'അന്ന് ആ സ്ഥാനത്തെത്താന്‍ അപേക്ഷിച്ചു, യാചിച്ചു'; വെളിപ്പെടുത്തലുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഒരവസരം ഞാന്‍ ചോദിച്ചു. ഇവിടെ പരാജയപ്പെട്ടാല്‍ ഇനി അവസരത്തിനായി നിങ്ങളുടെ മുമ്പില്‍ വരില്ല എന്നുവരെ ഞാന്‍ പറഞ്ഞു
'അന്ന് ആ സ്ഥാനത്തെത്താന്‍ അപേക്ഷിച്ചു, യാചിച്ചു'; വെളിപ്പെടുത്തലുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍

മുംബൈ: ഇന്ത്യന്‍ ടീമിന്റെ ഓപണിങ് സ്ഥാനത്തെത്തിയതിനെ കുറിച്ച് ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വെളിപ്പെടുത്തല്‍. ട്വിറ്ററില്‍ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് സച്ചിന്‍ ഇക്കാര്യം പറയുന്നത്. ഡിബിഎസ് ബാങ്ക് ഗ്രൂപ്പ് സിഇഒ പിയൂഷ് ഗുപ്തയുമായി നടത്തുന്ന ഒരു സംവാദത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ താരം പുറത്തു വിട്ടിരിക്കുന്നത്.

'1994 ലാണ് ആദ്യമായി താന്‍ ഓപണിങ് സ്ഥാനത്തെത്തുന്നത്. അന്ന് വിക്കറ്റ് കളയാതെ നില്‍ക്കുക എന്നതായിരുന്നു എല്ലാ ടീമുകളുടേയും പൊതുവേയുള്ള തന്ത്രം. താന്‍ ബോക്‌സിന് പുറത്ത് അല്‍പം മുന്നോട്ടിറങ്ങി ബൗളര്‍മാരെ നേരിടാനാണ് ശ്രമിച്ചത്. ഓപ്പണിങിനായുള്ള ആ അവസരം ഞാന്‍ ഏറെ യാചിച്ചും അപേക്ഷിച്ചും വാങ്ങിയതാണ്. ഒരവസരം ഞാന്‍ ചോദിച്ചു. ഇവിടെ പരാജയപ്പെട്ടാല്‍ ഇനി അവസരത്തിനായി നിങ്ങളുടെ മുമ്പില്‍ വരില്ല എന്നുവരെ ഞാന്‍ പറഞ്ഞു. ആ കളിയില്‍ എനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായി. പിന്നീട് ഓപ്പണിങ് സ്ഥാനത്തിറങ്ങാന്‍ അവര്‍ ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. ഇപ്പോള്‍ ഇതു പറയുന്നത് പരാജയങ്ങളില്‍ പതറാതെ ധീരമായി മുന്നോട്ടു പോകണം എന്ന സന്ദേശം നല്‍കാനുദ്ദേശിച്ചാണ്'- സച്ചിന്‍ പറഞ്ഞു. 

ന്യൂസിലന്‍ഡിനെതിരായ പോരാട്ടത്തിലാണ് ആദ്യമായി സച്ചിന്‍ ഓപണറായി ഇറങ്ങിയത്. മത്സരത്തില്‍ സച്ചിന്‍ 49 പന്തില്‍ നിന്ന് 82 റണ്‍സാണ് എടുത്തത്. ഓക്ക്‌ലന്‍ഡില്‍ നടന്ന മത്സരത്തില്‍ സച്ചിനൊപ്പം അജയ് ജഡേജയായിരുന്നു സഹ ഓപണര്‍. ഇന്ത്യ വിജയിച്ച മത്സരത്തില്‍ മുഹമ്മദ് അസ്ഹറുദ്ദീനായിരുന്നു നായകന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com