തോല്‍വി വീണ്ടും ചോദിച്ചു വാങ്ങി രാജസ്ഥാന്‍; കിങ്‌സ് ഇലവന് അഞ്ചാം ജയം

തോല്‍വി വീണ്ടും ചോദിച്ചു വാങ്ങി രാജസ്ഥാന്‍; കിങ്‌സ് ഇലവന് അഞ്ചാം ജയം

രാഹുല്‍ ത്രിപദിയെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവന്ന പരീക്ഷണം വിജയിച്ചുവെങ്കിലും സ്മിത്തിന്റെ കൂടി അഭാവത്തില്‍ മധ്യനിര കരുത്തില്ലാതെ പോയി

മൂന്നാം ജയം തേടി ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും പിഴച്ചു. 12 റണ്‍സിന് രാജസ്ഥാനെ തകര്‍ത്ത് കിങ്‌സ് ഇലവന്‍ പഞ്ചാബ് സീസണിലെ അഞ്ചാം ജയം സ്വന്തമാക്കി. കിങ്‌സ് ഇലവന്‍ ഉയര്‍ത്തിയ 182 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. 

അവസാന ഓവറുകളില്‍ 11 പന്തില്‍ നിന്നും 33 റണ്‍സ് നേടി സ്റ്റുവര്‍ട്ട് ബിന്നി വിജയ ലക്ഷ്യത്തിലേക്ക് രാജസ്ഥാനെ എത്തിക്കുവാന്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. ചെയ്‌സിങ്ങില്‍ ഓപ്പണര്‍മാര്‍ ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും മധ്യനിരയ്ക്ക് സാഹചര്യത്തിനൊത്ത് ഉയരാന്‍ സാധിക്കാതിരുന്നതാണ് രാജസ്ഥാനെ വീണ്ടും തോല്‍വിയിലേക്ക് തള്ളിയിട്ടത്. സ്റ്റീവ് സ്മിത്ത് ഇല്ലാതെയാണ് രാജസ്ഥാന്‍ ഇന്നിറങ്ങിയത്. രാഹുല്‍ ത്രിപദിയെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവന്ന പരീക്ഷണം വിജയിച്ചുവെങ്കിലും സ്മിത്തിന്റെ കൂടി അഭാവത്തില്‍ മധ്യനിര കരുത്തില്ലാതെ പോയി. രഹാനേയുടേയും ത്രിപദിയുടേയും മെല്ലെപ്പോക്ക് ബാറ്റിങ്ങും രാജസ്ഥാന് വിനയായി. 

മുരുഗന്‍ അശ്വിന്റേയും ആര്‍ അശ്വിന്റേയും ബൗളിങ്ങാണ് രാജസ്ഥാനെ ഏറ്റവും വലച്ചത്. രാഹുല്‍ ത്രിപദി 45 പന്തില്‍ നിന്നും 4 ഫോറിന്റെ അകമ്പടിയോടെ 50 റണ്‍സ് നേടി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് രാഹുലിന്റേയും, ഡേവിഡ് മില്ലറിന്റേയും അശ്വിന്റേയും മികച്ച കളിയിലൂടെയാണ് 181 എന്ന സ്‌കോറിലേക്ക് എത്തിയത്. 

രാഹുല്‍ 52 റണ്‍സും, ഗെയില്‍ 30 റണ്‍സുമെടുത്തു. 27 പന്തില്‍ നിന്നും 40 റണ്‍സ് എടുത്താണ് മില്ലര്‍ മടങ്ങിയത്. നാല് പന്തില്‍ നിന്നും രണ്ട് സിക്‌സും ഒരു ഫോറും പറത്തിയ അശ്വിന്‍ അവസാന ഓവറുകളില്‍ റണ്‍സ് കണ്ടെത്തുകയും ചെയ്തു. നാല് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍ച്ചറാണ് ഒരുവേള പഞ്ചാബ് ബാറ്റിങ്ങിനെ പ്രതിസന്ധിയിലാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com