ലോകേഷിനും മായങ്കിനും അർധ സെഞ്ചുറി; പഞ്ചാബിന് തകർപ്പൻ ജയം 

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കിങ്സ് ഇലവൻ പഞ്ചാബിന് തകർപ്പൻ ജയം
ലോകേഷിനും മായങ്കിനും അർധ സെഞ്ചുറി; പഞ്ചാബിന് തകർപ്പൻ ജയം 

മൊഹാലി: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കിങ്സ് ഇലവൻ പഞ്ചാബിന് തകർപ്പൻ ജയം. 151 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കിങ്സ് ഇലവൻ ആറു വിക്കറ്റുകൾ ബാക്കി നിൽക്കേ ലക്ഷ്യം നേടുകയായിരുന്നു. 

ലോകേഷ് രാഹുലിന്റെയും മായങ്ക് അഗര്‍വാളിന്റെയും മിന്നുന്ന പ്രകടനമാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ വിജയം അനായാസമാക്കിയത്. 53 പന്തില്‍ 71 റണ്‍സ് നേടിയ ഓപ്പണര്‍ ലോകേഷ് രാഹുല്‍ പുറത്താവാതെ നിന്നു. 43 പന്തില്‍ 55 റണ്‍സാണ് മായങ്കിന്റെ സമ്പാദ്യം. തുടക്കത്തില്‍തന്നെ ഓപ്പണര്‍ ക്രിസ് ഗെയിലിനെ നഷ്ടപ്പെട്ടെങ്കിലും ഇരുവരും ആത്മവിശ്വാസത്തോടെ കളിക്കുകയായിരുന്നു. നിശ്ചിത ഓവര്‍ തീരാന്‍ ഒരു പന്ത് ബാക്കി നില്‍ക്കേയാണ് കിങ്‌സ് ഇലവന്റെ വിജയം.

നേരത്തെ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ അര്‍ധ സെഞ്ച്വറി മികവിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പൊരുതാവുന്ന സ്കോറിലെത്തിയത്. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 150ൽ എത്തിയത്. 

പഞ്ചാബ് ബൗളര്‍ മികവ് പുലർത്തിയ മത്സരത്തില്‍ 62 പന്തില്‍ ഒരു സിക്‌സും ആറ് ബൗണ്ടറിയുമടക്കം 70 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍ക്കും 27 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത വിജയ് ശങ്കറിനും മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിന് സ്‌കോര്‍ ഏഴിലെത്തിയപ്പോള്‍ തന്നെ വമ്പനടിക്കാരനായ ജോണി ബെയര്‍സ്‌റ്റോയെ നഷ്ടമായി. ആറ് പന്തില്‍ നിന്ന് ഒരു റണ്ണെടുത്ത ബെയര്‍സ്‌റ്റോയെ മുജീബ് റഹ്മാനാണ് പുറത്താക്കിയത്.  

പിന്നാലെ വിജയ് ശങ്കറും വാര്‍ണറും ചേര്‍ന്ന് ഹൈദരാബാദിനെ 56 വരെയെത്തിച്ചു. ക്യാപ്റ്റന്‍ അശ്വിനാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. 12 റണ്‍സെടുത്ത മുഹമ്മദ് നബി റണ്ണൗട്ടായി. മനീഷ് പാണ്ഡെ 19 റണ്‍സെടുത്തു. അവസാന പന്ത് സിക്‌സറടിച്ച ദീപക് ഹൂഡയാണ് ഹൈദരാബാദ് സ്‌കോര്‍ 150ല്‍ എത്തിച്ചത്. അശ്വിൻ, ഷമി, മുജീബ് റഹ്മാൻ എന്നിവർ ഓരോ വിക്കറ്റെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com