കന്നി ജയം നേടിയെടുത്ത് രാജസ്ഥാൻ; കൊഹ്ലിപ്പടയ്ക്ക് നാലാമതും തോൽവി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 03rd April 2019 12:04 AM  |  

Last Updated: 03rd April 2019 12:04 AM  |   A+A-   |  

rcb_rr

ജയ്പുര്‍: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാ​ഗ്ലൂരിനെതിരെ രാജസ്ഥാൻ റോയൽസിന് ജയം. ഏഴ് വിക്കറ്റിന് ബാംഗ്ലൂരിനെ തകർത്താണ് സീസണിലെ ആദ്യ വിജയം രാജസ്ഥാൻ നേടിയെടുത്തത്. കളി തീരാൻ ഒരു പന്ത് ശേഷിക്കെയാണ് രാജസ്ഥാൻ വിജയ റൺ നേടിയത്. അവസാന പന്ത് സിക്സർ പറത്തിയാണ് ജയം കുറിച്ചത്. പന്ത്രണ്ട് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ നേടിയ ശ്രയാസ് ഗോപാല്‍ ആണ് മാന്‍ ഓഫ് ദി മാച്ച്.

രാജസ്ഥാനുവേണ്ടി 43 പന്തിൽ നിന്ന് 59 റൺസ് നേടി ജോസ് ബട്​ലർ ടോപ് സ്കോററായി. 31 പന്തിൽ 38 റൺസ് നേടിയ സ്റ്റീവ് സ്മിത്തും 23 പന്തിൽ നിന്ന് പുറത്താകാതെ 34റൺസ് നേടിയ രാഹുൽ ത്രിപാഠിയും വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു. 20 പന്തിൽ നിന്ന് 22 റൺസാണ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ സംഭാവന. 

നേരത്തെ ടോസ് നേടിയ രാജസ്ഥാൻ ബാം​ഗ്ലൂരിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇരുപത് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് മാത്രമാണ് അവർക്ക് നേടാനായത്. 41 പന്തില്‍ നിന്ന് 67 റണ്‍സെടുത്ത ഓപണര്‍ പാര്‍ഥിവ് പട്ടേലാണ് ടോപ് സ്‌കോറര്‍. ഒൻപത് ഫോറും ഒരു സിക്സും സഹിതമാണ് പാർഥിവ് അർധ സെഞ്ച്വറി പിന്നിട്ടത്. വിരാട് കോഹ്‌ലി 25 പന്തില്‍ നിന്ന് 23 ഉം എബി ഡിവില്ല്യേഴ്‌സ് ഒന്‍പത് പന്തില്‍ നിന്ന് 13 ഉം റണ്‍സെടുത്തു. മാര്‍ക്കസ് സ്‌റ്റോയിനിസ് 28 പന്തില്‍ നിന്ന് 31 ഉം മൊയിന്‍ അലി ഒന്‍പത് പന്തില്‍ നിന്ന് 18 ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

നാലോവറില്‍ പന്ത്രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ശ്രേയസ് ഗോപാലാണ് ബാംഗ്ലൂരിനെ പിടിച്ചു നിര്‍ത്തിയത്. ജോഫ്രെ ആര്‍ച്ചര്‍ ഒരു വിക്കറ്റ് വീഴ്ത്തി.