മൂര്‍ച്ചയില്ലാത്ത ആക്രമണവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; സെല്‍ഫ് ഗോള്‍ ബലത്തില്‍ ജയം പിടിച്ച് ബാഴ്‌സ

പന്ത് കൈവശം വയ്ക്കുന്നതിലും, പാസുകളുടെ കൃത്യതയിലുമെല്ലാം ബാഴ്‌സ മികച്ചു നിന്നു
മൂര്‍ച്ചയില്ലാത്ത ആക്രമണവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; സെല്‍ഫ് ഗോള്‍ ബലത്തില്‍ ജയം പിടിച്ച് ബാഴ്‌സ

മാഞ്ചസ്റ്റര്‍: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദത്തില്‍ സെല്‍ഫ് ഗോളിന്റെ ബലത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ ജയിച്ചു കയറി ബാഴ്‌സ. ലൂക്ക് ഷോയില്‍ നിന്നും വന്ന സെല്‍ഫ് ഗോളാണ് ഓള്‍ഡ് ട്രഫോര്‍ഡിനെ നിശബ്ദമാക്കിയത്. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തട്ടകത്തില്‍ ബാഴ്‌സ നേടുന്ന ആദ്യ ജയമാണ് ഇത്. മത്സരത്തിലുടനീളം കണ്ടത് ബാഴ്‌സയുടെ ആധിപത്യമായിരുന്നു. പന്ത് കൈവശം വയ്ക്കുന്നതിലും, പാസുകളുടെ കൃത്യതയിലുമെല്ലാം ബാഴ്‌സ മികച്ചു നിന്നു. 

12ാം മിനിറ്റില്‍ വന്ന ഷോയുടെ ഡിഫഌക്ഷന്‍ ഗോള്‍ ആദ്യം ഓഫ് സൈഡ് എന്ന് വിധിയെഴുതി തള്ളിയെങ്കിലും വാറില്‍ അത് ഗോള്‍ തന്നെയെന്ന് വ്യക്തമായി. ബാഴ്‌സയില്‍ സുവാരസായിരുന്നു കൂടുതല്‍ അപകടകാരിയായി കളിച്ചത്. ഷോയുടെ സെല്‍ഫ് ഗോള്‍ വന്നതും സുവാരസിന്റെ ആറ് വാര അകലെ നിന്നുമുള്ള ഹെഡറില്‍ നിന്നുമാണ്.

ബാഴ്‌സ ജയിച്ചു കയറിയപ്പോള്‍ ചോരവാര്‍ന്നാണ് മെസിക്ക് കളിക്കളം വിടേണ്ടി വന്നത്. ക്രിസ് സ്മാളിങ്ങിന്റെ ഫൗളില്‍ ആദ്യ പകുതിയില്‍ മെസിയുടെ മൂക്കിന് പരിക്കേല്‍ക്കുകയായിരുന്നു. ബാഴ്‌സയുടെ ലീഡ് വര്‍ധിപ്പിക്കുവാന്‍ കുട്ടിഞ്ഞോയുടെ ശ്രമവും ആദ്യ പകുതിയുടെ അവസാന മിനിറ്റുകളില്‍ വന്നുവെങ്കിലും ഡേവിഡ് ഡി ഗിയയുടെ തകര്‍പ്പന്‍ സേവ് ആതിഥേയരെ രക്ഷിച്ചു.  സമനില ഗോള്‍ പിടിക്കുവാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ശ്രമിച്ചെങ്കിലും ആക്രമണങ്ങള്‍ക്കെല്ലാം മൂര്‍ച്ചയില്ലാതെ പോവുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com