ലിവര്‍പൂള്‍ തുടങ്ങി, സലയും; ഗോളടിച്ചു കൂട്ടി ഉജ്ജ്വല വിജയം; സിറ്റി, ടോട്ടനം ഇന്ന് കളത്തില്‍

ഒരു പോയിന്റിന് കഴിഞ്ഞ തവണ കൈവിട്ടു പോയ പ്രീമിയര്‍ ലീഗ് കിരീടം ഇത്തവണ നേടാനുള്ള യൂറോപ്യന്‍ ചാമ്പ്യന്‍മാരായ ലിവര്‍പൂളിന്റെ യാത്രയ്ക്ക് ഉജ്ജ്വല വിജയത്തിന്റെ പകിട്ടോടെ തുടക്കം
ലിവര്‍പൂള്‍ തുടങ്ങി, സലയും; ഗോളടിച്ചു കൂട്ടി ഉജ്ജ്വല വിജയം; സിറ്റി, ടോട്ടനം ഇന്ന് കളത്തില്‍

ലണ്ടന്‍: ഒരു പോയിന്റിന് കഴിഞ്ഞ തവണ കൈവിട്ടു പോയ പ്രീമിയര്‍ ലീഗ് കിരീടം ഇത്തവണ നേടാനുള്ള യൂറോപ്യന്‍ ചാമ്പ്യന്‍മാരായ ലിവര്‍പൂളിന്റെ യാത്രയ്ക്ക് ഉജ്ജ്വല വിജയത്തിന്റെ പകിട്ടോടെ തുടക്കം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് വിസില്‍ മുഴങ്ങിയപ്പോള്‍ ലിവര്‍പൂള്‍ വമ്പന്‍ ജയമാണ് നേടിയത്. സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ പ്രീമിയര്‍ ലീഗിലേക്ക് പുതിയതായി എത്തിയ നോര്‍വിച് സിറ്റിയെയാണ് ലിവര്‍പൂള്‍ വീഴ്ത്തിയത്. 

ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ലിവര്‍പൂളിന്റെ വിജയം. ആദ്യ പകുതിയില്‍ തന്നെ ലിവര്‍പൂള്‍ നാല് ഗോളുകളും വലയിലെത്തിച്ചു. സൂപ്പര്‍ താരം മുഹമ്മദ് സല ഒരു ഗോളും ഒരു അസിസ്റ്റുമായി മത്സരത്തില്‍ തിളങ്ങി. 

കളിയുടെ തുടക്കം മുതല്‍ പ്രസിങ് ഗെയിമാണ് ലിവര്‍പൂള്‍ പുറത്തെടുത്തത്. അതിന്റെ ഫലം ഏഴാം മിനുട്ടില്‍ തന്നെ അവര്‍ക്ക് ലഭിച്ചു. ഒരു സെല്‍ഫ് ഗോളിലൂടെയാണ് അവര്‍ ലീഡ് സ്വന്തമാക്കിയത്. ഇടത് വിങില്‍ നിന്ന് ഡിവോക്ക് ഒറിഗി കൊടുത്ത ക്രോസ് നോര്‍വിച് ഡിഫന്‍ഡര്‍ ഹാന്‍ലി സ്വന്തം വലയിലേക്ക് തന്നെ എത്തിക്കുകയായിരുന്നു. 

12 മിനുട്ടിന് ശേഷം ലിവര്‍പൂള്‍ രണ്ടാം ഗോളും നേടി. മുഹമ്മദ് സലയാണ് പന്ത് വലയിലെത്തിച്ചത്. 28ാം മിനുട്ടില്‍ വാന്‍ഡെയ്ക്കും 42ാം മിനുട്ടില്‍ ഒറിഗിയും വല ചലിപ്പിച്ചതോടെ ലിവര്‍പൂള്‍ ആദ്യ പകുതിയില്‍ തന്നെ വിജയം ഉറപ്പാക്കി. 

രണ്ടാം പകുതിയില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്ത നോര്‍വിച്, ടീമു പുക്കിയിലൂടെ ഒരു ഗോള്‍ മടക്കി. 64ാം മിനുട്ടിലെ ഈ ഗോള്‍ അവര്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നതായി. 

അതേസമയം മത്സരത്തില്‍ ഉജ്ജ്വല വിജയം സ്വന്തമാക്കിയെങ്കിലും ഗോള്‍ കീപ്പര്‍ അലിസണിന് പരുക്കേറ്റത് ലിവര്‍പൂളിന് കനത്ത തിരിച്ചടിയായി മാറി. 

നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി, കരുത്തരായ ടോട്ടനം ഹോട്‌സ്പര്‍ ടീമുകള്‍ ഇന്ന് ആദ്യ പോരിനിറങ്ങും. വൈകീട്ട് അഞ്ച് മണിക്ക് മാഞ്ചസ്റ്റര്‍ സിറ്റി വെസ്റ്റ് ഹാമുമായി ഏറ്റമുട്ടും. രാത്രി പത്തിനാണ് ടോട്ടനത്തിന്റെ പോരാട്ടം. ആസ്റ്റണ്‍ വില്ലയാണ് എതിരാളികള്‍. ക്രിസ്റ്റല്‍ പാലസ് എവര്‍ട്ടന്‍, ബേണ്‍ലി സതാംപ്ടന്‍, ബേണ്‍മൗത്ത് ഷെഫീല്‍ഡ് യുനൈറ്റഡ് ടീമുകളും ഇന്ന് കളത്തില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com