ഭിന്ന താത്പര്യങ്ങളില്ല; രാഹുല്‍ ദ്രാവിഡിന്റെ നിയമനത്തിന് അംഗീകാരം

മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ രാഹുല്‍ ദ്രാവിഡിനെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മേധാവിയായി നിയമിച്ച നടപടിക്ക് അംഗീകാരം
ഭിന്ന താത്പര്യങ്ങളില്ല; രാഹുല്‍ ദ്രാവിഡിന്റെ നിയമനത്തിന് അംഗീകാരം

മുംബൈ: മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ രാഹുല്‍ ദ്രാവിഡിനെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മേധാവിയായി നിയമിച്ച നടപടിക്ക് അംഗീകാരം. ബിസിസിഐയുടെ താത്കാലിക ഭരണ സമിതിയായ കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സാണ് നിയമനത്തെ അംഗീകരിച്ചത്. ദ്രാവിഡിന് ഭിന്ന താത്പര്യമൊന്നുമില്ലെന്നും സിഒഎ അംഗം ലഫ്. ജനറല്‍ രവി തോഗ്‌ഡെ വ്യക്തമാക്കി. ഇനി പന്ത് ബിസിസിഐയുടെ ഓംബുഡ്‌സ്മാനും എത്തിക്‌സ് ഓഫീസറുമായ (റിട്ട) ജസ്റ്റിസ് ഡികെ ജെയ്‌നിന്റെ കോര്‍ട്ടിലാണെന്നും തോഗ്‌ഡെ പറഞ്ഞു.

ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ ദ്രാവിഡ് ഇന്ത്യ സിമന്റ്‌സ് വൈസ് പ്രസിഡന്റ് പദവിയും വഹിക്കുന്നത് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഡികെ ജെയ്‌നാണ് ദ്രാവിഡിന് നോട്ടീസ് നല്‍കിയത്. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗം സഞ്ജീവ് ഗുപ്ത നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഡികെ ജെയ്ന്‍, ദ്രാവിഡിനോട് വിശദീകരണം തേടിയത്. 

പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് ദ്രാവിഡിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഓഗസ്റ്റ് 16നകം അദ്ദേഹം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന് ഡികെ ജെയ്ന്‍ പറഞ്ഞു. 

ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മേധാവിയായി നിയമിക്കുമ്പോള്‍ ഇന്ത്യ സിമന്റ്‌സിലെ ജോലി രാജി വയ്ക്കുകയോ ലീവില്‍ പ്രവേശിക്കുകയോ വേണമെന്നായിരുന്നു ദ്രാവിഡിനോട് സിഒഎ ആവശ്യപ്പെട്ടത്. ജോലി രാജി വയ്ക്കുന്നതിന് പകരം ദ്രാവിഡ് ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കുകയാണുണ്ടായത്. ഇതിനെ തുടര്‍ന്നാണ് സഞ്ജീവ് ഗുപ്ത ഓംബുഡ്‌സ്മാന് പരാതി നല്‍കിയത്.

അതേസമയം രാഹുലിന്റെ കാര്യത്തില്‍ ഭിന്ന താത്പര്യങ്ങള്‍ ഒന്നും തന്നെയില്ലെന്ന് രവി തോഗ്‌ഡെ വ്യക്തമാക്കി. നോട്ടീസ് ലഭിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ നിയമനത്തിനുള്ള തടസങ്ങള്‍ നീക്കം ചെയ്തു. തങ്ങള്‍ക്ക് ഭിന്ന താത്പര്യമൊന്നും കണ്ടെത്താനായില്ല. ഓംബുഡ്‌സ്മാന്‍ അത്തരത്തില്‍ ഭിന്ന താത്പര്യങ്ങള്‍ എന്തെങ്കിലും കണ്ടെത്തുകയാണെങ്കില്‍ അതിന് വിശദീകരണം നല്‍കുമെന്നും തോഗ്‌ഡെ പറഞ്ഞു.

നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും വിവിഎസ് ലക്ഷ്മണും എതിരെ ഇതേ വിഷയത്തില്‍ ഡികെ ജെയ്ന്‍ നോട്ടീസ് അയച്ചിരുന്നു. സമാന രീതിയില്‍ ദ്രാവിഡിനും നോട്ടീസയച്ചതിനെതിരെ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയും മുന്‍ താരം ഹര്‍ഭജന്‍ സിങും രംഗത്ത് വന്നിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ ദൈവം രക്ഷിക്കട്ടെ എന്നാണ് ഗാംഗുലിയും ഹര്‍ഭജനും പ്രതികരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com