സെഞ്ച്വറിയുമായി ഹിറ്റ്മാന്‍, രാഹുലിനും ശതകം; നേരിട്ട ആദ്യ പന്തില്‍ തന്നെ കോഹ്‌ലി വീണു; 250 കടന്ന് ഇന്ത്യ

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്
സെഞ്ച്വറിയുമായി ഹിറ്റ്മാന്‍, രാഹുലിനും ശതകം; നേരിട്ട ആദ്യ പന്തില്‍ തന്നെ കോഹ്‌ലി വീണു; 250 കടന്ന് ഇന്ത്യ

വിശാഖപട്ടണം: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. ഓപണര്‍മാരായ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ എന്നിവരുടെ കിടയറ്റ സെഞ്ച്വറികളുടെ കരുത്തില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെന്ന നിലയിലാണ്. കെഎല്‍ രാഹുല്‍, വിരാട് കോഹ്‌ലി എന്നിവരാണ് പുറത്തായത്. രോഹിതിനൊപ്പം ആറ് റണ്ണുമായി ശ്രേയസ് അയ്യരാണ് ക്രീസില്‍. 

ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീഴ്ത്താന്‍ വിന്‍ഡീസിന് 227 റണ്‍സ് വരെ കാക്കേണ്ടി വന്നു. രോഹിതിനൊപ്പം ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് രാഹുല്‍ മടങ്ങിയത്. അല്‍സാരി ജോസഫാണ് രാഹുലിനെ മടക്കി വിന്‍ഡീസിനെ കളിയിലേക്കെത്തിച്ചത്. രണ്ടാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ നേരിട്ട ആദ്യ പന്തില്‍ തന്നെ പൊള്ളാര്‍ഡ് മടക്കി. 

കരിയറിലെ 28ാം ഏകദിന സെഞ്ച്വറിയാണ് രോഹിത് വിശാഖപട്ടണത്ത് നേടിയത്. 2019ല്‍ താരം നേടുന്ന ഏഴാം സെഞ്ച്വറിയുമാണിത്. 127 പന്തില്‍ 16 ഫോറും മൂന്ന് സിക്‌സും സഹിതം 137 റണ്‍സുമായി രോഹിത് പുറത്താകാതെ നില്‍ക്കുന്നു. 

103 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സും സഹിതമാണ് രാഹുലിന്റെ ശതകം. 102 റണ്‍സുമായി രാഹുല്‍ മടങ്ങി. കരിയറിലെ മൂന്നാം ഏകദിന സെഞ്ച്വറിയാണ് രാഹുല്‍ നേടിയത്. 

നേരത്തെ ടോസ് ഭാഗ്യം ഇത്തവണയും വെസ്റ്റിന്‍ഡീസ് നായകന്‍ കെയ്‌റോണ്‍ പൊള്ളാര്‍ഡിനെ തുണച്ചു. വിന്‍ഡീസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ശിവം ദുബെ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com