ആഷസ്; ഇംഗ്ലീഷ് ബാറ്റിങിനെ ചാരമാക്കി ലിയോണും കമ്മിന്‍സും; ഓസീസിന് ഉജ്ജ്വല വിജയം

ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഓസ്‌ട്രേലിയ
ആഷസ്; ഇംഗ്ലീഷ് ബാറ്റിങിനെ ചാരമാക്കി ലിയോണും കമ്മിന്‍സും; ഓസീസിന് ഉജ്ജ്വല വിജയം

ബിര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. 398 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന്റെ പോരാട്ടം വെറും 146 റണ്‍സില്‍ അവസാനിപ്പിച്ച ഓസീസ് 251 റണ്‍സിന്റെ ഉജ്ജ്വല വിജയമാണ് പിടിച്ചെടുത്തത്. രണ്ടിന്നിങ്സിലും സെഞ്ച്വറി നേടിയ സ്റ്റീവൻ സ്മിത്താണ് കളിയിലെ താരം.

ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 284 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 487 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 374 റണ്‍സെടുത്ത് 90 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. 

ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ ഓസീസ് സ്പിന്നര്‍ നതാന്‍ ലിയോണിന്റെ തകര്‍പ്പന്‍ ബൗളിങാണ് ഓസ്‌ട്രേലിയക്ക് വിജയം സമ്മാനിച്ചത്. പാറ്റ് കമ്മിന്‍സ് നാല് വിക്കറ്റുകളും സ്വന്തമാക്കി. ഇരുവരും ചേര്‍ന്ന് ഇംഗ്ലീഷ് ബാറ്റിങിനെ ഇടംവലം നീങ്ങാന്‍ സമ്മതിച്ചില്ല. ഇരുവരുടേയും മാരക ബൗളിങിന് മുന്നില്‍ ഇംഗ്ലണ്ടിന്റെ ശക്തമായ ബാറ്റിങ് നിരയ്ക്ക് അധിക നേരം ക്രീസില്‍ നില്‍ക്കാന്‍ സാധിച്ചില്ല. വാലറ്റത്ത് ബാറ്റിങിനിറങ്ങിയ ക്രിസ് വോക്‌സാണ് അവരുടെ ടോപ് സ്‌കോറര്‍. താരം 37 റണ്‍സോടെ പുറത്തായി. 

റോറി ബേണ്‍സ് (11), ജാസന്‍ റോയ് (28), ക്യാപ്റ്റന്‍ ജോ റൂട്ട് (28), ജോ ഡെന്‍ലി (11), ജോസ് ബട്‌ലര്‍ (ഒന്ന്), ബെന്‍ സ്‌റ്റോക്‌സ് (ആറ്), ജോണി ബെയര്‍സ്‌റ്റോ (ആറ്), മോയിന്‍ അലി (നാല്), സ്റ്റുവര്‍ട്ട് ബ്രോഡ് (പൂജ്യം) എന്നിവരെല്ലാം അധികം ക്രീസില്‍ നില്‍ക്കാന്‍ സാധിക്കാതെ കൂടാരം കയറി. നാല് റണ്‍സുമായി ജെയിംസ് ആന്‍ഡേഴ്‌സന്‍ പുറത്താകാതെ നിന്നു. 

നേരത്തെ ഓസീസിനായി മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടി ടീമിന്റെ നെടുംതൂണായതിന് പിന്നാലെ രണ്ടാം ഇന്നിങ്‌സിലും സെഞ്ച്വറി നേടി ടീമിന്റെ ടോപ് സ്‌കോററായി. സ്മിത്തിനൊപ്പം മാത്യു വെയ്ഡും ശതകം സ്വന്തമാക്കിയതോടെ ഓസീസ് മികച്ച സ്‌കോറില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. സ്മിത്ത് (142), വെയ്ഡ് (110) എന്നിവര്‍ക്ക് പുറമെ ട്രാവിസ് ഹെഡ് (51) അര്‍ധ സെഞ്ച്വറി നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com