നെയ്മറിന് വേണ്ടി റാക്കിറ്റിച് യുവന്റസിലേക്ക്? വിജയിക്കുമോ ബാഴ്‌സലോണയുടെ തന്ത്രം

പാരിസ് സെന്റ് ജെര്‍മെയ്ന്‍ താരം നെയ്മറിനെ ആര് സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങള്‍ ചോദ്യ രൂപത്തില്‍ പരക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി
നെയ്മറിന് വേണ്ടി റാക്കിറ്റിച് യുവന്റസിലേക്ക്? വിജയിക്കുമോ ബാഴ്‌സലോണയുടെ തന്ത്രം

മാഡ്രിഡ്: പാരിസ് സെന്റ് ജെര്‍മെയ്ന്‍ താരം നെയ്മറിനെ ആര് സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങള്‍ ചോദ്യ രൂപത്തില്‍ പരക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. സ്പാനിഷ് അതികായന്‍മാരായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും ഇക്കാര്യത്തില്‍ മത്സരത്തോളം പോന്ന ആവേശവുമായി രംഗത്തുള്ളതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ഈ വിഷയത്തില്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തു വരികയാണ്. സ്പാനിഷ് മാധ്യമമായ ഡോണ്‍ ബലോണാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ബാഴ്‌സലോണ ഉടന്‍ തന്നെ നെയ്മറുമായി കരാറിലെത്തുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

മധ്യനിര താരമായ ക്രൊയേഷ്യയുടെ ഇവാന്‍ റാക്കിറ്റിചിനെ ഒഴിവാക്കി നെയ്മറിനെ എത്തിക്കുകയാണ് ബാഴ്‌സ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. റാക്കിറ്റിച് യുവന്റസിലേക്ക് പോകാനാണ് താത്പര്യപ്പെടുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം പന്ത് തട്ടാനും റാക്കിറ്റിച് ആഗ്രഹിക്കുന്നുണ്ട്. 

നിലവില്‍ ബാഴ്‌സലോണയുടെ പ്ലെയിങ് ഇലവനില്‍ ഇപ്പോള്‍ റാക്കിറ്റിചിന് സ്ഥാനം ഉറപ്പില്ലാത്ത അവസ്ഥയാണ്. ഡച്ച് മാന്ത്രികന്‍ ഫ്രാങ്കി ഡി ജോങ്, സെര്‍ജിയോ ബുസ്‌ക്കറ്റ്‌സ് എന്നിവരുടെ സ്ഥാനം ഉറപ്പാണ്. മൂന്നാം സ്ഥാനത്തേക്ക് റാക്കിറ്റിചിന് പുറമെ ആര്‍തര്‍ മെലോ, ആര്‍തുറോ വിദാല്‍, കാര്‍ലസ് അലന, റിക്വി പ്യുഗ് എന്നിവരുണ്ട്. അതുകൊണ്ടു തന്നെ റാക്കിറ്റിച് പലപ്പോഴും പകരക്കാരനായി മാറേണ്ട അവസ്ഥയാണ് നിലവിലുള്ളത്. 

റാക്കിറ്റിചിനെ കൈമാറുന്നതിലൂടെ ലഭിക്കുന്ന തുകയുപയോഗിച്ച് നെയ്മറിനെ വാങ്ങാനുള്ള ശ്രമം ഊര്‍ജിതമാക്കുകയാണ് ബാഴ്‌സലോണ മുന്നില്‍ കാണുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com