'ഹിന്ദുവാണെന്ന കാരണത്താല്‍ ഒപ്പം ഭക്ഷണം കഴിക്കാന്‍ പോലും കൂട്ടാക്കിയില്ല'; പാക് ടീമില്‍ ഡാനിഷ് കനേരിയ അനുഭവിച്ചത് സമാനതകളില്ലാത്ത വിവേചനമെന്ന് അക്തര്‍

ഹിന്ദുവാണെന്ന ഒറ്റ കാരണത്താലാണ് അയാള്‍ സഹതാരങ്ങളില്‍ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നത് 
'ഹിന്ദുവാണെന്ന കാരണത്താല്‍ ഒപ്പം ഭക്ഷണം കഴിക്കാന്‍ പോലും കൂട്ടാക്കിയില്ല'; പാക് ടീമില്‍ ഡാനിഷ് കനേരിയ അനുഭവിച്ചത് സമാനതകളില്ലാത്ത വിവേചനമെന്ന് അക്തര്‍


പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനുളളിലെ മതവിവേചനത്തെ കുറിച്ച് വെളിപ്പെടുത്തലുമായി മുന്‍ താരം ഷൊഹൈബ് അക്തര്‍. ഹിന്ദുമതവിശ്വാസിയായ  ഡാനിഷ് കനേരിയ നേരിട്ട ദുരനുഭവങ്ങളെ കുറിച്ചാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദശകത്തില്‍ പാകിസ്ഥാന്‍ ടീമില്‍ ഇടം നേടിയ ഏക ഹിന്ദുവാണ് ഡാനീഷ് കനേരിയ. ഒരു ചാനല്‍ പരിപാടിയ്ക്കിടെയായാണ് ഇക്കാര്യം അക്തര്‍ തുറന്നു പറഞ്ഞത്.

ഹിന്ദുവാണെന്ന ഒറ്റ കാരണത്താലാണ് അയാള്‍ സഹതാരങ്ങളില്‍ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നത്. കനേരിയ്‌ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോലും ഒപ്പമുള്ളവര്‍ തയ്യാറായില്ല അക്തര്‍ പറഞ്ഞു. അക്തര്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് ഡാനിഷ് കനേരിയയും അഭിപ്രായപ്പെട്ടു. ഞാന്‍ ഒരു ഹിന്ദു ആയതിനാല്‍ എന്നോട് സംസാരിക്കാന്‍പോലും സഹകളിക്കാര്‍ തയ്യാറായില്ല. അവരുടെ പേരുകള്‍ ഞാന്‍ വെളിപ്പെടുത്തും. അന്ന് എനിക്ക് അത് തുറന്നു പറയാന്‍ ധൈര്യമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ അതുചെയ്യുമെന്നും കനേരിയ പറഞ്ഞു.

ഹിന്ദുവാണെന്ന കാരണത്താല്‍ നിരവധി തവണ പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ മോശമായി പെരുമാറിയതിന്റെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയുമെന്ന് അക്തര്‍ പറഞ്ഞു. 'ഗെയിം ഓണ്‍ ഹായ്' എന്ന  ക്രിക്കറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു അക്തര്‍. എന്റെ കരിയറില്‍, കറാച്ചി, പഞ്ചാബ്, പെഷവാര്‍ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധിയാളുകളുമായി തര്‍ക്കിക്കേണ്ടി വന്നതായും അക്തര്‍ പറഞ്ഞു. എന്തിനാണ് ഹിന്ദുവായ താങ്കള്‍ ഞങ്ങള്‍ക്കൊപ്പം കളിക്കുന്നതെന്ന് പോലും കനേരിയയോട് ചില താരങ്ങള്‍ ചോദിച്ചതായി അക്തര്‍ പറയുന്നു. 

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ അനില്‍ ദല്‍പാത്തിന് ശേഷം എത്തിയ രണ്ടാമത്തെ ഹിന്ദുവായിരുന്നു കനേരിയ. അനില്‍ദല്‍പാത്തിന്റെ ബന്ധുകൂടിയാണ് കനേരിയ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com