ഒരേ ഇന്നിങ്‌സ്; കളത്തിലിറങ്ങിയത് 12 ബാറ്റ്‌സ്മാന്‍മാര്‍! ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യം

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി
ഒരേ ഇന്നിങ്‌സ്; കളത്തിലിറങ്ങിയത് 12 ബാറ്റ്‌സ്മാന്‍മാര്‍! ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യം

കിങ്സ്റ്റണ്‍: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്ത വിന്‍ഡീസ് ഇടയ്ക്ക് പൊരുതാന്‍ ശ്രമിച്ചെങ്കിലും അതൊന്നും ഇന്ത്യന്‍ മുന്നേറ്റം ചെറുക്കാന്‍ പര്യാപ്തമായിരുന്നില്ല. മറ്റൊരു തരത്തിലും ഈ പോരാട്ടം ചരിത്രമായി മാറി. 

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ഒരേ ഇന്നിങ്‌സില്‍ 12 ബാറ്റ്‌സ്മാന്‍മാര്‍ ബാറ്റ് ചെയ്‌തെന്ന അപൂര്‍വതയാണ് ഇന്ത്യ- വെസ്റ്റിന്‍ഡീസ് പോരാട്ടത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ കണ്ടത്. വിന്‍ഡീസ് ടീമിലാണ് 12 ബാറ്റ്‌സ്മാന്‍മാര്‍ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായി ബാറ്റു ചെയ്തത്. പരുക്കേറ്റ് പുറത്തുപോയ വിന്‍ഡീസ് താരം ഡാരന്‍ ബ്രാവോയ്ക്ക് പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ് ഇറങ്ങിയതോടെയാണ് ഈ അപൂര്‍വത സംഭവിച്ചത്.

ഞായറാഴ്ച ബാറ്റിങ്ങിനിടെ അവസാന ഓവര്‍ എറിഞ്ഞ ബുമ്‌റയുടെ ഷോര്‍ട്ട് ബോള്‍ ഡാരന്‍ ബ്രാവോയുടെ തലയിലിടിച്ചിരുന്നു. തിങ്കളാഴ്ച ബാറ്റിങ്ങിനിറങ്ങിയ ബ്രാവോയ്ക്ക് കളി തുടങ്ങി മൂന്ന് ഓവര്‍ ആയപ്പോഴേക്കും അസ്വസ്ഥത അനുഭവപ്പെട്ടു. ബ്രാവോ വൈദ്യ സംഘത്തിന്റെ നിര്‍ദേശ പ്രകാരം റിട്ടയര്‍ ചെയ്യുകയായിരുന്നു. 

തുടര്‍ന്നാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ് ഇറങ്ങിയത്. ഇതോടെ വിന്‍ഡീസിനായി രണ്ടാം ഇന്നിങ്‌സില്‍ 12 പേര്‍ ബാറ്റു ചെയ്തു. 38 റണ്‍സെടുത്ത ബ്ലാക്ക്‌വുഡ് ബ്രൂക്ക്‌സിനൊപ്പം 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു.

ടെസ്റ്റില്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങുന്ന രണ്ടാമത്തെ മാത്രം താരമാണ് ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ്. ആഷസ് ടെസ്റ്റിനിടെ ജോഫ്ര ആര്‍ച്ചറുടെ ബൗണ്‍സറേറ്റ് കഴുത്തിന് പരിക്കേറ്റ സ്റ്റീവ് സ്മിത്തിന് പകരം ബാറ്റിങ്ങിനിറങ്ങിയ മാര്‍നസ് ലബുഷെനായിരുന്നു ആദ്യത്തെ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട്.

ഒരേ ഇന്നിങ്സിൽ തന്നെ രണ്ട് ബാറ്റ്സ്മാൻമാർ ബാറ്റിങിനിറങ്ങി എന്നതാണ് ബ്രാവോ- ബ്ലാക്ക്‌വുഡ് കൺകഷൻ സബ്സ്റ്റിറ്റ്യൂഷന്റെ സവിശേഷത. സ്മിത്ത്- ലബുഷെന സബ്സ്റ്റിറ്റ്യൂട്ടിൽ സ്മിത്ത് ആദ്യ ഇന്നിങ്സിലും ലബുഷെന രണ്ടാം ഇന്നിങ്സിലുമാണ് ബാറ്റ് ചെയ്തത്.

ഇതുവരെ ക്രിക്കറ്റിലുണ്ടായിരുന്ന പകരക്കാരനില്‍ നിന്ന് വ്യത്യസ്തമായി പകരം ഇറങ്ങുന്ന താരത്തിന് ബാറ്റ് ചെയ്യാനും പന്തെറിയാനും കഴിയുമെന്നാതാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടിന്റെ സവിശേഷത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com