എന്നിട്ടും ബാംഗ്ലൂര്‍ പുറത്തായിട്ടില്ല; എട്ട് ടീമുകളുടേയും പ്ലേഓഫ് സാധ്യതകള്‍ ഇങ്ങനെ

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേഓഫീലേക്ക് എത്തുമെന്ന് ഉറപ്പായി എങ്കിലും ഒരു ടീമും ഔദ്യോഗികമായി ഇതുവരെ ആ കടമ്പ കടന്നിട്ടില്ല. ഒരു ടീമും പുറത്തായിട്ടുമില്ല
എന്നിട്ടും ബാംഗ്ലൂര്‍ പുറത്തായിട്ടില്ല; എട്ട് ടീമുകളുടേയും പ്ലേഓഫ് സാധ്യതകള്‍ ഇങ്ങനെ

ഐപിഎല്ലില്‍ ടീമുകള്‍ക്ക് മുന്നില്‍ ഇനിയുള്ള മത്സരങ്ങളെല്ലാം ജീവന്‍ മരണ പോരാട്ടങ്ങളാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേഓഫീലേക്ക് എത്തുമെന്ന് ഉറപ്പായി എങ്കിലും ഒരു ടീമും ഔദ്യോഗികമായി ഇതുവരെ ആ കടമ്പ കടന്നിട്ടില്ല. ഒരു ടീമും പുറത്തായിട്ടുമില്ല. എന്നാല്‍ ഈ അടുത്ത ദിവസങ്ങളില്‍ ചിത്രം നമുക്ക് മുന്നില്‍ വ്യക്തമാകും.

നിര്‍ണായക മത്സരങ്ങള്‍ മുന്നിലെത്തുമ്പോള്‍ ടീമുകള്‍ക്ക് മുന്നില്‍ മറ്റൊരു വെല്ലുവിളി കൂടിയുണ്ട്. ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട വിദേശ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങാന്‍ തുടങ്ങുന്ന സമയവുമാണ് ഇത്. ഐപിഎല്ലിലെ എട്ട് ടീമുകളുടെ പ്ലേഓഫ് സാധ്യതകള്‍ ഇപ്പോള്‍ ഇങ്ങനെയാണ്...

ഡല്‍ഹി ക്യാപിറ്റല്‍സ്

കഴിഞ്ഞ സീസണുകളിലെല്ലാം നേരിട്ട നാണക്കേട് കഴുകി കളഞ്ഞാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇത്തവണ തകര്‍ത്തു കളിക്കുന്നത്. 11 മത്സരങ്ങളില്‍ ഏഴ് ജയം നേടി. നിലവില്‍ പോയിന്റ് ടേബിളില്‍ രണ്ടാമതാണ് ഡല്‍ഹി. തങ്ങളുടെ അവസാന മൂന്ന് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ ജയം പിടിച്ചാല്‍ ഡല്‍ഹിക്ക് പ്ലേഓഫില്‍ കടക്കാം. 

ചെന്നൈ സൂപ്പര്‍ കിങ്‌സ്

11 മത്സരങ്ങളില്‍ നിന്നും 16 പോയിന്റോടെ ചെന്നൈ പ്ലേഓഫ് ഉറപ്പിച്ചു കഴിഞ്ഞു. എന്നും പ്ലേഓഫിലേക്ക് എത്തിയിട്ടുള്ള ചെന്നൈ ഈ സീസണിലും അതാവര്‍ത്തിക്കുന്നു. ഇനി ചെന്നൈയ്ക്ക് മുന്നിലുള്ള മത്സരങ്ങളില്‍ ഒരെണ്ണത്തിലോ, രണ്ടെണ്ണത്തിലോ ജയം പിടിച്ചാല്‍ പോയിന്റ് ടേബിളില്‍ ടോപ് 2ലില്‍ ചെന്നൈയ്ക്ക് സ്ഥാനം നിലനിര്‍ത്താം. ഇതിലൂടെ സ്വന്തം മണ്ണില്‍ ചെപ്പോക്കില്‍ ക്വാളിഫയര്‍ 1 കളിക്കാന്‍ ധോനിക്കും സംഘത്തിനുമാകും. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

അഞ്ച് തോല്‍വിയും അഞ്ച് ജയവുമായിട്ടാണ് സണ്‍റൈസേഴ്‌സിന്റെ പോക്ക്. പോയിന്റ് ടേബിളില്‍ നിലവില്‍ നാലാമതാണ് അവര്‍. പ്ലേഓഫിലേക്ക് എത്തുവാന്‍ മൂന്നോ, നാലോ മത്സരങ്ങളില്‍ അവര്‍ക്ക് ജയം പിടിക്കണം. മറ്റ് ടീമുകളുടെ റിസല്‍ട്ട് പ്രതികൂലമാണ് എങ്കില്‍ രണ്ട് ജയം നേടിയാവും സണ്‍റൈസേഴ്‌സിന് പ്ലേഓഫ് കടക്കാം. 

മുംബൈ ഇന്ത്യന്‍സ്

പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ് മുംബൈ ഇപ്പോള്‍. രോഹിത് ശര്‍മ ഫോം കണ്ടെത്തിയിട്ടില്ലെങ്കിലും 12 പോയിന്റ് നേടി നില മെച്ചപ്പെടുത്താന്‍ മുംബൈയ്ക്കായിട്ടുണ്ട്. മൂന്നിലുള്ള നാല് കളികളില്‍ മൂന്നെണ്ണത്തില്‍ ജയം പിടിച്ചാല്‍ മുംബൈയുടെ പ്ലേഓഫ് പ്രവേശനം അനായാസമാകും. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

മികച്ച തുടക്കം ലഭിച്ചുവെങ്കിലും ഇപ്പോള്‍ തുടര്‍ച്ചയായ അഞ്ച് തോല്‍വികള്‍ നേരിട്ട് നില്‍ക്കുകയാണ് കൊല്‍ക്കത്ത. ആറാം സ്ഥാനത്തുള്ള കൊല്‍ക്കത്തയ്ക്ക് റസലിന്റെ മികച്ച ഫോമും ജയം പിടിക്കുവാന്‍ തുണയാവുന്നില്ല. നിലവിലുള്ള എല്ലാ മത്സരങ്ങളും ജയിക്കുക, അല്ലെങ്കില്‍ നാല് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ എങ്കിലും ജയം പിടിക്കുക എന്നതാണ് കൊല്‍ക്കത്തയ്ക്ക് മുന്നിലുള്ള വെല്ലുവിളി. 

കിങ്‌സ് ഇലവന്‍ പഞ്ചാബ്

സ്ഥിരതയില്ലായ്മയാണ് പഞ്ചാബിനെ വലയ്ക്കുന്നത്. ഈ സീസണില്‍ ഒരു വട്ടം മാത്രമാണ് അവര്‍ക്ക് രണ്ട് മത്സരങ്ങള്‍ തുടരെ ജയിക്കാന്‍ സാധിച്ചത്. പോയിന്റ് ടേബിളില്‍ അഞ്ചാമതാണ് ചെന്നൈ ഇപ്പോള്‍. 10 മത്സരങ്ങളില്‍ നിന്നും അഞ്ച് ജയമുള്ള പഞ്ചാബിന് മുന്നിലുള്ള നാല് മത്സരങ്ങള്‍ മുഴുവന്‍ ജയിക്കണം. മൂന്നെണ്ണത്തില്‍ ജയം പിടിച്ചാല്‍ മറ്റ് ടീമികളുടെ റിസല്‍റ്റിനെ ആശ്രയിച്ചായിരിക്കും പ്ലേഓഫ് സാധ്യത. 

ബാംഗ്ലൂര്‍

കിരീടം എന്ന സ്വപ്നം ഈ സീസണിലും ബാംഗ്ലൂരില്‍ നിന്നും അകന്നു. പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്താണ് ബാംഗ്ലൂര്‍. പ്ലേഓഫിലേക്കുള്ള കണക്കുകള്‍ നോക്കുമ്പോള്‍ ബാംഗ്ലൂര്‍ പുറത്തേക്ക് പോയിട്ടില്ല. കയ്യിലുള്ള എല്ലാ മത്സരങ്ങളിലും ജയം പിടിച്ച്, മറ്റ് ടീമുകളുടെ മത്സര ഫലത്തിനായി കാത്തിരിക്കുകയാണ് ബാംഗ്ലൂരിന് മുന്നിലുള്ള വഴി. സ്റ്റെയ്‌നിന്റെ വരും, കോഹ് ലിയുടെ ഫോമും ബാംഗ്ലൂരിന് പ്രതീക്ഷ നല്‍കുന്നു. 

രാജസ്ഥാന്‍ റോയല്‍സ്

ബാംഗ്ലൂരിന് സമാനമാണ് രാജസ്ഥാന്‍ റോയല്‍സിന്റേയും അവസ്ഥ. 10 മത്സരങ്ങളില്‍ ജയിച്ചത് മൂന്നെണ്ണത്തില്‍. ഇനിയുള്ള നാല് മത്സരങ്ങളിലും അവര്‍ക്ക് ജയിച്ചാല്‍ പ്ലേഓഫ് സാധ്യത മുന്നില്‍ കാണാം. നിര്‍ണായക ഘട്ടങ്ങളില്‍ ബാറ്റിങ്ങും ബൗളിങ്ങും പിഴയ്ക്കുന്നതാണ് അവരുടെ പ്രശ്‌നം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com