മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് എന്താണ് സംഭവിക്കുന്നത്; രണ്ടാം ഡിവിഷനിലേക്ക് തരംതാഴുമോ?

2013ല്‍ ഫെര്‍ഗൂസന്‍ പടിയിറങ്ങിയ അന്ന് മുതല്‍ ടീമിന്റെ ഗ്രാഫ് താഴോട്ടാണ്
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് എന്താണ് സംഭവിക്കുന്നത്; രണ്ടാം ഡിവിഷനിലേക്ക് തരംതാഴുമോ?

ലണ്ടന്‍: ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ഫുട്‌ബോള്‍ ക്ലബ് ഏതെന്ന് ചോദിച്ചാല്‍ കണ്ണടച്ച് പറയാവുന്ന ഉത്തരം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നായിരുന്നു. ആ പെരുമ യുനൈറ്റഡിന് നഷ്ടമാകുന്നോ എന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയം. ട്രോഫികളുടെ മികവ് കൊണ്ടും ആരാധകരുടെ പിന്തുണ കൊണ്ടും സാമ്പത്തിക കരുത്തിനാലും വിപണി മൂല്യത്തിലും ഒക്കെ അവര്‍ ലോകത്തെ മറ്റേതൊരു ഫുട്‌ബോള്‍ ടീമിനേയും കവച്ചു വയ്ക്കുന്നവരായിരുന്നു. 

സര്‍ അലക്‌സ് ഫെര്‍ഗൂസനെന്ന ഇതിഹാസ പരിശീലകന്‍ നീണ്ട 27 വര്‍ഷക്കാലം ടീമിനെ പരിശീലിപ്പിച്ചപ്പോള്‍ അവര്‍ വെട്ടിപ്പിടിക്കാത്ത നേട്ടങ്ങളില്ല. 2013ല്‍ ഫെര്‍ഗൂസന്‍ പടിയിറങ്ങിയ അന്ന് മുതല്‍ ടീമിന്റെ ഗ്രാഫ് താഴോട്ടാണ്. അതിനിടെ ഡേവിഡ് മോയസ്, ലൂയീസ് വാന്‍ ഗാല്‍, മൗറീഞ്ഞോ, ഇടയ്ക്ക് റയാന്‍ ഗിഗ്‌സ് തുടങ്ങി നിരവധി പരിശീലകരും വന്നു. പക്ഷേ ടീമിന് പഴയ പ്രതാപം തിരിച്ചു പിടിക്കാന്‍ ആറ് വര്‍ഷമായിട്ട് കഴിയുന്നില്ല. 

കഴിഞ്ഞ ദിവസം ആസ്റ്റണ്‍ വില്ലയ്‌ക്കെതിരായ പോരാട്ടത്തില്‍ മാഞ്ചസ്റ്ററിന് സമനില വഴങ്ങേണ്ടി വന്നു. അതും സ്വന്തം മൈതാനമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍. 2-2നാണ് മത്സരം അവസാനിച്ചത്. 

മികച്ച താരങ്ങളുണ്ടായിട്ടും ഒരു തന്ത്രവും ക്ലിക്കാവാത്ത അവസ്ഥയാണ്. മൗറീഞ്ഞോയെ പുറത്താക്കിയപ്പോള്‍ പകരക്കാരനായി താത്കാലികമായി ചുമതലയേറ്റ മുന്‍ താരം കൂടിയായ ഒലെ സോള്‍ഷ്യറുടെ തന്ത്രങ്ങള്‍ കഴിഞ്ഞ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ടീമിനെ ഉണര്‍ത്തിയിരുന്നു. ഇതോടെ അദ്ദേഹത്തിന് സ്ഥിരം പരിശീലകന്റെ റോളും ലഭിച്ചു. എന്നാല്‍ ഈ സീസണില്‍ കാര്യങ്ങള്‍ അതി ദയനീയമാണ്. 

14 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ടീം ഒന്‍പതാം സ്ഥാനത്താണ്. ആകെയുള്ളത് നാല് വിജയങ്ങള്‍ മാത്രം. ആറ് മത്സരങ്ങള്‍ സമനില. നാല് തോല്‍വി. ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളുമായി 22 പോയിന്റ് വ്യത്യാസം. ഒരുവേള ഈ സ്ഥിതിയിലാണ് പോകുന്നതെങ്കില്‍ രണ്ടാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെട്ടാലും അത്ഭുതപ്പെടാനില്ല. കാരണം നിലവില്‍ 18ാം സ്ഥാനത്ത് റെലഗേഷന്‍ ഭീഷണിയില്‍ നില്‍ക്കുന്ന സതാംപ്ടനുമായി മാഞ്ചസ്റ്ററിന്റെ വ്യത്യാസം കേവലം ആറ് പോയിന്റ് മാത്രമാണ്. 

ടീമിന്റെ പ്രകടനം സോള്‍ഷ്യറുടെ പരിശീലക സ്ഥാനത്തിന് കനത്ത ഭീഷണിയായി മാറിയിരിക്കുകയാണിപ്പോള്‍. സോള്‍ഷ്യറെ പുറത്താക്കണമെന്ന് ഒരു വിഭാഗം ആരാധകര്‍ ഇപ്പോള്‍ തന്നെ മുറവിളിയുമായി രംഗത്തെത്തി കഴിഞ്ഞു. ടോട്ടനം ഹോട്‌സ്പറിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട മൗറീസിയോ പൊചെറ്റിനോയെ ടീമിലെത്തിക്കണമെന്നാണ് അവരുടെ ഇപ്പോഴത്തെ ആവശ്യം. 

ഒലെഔട്ട്, പോച്ഇന്‍ എന്നീ ഹാഷ്ടാഗുകളുമായി ആരാധകര്‍ രംഗത്തുണ്ട്. അടുത്ത രണ്ട് മത്സരങ്ങള്‍ ടീമിനും പരിശീലകനും ഏറെ നിര്‍ണായകമാണ്. ഒരു മത്സരം മൗറീഞ്ഞോ പരിശീലിപ്പിക്കുന്ന ടോട്ടനവുമായാണ്. മറ്റൊരു മത്സരം മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള നാട്ടങ്കവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com