ഉയര്‍ന്ന അടിസ്ഥാന വിലയാണ്, പക്ഷേ അണ്‍സോള്‍ഡ് ആയേക്കും; ഭീഷണി അഞ്ച് പ്രമുഖ താരങ്ങള്‍ക്ക്

ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടി രൂപയും, 1.5 കോടി രൂപയുമുള്ള ഈ താരങ്ങള്‍ക്ക് വേണ്ടി എത്ര രൂപ ഇറക്കാന്‍ ടീമുകള്‍ തയ്യാറാവും?
ഉയര്‍ന്ന അടിസ്ഥാന വിലയാണ്, പക്ഷേ അണ്‍സോള്‍ഡ് ആയേക്കും; ഭീഷണി അഞ്ച് പ്രമുഖ താരങ്ങള്‍ക്ക്

ഡിസംബര്‍ 19ന് താര ലേലം നടക്കുമ്പോള്‍ വമ്പന്‍ പേരുകള്‍ക്ക് എത്ര വില വീഴും എന്നതാണ് ആരാധകരെ ആകാംക്ഷയിലാഴ്ത്തുന്ന ഒന്ന്. മാക്‌സ്വെല്‍, ആരോണ്‍ ഫിഞ്ച്, ക്രിസ് ലിന്‍, ഡെയ്ല്‍ സ്റ്റെയ്ന്‍, റോബിന്‍ ഉത്തര്ര എന്നിവരുടെ പേരുകള്‍ താര ലേലത്തിനെത്തുമ്പോള്‍ ഫ്രാഞ്ചൈസികളുടെ പ്രതികരണമാണ് നിര്‍ണായകം. 

ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടി രൂപയും, 1.5 കോടി രൂപയുമുള്ള ഈ താരങ്ങള്‍ക്ക് വേണ്ടി എത്ര രൂപ ഇറക്കാന്‍ ടീമുകള്‍ തയ്യാറാവും? ഇവരില്‍ പലരും കഴിഞ്ഞ സീസണില്‍ വലിയ തുക സ്വന്തമാക്കിയിട്ടും ടീമിന് വേണ്ടി മികവ് പുലര്‍ത്താത്തവരാണ്. ഉയര്‍ന്ന അടിസ്ഥാന വിലയുള്ള ഈ താരങ്ങളില്‍ പലരേയും ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കാന്‍ വിസമതിച്ചേക്കും. അങ്ങനെ അണ്‍സോള്‍ഡ് ആവാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍...

ഷോണ്‍ മാര്‍ഷ്

1.5 കോടി രൂപയാണ് ഷോണ്‍ മാര്‍ഷിന്റെ അടിസ്ഥാന വില. കഴിഞ്ഞ സീസണില്‍ 2 കോടി രൂപയായിരുന്നു ഇത്. എന്നാല്‍ അന്ന് ഷോണ്‍ മാര്‍ഷിനെ സ്വന്തമാക്കാന്‍ ടീമുകള്‍ തയ്യാറായില്ല. ഈ താര ലേലത്തിലും അത് തന്നെ ആവര്‍ത്തിക്കാനാണ് സാധ്യത. മാര്‍ഷ് അവസാനമായി ഐപിഎല്‍ കളിച്ച 2018ല്‍ 30 ആണ് താരത്തിന്റെ ബാറ്റിങ് ശരാശരി. ഐപിഎല്ലിലെ മൊത്തം ശരാശരി 39.95. 

പത്ത് വര്‍ഷംം കിങ്‌സ് ഇലവന് വേണ്ടി കളിച്ച മാര്‍ഷിനെ 2018ല്‍ ടീം റിലീസ് ചെയ്തു. പിന്നെ വന്ന രണ്ട് സീസണിലേക്കും താരത്തിനെ സ്വന്തമാക്കാന്‍ ടീമുകള്‍ തയ്യാറായില്ല. ഇത്തവണയും മാര്‍ഷിന് നറുക്ക് വീണേക്കില്ല. 

എയ്ഞ്ചലോ മാത്യൂസ്

ക്ലാസും കഴിവുമുണ്ടെങ്കിലും ഐപിഎല്ലില്‍ ക്ലിക്കാവാന്‍ ലങ്കന്‍ താരം എയ്ഞ്ചലോ മാത്യൂസിനായിട്ടില്ല. നിരാശാജനകമായ ഐപിഎല്‍ കരിയറാണ് മാത്യൂസിന്റേത്. കൊല്‍ക്കത്ത, പുനെ, ഡെല്‍ഹി എന്നിവര്‍ക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്. 

49 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചതില്‍ നിന്ന് 724 റണ്‍സാണ് 23.35 ബാറ്റിങ് ശരാശരിയില്‍ താരത്തിന് നേടാനായത്. വീഴ്ത്തിയത് 27 വിക്കറ്റും. നിര്‍ണായക ഘട്ടങ്ങളില്‍ പരാജയപ്പെടുന്നതാണ് ലങ്കന്‍ മുന്‍ നായകന്റെ പോരായ്മ. നിലവില്‍ ബൗളിങ്ങില്‍ മാത്യൂസ് വലിയ ശ്രദ്ധ കൊടുക്കാത്തത് താരത്തിലുള്ള ഫ്രാഞ്ചൈസികളുടെ താത്പര്യം കെടുത്തും. 

ഡേവിഡ് വില്ലി

ട്വന്റി20ക്ക് ഇണങ്ങുന്ന കളിക്കാരനാണ് ഡേവിഡ് വില്ലി. ന്യൂബോളില്‍ സ്വിങ് കണ്ടെത്താന്‍ സാധിക്കുന്നതും, വിക്കറ്റ് വീഴ്ത്തുന്നതിലെ മികവും താരത്തിന്റെ പ്ലസ് ആണ്. ഏത് ബാറ്റിങ് പൊസിഷനില്‍ കളിക്കാനും ഇണങ്ങാനും സാധിക്കുന്നു എന്നതും ഡേവിഡ് വില്ലിയുടെ പ്രത്യേകതയാണ്. ഇതെല്ലാം മനസില്‍ വെച്ചായിരുന്നു പരിക്കേറ്റ കേദാര്‍ ജാദവിന് പകരം ചെന്നൈ ഡേവിഡ് വില്ലിയെ ടീമില്‍ എത്തിക്കുന്നത്. 

എന്നാല്‍ അവിടെ മികവ് കാണിക്കാന്‍ താരത്തിനായില്ല. തൊട്ടടുത്ത സീസണിലും വില്ലിയെ ചെന്നൈ ടീമില്‍ നിലനിര്‍ത്തിയെങ്കിലും വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തി താരം പിന്‍വാങ്ങി. നിലവില്‍ ചെന്നൈ റിലീസ് ചെയ്ത വില്ലിക്ക് വേണ്ടി മറ്റ് ടീമുകള്‍ മുന്‍പോട്ട് വരാന്‍ സാധ്യതയില്ല. 

മിച്ചല്‍ മാര്‍ഷ്

ഓസീസ് ക്രിക്കറ്റിന്റെ ഭാവിയെന്ന് വിശേഷിപ്പിക്കപ്പെട്ട താരമായിരുന്നു മിച്ചല്‍ മാര്‍ഷ്. പക്ഷേ പ്രതീക്ഷക്കൊത്ത് ഉയരാന്‍ താരത്തിനായില്ല. 2010ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിന് വേണ്ടിയും, 2011 മുതല്‍ 2014 വരെ പുനെ വാരിയേഴ്‌സിന് വേണ്ടിയും മാര്‍ഷ് കളിച്ചു. 2016, 2017ല്‍പുനെയ്‌ക്കൊപ്പമായിരുന്നു താരം. 

20 കളിയില്‍ നിന്ന് 225 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ബാറ്റിങ് ശരാശരി 18.75. വീഴ്ത്തിയത് 20 വിക്കറ്റും. ഈ കണക്കുകള്‍ വെച്ച് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ മാര്‍ഷിന് വേണ്ടി മുന്നോട്ട് വരാന്‍ സാധ്യതയില്ല. 

ജോഷ് ഹസല്‍വുഡ്

ഓസീസ് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നട്ടെല്ലാണ് ഹസല്‍വുഡ് കഴിഞ്ഞ കുറച്ച് നാളുകളായി. ഐപിഎല്ലില്‍ ഹസല്‍വുഡിന് പരിചയമില്ല. ട്വന്റി20 ക്രിക്കറ്റില്‍ നിന്നും പരിക്കും മറ്റ് കാരണങ്ങളും മുന്‍ നിര്‍ത്തി മാറി നില്‍ക്കുന്ന പ്രകൃതവുമാണ് താരത്തിന്റേത്. ഈ സാഹചര്യത്തില്‍ ഹസല്‍വുഡിനെ ടീമിലെടുത്ത് ഫ്രാഞ്ചൈസികള്‍ പരീക്ഷണത്തിന് മുതിര്‍ന്നേക്കില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com