക്കിബ് അല്‍ ഹസന് കാരണം കാണിക്കല്‍ നോട്ടീസ്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡാണ് ഷാക്കിബിന് നോട്ടീസ് അയച്ചത്. ബോര്‍ഡിന്റെ നിയമങ്ങളും വ്യവസ്ഥകളും തെറ്റിച്ചതായി ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. ബോര്‍ഡുമായി കരാര്‍ നില്‍ക്കെ ഒരു ടെലിക്കോ കമ്പനിയുമായി കരാര്‍ ഒപ്പിട്ടതാണ് ഷാക്കിബിന് വിനയായി മാറിയിരിക്കുന്നത്. 

ഇക്കഴിഞ്ഞ 22ാം തീയതി ഷാക്കിബ് പ്രാദേശിക ടെലിക്കോം ബ്രാന്‍ഡായ ഗ്രാമീണ്‍ഫോണിന്റെ ബ്രാന്‍ഡ് അംബാസറായി സ്ഥാനമേറ്റിരുന്നു. ബോര്‍ഡുമായി കരാറുള്ള താരങ്ങള്‍ ടെലിക്കോം കമ്പനികളുമായി ഒരുവിധ കരാറുകളിലും ഏര്‍പ്പെടരുതെന്നാണ് നിയമം. ഈ വ്യവസ്ഥ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബോര്‍ഡിന്റെ നടപടി. 

പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന് ബംഗ്ലാദേശ് താരങ്ങളും ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. അതിനിടെ ഇന്ത്യാ സന്ദര്‍ശനത്തില്‍ നിന്ന് പിന്‍മാറുമെന്ന് ഭീഷണി മുഴക്കി ഷാക്കിബടക്കമുള്ള താരങ്ങള്‍ സമരവും നടത്തി. സമരത്തിന് ചുക്കാന്‍ പിടിച്ചത് ഷാക്കിബായിരുന്നു.  

ഇക്കഴിഞ്ഞ 23നാണ് സമരം ഒത്തുതീര്‍ന്നത്. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പിലായിരുന്നു സമരത്തില്‍ നിന്ന് താരങ്ങള്‍ പിന്‍മാറിയത്. സമരം നടക്കുമ്പോള്‍ തന്നെയായിരുന്നു ഷാക്കിബ് ടെലികോം കമ്പനിയുടെ അംബാസഡര്‍ സ്ഥാനവും ഏറ്റെടുത്തത്. 

ഉചിതമായ മറുപടി തന്നില്ലെങ്കില്‍ ഷാക്കിബിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com