കൈവിടാതെ കാര്യവട്ടം; ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ എയ്ക്ക്

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്നാം പോരാട്ടവും വിജയിച്ചാണ് ഇന്ത്യ പരമ്പര ഉറപ്പാക്കിയത്
കൈവിടാതെ കാര്യവട്ടം; ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ എയ്ക്ക്

തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പര ഇന്ത്യ എ ടീമിന്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്നാം പോരാട്ടവും വിജയിച്ചാണ് ഇന്ത്യ പരമ്പര ഉറപ്പാക്കിയത്. മൂന്നാം ഏകദിനത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എ ടീം 30 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 27.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്താണ് വിജയിച്ചത്. 

വിജയം തേടിയിറങ്ങിയ ഇന്ത്യക്കായി ക്യാപ്റ്റന്‍ മനീഷ് പാണ്ഡെ ഉജ്ജ്വലമായി ബാറ്റ് വീശി വിജയം ഉറപ്പാക്കി. 59 പന്തുകള്‍ നേരിട്ട് അഞ്ച് സിക്‌സും മൂന്ന് ഫോറും സഹിതം മനീഷ് 81 റണ്‍സെടുത്തു. 28 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 45 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശിവം ഡുബെയുടെ ബാറ്റിങും വിജയത്തില്‍ നിര്‍ണായകമായി. 40 റണ്‍സെടുത്ത ഓപണര്‍ ഇഷാന്‍ കിഷനും തിളങ്ങി. വിജയിക്കുമ്പോള്‍ ഏഴ് റണ്‍സുമായി അക്‌സര്‍ പട്ടേലായിരുന്നു ഡുബെയ്‌ക്കൊപ്പം ക്രീസിലുണ്ടായിരുന്നത്. ദക്ഷിണാഫ്രിക്കയ്ക്കായി ഹെന്റിച് നോര്‍ജെ, ജോര്‍ജ് ലിന്‍ഡെ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. 

നേരത്തെ നനഞ്ഞ ഔട്ട്ഫീല്‍ഡ് കാരണം 30 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടിയ സന്ദര്‍ശകര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 21 പന്തില്‍ 44 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസ്സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ജന്നേമന്‍ മലാന്‍ (37), മാത്യൂ ബ്രീറ്റ്‌സ്‌കെ (36), ടെംബ ബവൂമ (27), ഖയ സോണ്ടോ (21) എന്നിവരും നിര്‍ണായക സംഭാവന നല്‍കി. ഇന്ത്യക്ക് വേണ്ടി ക്രുണാല്‍ പാണ്ഡ്യയും ദീപക് ചഹറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശാര്‍ദുല്‍ താക്കൂര്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. 

ദക്ഷിണാഫ്രിക്കയുടെ തുടക്കം മികച്ചതായിരുന്നില്ല. ഒരു ഘട്ടത്തില്‍ അവര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെന്ന നിലയിലായിരുന്നു. പിന്നീട് ക്ലാസ്സന്‍ നടത്തിയ വെടിക്കെട്ടാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com