2019 ലോകകപ്പില്‍ ഓര്‍ക്കാനെന്തുണ്ട്? കഴിഞ്ഞ ഐപിഎല്ലിലോ? ദാ, ഇത്രയുള്ളു!

ഇംഗ്ലണ്ടായിരുന്നു 2019 ലോകകപ്പിലേ ഫേവറിറ്റുകള്‍. പക്ഷേ ഒരു വേള സെമി കാണാതെ പുറത്തേക്ക് പോകുമെന്ന ഘട്ടമെത്തി
2019 ലോകകപ്പില്‍ ഓര്‍ക്കാനെന്തുണ്ട്? കഴിഞ്ഞ ഐപിഎല്ലിലോ? ദാ, ഇത്രയുള്ളു!

പൊതു തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് മത്സരങ്ങള്‍ ഇന്ത്യയ്ക്ക് പുറത്തേക്ക് കൊണ്ടുപോകുമോ എന്ന ആശങ്കയിലായിരുന്നു ഐപിഎല്‍ ആരംഭിച്ചത്. ലോകകപ്പാവട്ടെ കാലംതെറ്റി പെയ്ത മഴയില്‍ നനഞ്ഞു കുതിര്‍ന്നു. പക്ഷേ രണ്ടും അവസാനിച്ചത് മറക്കാനാവാത്ത നിമിഷങ്ങളുമായാണ്. 2019ല്‍ ക്രിക്കറ്റ് ലോകം കണ്ട രണ്ട് ഫൈനലുകളും ഒന്നൊന്നര ഫൈനലുകളായിരുന്നു. 

ഇംഗ്ലണ്ടായിരുന്നു 2019 ലോകകപ്പിലേ ഫേവറിറ്റുകള്‍. പക്ഷേ ഒരു വേള സെമി കാണാതെ പുറത്തേക്ക് പോകുമെന്ന ഘട്ടമെത്തി. എന്നാല്‍ നാല് മത്സരങ്ങള്‍ തുടരെ ജയിച്ച് കിരീടത്തില്‍ മുട്ടമിട്ടു. ലോകകപ്പ് പോര് കടുപ്പമായത് ഗ്രൂപ്പ് സ്റ്റേജിന്റെ രണ്ടാം ഘട്ടത്തിലാണ്. ഇംഗ്ലണ്ടിനെ വീഴ്ത്തി ശ്രീലങ്ക. പ്രവചിക്കാനാവാത്ത വിധം പാകിസ്ഥാന്റെ കളി. ഗ്രൂപ്പ് ഘട്ടത്തിന്റെ അവസാനം വരെ ആകാംക്ഷ. 

എത്രമാത്രം കടുപ്പമേറിയതായിരുന്നു ലോകകപ്പ് മത്സരങ്ങള്‍ എന്ന് ടീമുകള്‍ ജയിച്ചു കയറിയ മാര്‍ജിന്‍ നോക്കിയാല്‍ വ്യക്തമാകും. 12 കളികളില്‍ 25ല്‍ താഴെയായിരുന്നു മാര്‍ജിന്‍. അതല്ലെങ്കില്‍ മൂന്ന് വിക്കറ്റില്‍ താഴെയുള്ള ജയം. ഇംഗ്ലണ്ട് ലോകകപ്പിലെ 29.54 ശതമാനം മത്സരങ്ങളും ക്ലോസ് എന്‍കൗണ്ടറുകളായിരുന്നു. 

ആദ്യം ബാറ്റ് ചെയ്യുന്ന ടീമുകളെ തുണച്ച് പിച്ചുകള്‍

2019 ലോകകപ്പില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമുകള്‍ക്കായിരുന്നു മുന്‍തൂക്കം. 44 കളിയില്‍ 28ലും ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ചു. ശരാശരി എടുത്താല്‍ 63.63 ശതമാനം. 1987ല്‍ ഇത് 70.37 ശതമാനമായിരുന്നു. 2015ല്‍ 50 ശതമാനവും. 266.26 റണ്‍സാണ് ഇംഗ്ലണ്ട് ലോകകപ്പിലെ ശരാശരി സ്‌കോര്‍. 

സ്ലോ പിച്ചുകളും ലോകകപ്പ് എന്ന സമ്മര്‍ദ്ദവും ചെയ്‌സ് ചെയ്ത ടീമുകളെ വലച്ചു. 2007 ലോകകപ്പില്‍ 4.95 ആയിരുന്നു റണ്‍റേറ്റ്. 2015ല്‍ ഇത് 5.65ലേക്ക് ഉയര്‍ന്നു. പക്ഷേ 2019ല്‍ എത്തിയപ്പോള്‍ 5.59ലേക്ക് റണ്‍റേറ്റ് താഴ്ന്നു. 

മികച്ച ബാറ്റിങ് ഇംഗ്ലണ്ടിന്റേത്

2015 ലോകകപ്പിലേത് പോലെ ഇംഗ്ലണ്ട് ലോകകപ്പിലും കീവീസിന്റെ ബൗളിങ് നിരയായിരുന്നു ഏറ്റവും മികച്ചത്. ലോകകപ്പിലെ കീവീസ് ബൗളിങ്ങിന്റെ ശരാശരി 27.86 ആണ്. വിക്കറ്റ് വീഴ്ത്തുന്നതിലെ അവരുടെ സ്‌ട്രൈക്ക് റേറ്റ് 34.1. വിക്കറ്റ് വീഴ്ത്തുന്നതിലും റണ്‍സ് വഴങ്ങുന്നതിലും കീവീസ് ബൗളര്‍മാര്‍ ഇംഗ്ലണ്ടില്‍ പിശുക്കി. 

4.89 ആണ് കീവീസ് ബൗളര്‍മാരുടെ സ്‌ട്രൈക്ക് റേറ്റ്. തൊട്ടുപിന്നിലുള്ള ഇംഗ്ലണ്ടിന്റേതാവത്തെ 5.11. 9 കളിയില്‍ നിന്ന് 21 വിക്കറ്റ് വീഴ്ത്തിയ ഫെര്‍ഗൂസനാണ് കീവീസിന്റെ ലോകകപ്പിലെ വിക്കറ്റ് വേട്ടയില്‍ മുന്‍പില്‍. ശരാശരി 19.47. ഫെര്‍ഗൂസനെ കൂടാതെ മറ്റ് മൂന്ന് കീവീസ് ബൗളര്‍മാര്‍ കൂടി ഇംഗ്ലണ്ട് ലോകകപ്പില്‍ 10ല്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തി. 

ബോള്‍ട്ട് 17, ഹെന്റി 14, നീഷാം 15 എന്നിങ്ങനെയാണ് കീവീസ് ബൗളര്‍മാരുടെ വിക്കറ്റ് വേട്ടയുടെ കണക്ക്. കീവീസിന്റെ അഞ്ച് ബൗളര്‍മാരുടെ ഇക്കണോമി റേറ്റ് 5ല്‍ താഴെയാണ്. ബാറ്റിങ്ങില്‍ ഒരിക്കല്‍ പോലും 300 തൊടാന്‍ ഇംഗ്ലണ്ടില്‍ കീവീസിനായില്ല. പക്ഷേ ബൗളിങ് ആക്രമണത്തിന്റെ കരുത്തില്‍ അവര്‍ കിരീടത്തിന് തൊട്ടടുത്തെത്തി. 

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ സ്റ്റോക്‌സ് പറന്നു പിടിച്ച ക്യാച്ച് 
സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ സ്റ്റോക്‌സ് പറന്നു പിടിച്ച ക്യാച്ച് 

ബാറ്റിങ് ശരാശരിയില്‍ ഇന്ത്യയ്ക്ക് പിന്നിലാണ് ഇംഗ്ലണ്ട്. ഏഴ് സെഞ്ചുറി, 17 അര്‍ധ സെഞ്ചുറി എന്നതാണ് ഇംഗ്ലണ്ട് കളിക്കാരുടെ കണക്ക്. സെഞ്ചുറിയില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഒപ്പത്തിനൊപ്പമാണ്. 100.45 ആണ് ഇംഗ്ലണ്ട് ടീമിന്റെ ബാറ്റിങ് സ്‌ട്രൈക്ക് റേറ്റ്. 2 ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാര്‍ 400ന് മുകളില്‍ സ്‌കോര്‍ കണ്ടെത്തി. ജാസന്‍ റോയും ബെന്‍ സ്‌റ്റോക്‌സും, രണ്ട് പേര് 500ന് മുകളിലും, ജോ റൂട്ടും, ബെയര്‍സ്‌റ്റോയും. 

4 സെഞ്ചുറി കൂട്ടുകെട്ടാണ് ബെയര്‍സ്‌റ്റോയും, റോയും ചേര്‍ന്ന് തീര്‍ത്തത്. അവരെ വെല്ലാന്‍ മറ്റാരുമില്ല. പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തിയത് ഇംഗ്ലണ്ട് ആണ്, 5.01. 5.67 റണ്‍റേറ്റുള്ള ശ്രീലങ്കയാണ് ഒന്നാമത്. 

500ന് മുകളില്‍ റണ്‍സ് കണ്ടെത്തിയത് ഏഴ് ബാറ്റ്‌സ്മാന്മാരാണ്. 9 ഇന്നിങ്‌സില്‍ നിന്ന് 648 റണ്‍സുമായി രോഹിത് ഒന്നാമത്. ശരാശരി 81. സ്‌ട്രൈക്ക് റേറ്റ് 98.33. അഞ്ച് സെഞ്ചുറി. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി എന്ന നേട്ടം.

കെയിന്‍ വില്യംസനാണ് ഇംഗ്ലണ്ട് ലോകകപ്പിന്റെ താരം. 82.57 എന്ന ബാറ്റിങ് ശരാശരിയില്‍ 578 റണ്‍സ്. കീവീസിന്റേതാണ് ഇംഗ്ലണ്ട് ലോകകപ്പിലെ ഏറ്റവും മോശം ഓപ്പണിങ് സഖ്യം. ഓപ്പണിങ്ങില്‍ അവരിങ്ങനെ പരാജയപ്പെടുമ്പോള്‍ തുടരെ രക്ഷാപ്രവര്‍ത്തനം വില്യംസണിന്റെ ചുമതലയായിരുന്നു. 

ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് മിച്ചല്‍ സ്റ്റാര്‍ക്ക് ആണ്. 10 കളിയില്‍ നിന്ന് 27 വിക്കറ്റ്. രണ്ട് വട്ടം അഞ്ച് വിക്കറ്റ് നേട്ടം. രണ്ട് വട്ടം നാല് വിക്കറ്റ് നേട്ടം. ഇത്രയും വിക്കറ്റ് ഒരു ലോകകപ്പ് എഡിഷനില്‍ വീഴ്ത്തിയിരിക്കുന്നത് സ്റ്റാര്‍ക് മാത്രം. 

ഓള്‍ റൗണ്ടര്‍മാരില്‍ ഷക്കീബ് അല്‍ ഹസനും, ബെന്‍ സ്റ്റോക്ക്‌സുമായിരുന്നു താരങ്ങള്‍. 606 റണ്‍സും 11 വിക്കറ്റുമാണ് ഷക്കീബ് വീഴ്ത്തിയത്. സ്‌റ്റോക്‌സ് ആവട്ടെ 7 വിക്കറ്റും, 465 റണ്‍സും പിന്നെ ലോക കിരീടവും. 

ഐപിഎല്ലിലേക്ക് എത്തുമ്പോള്‍ കളിക്കാര്‍ക്ക് ലോകകപ്പിന് മുന്‍പ് ഒരുങ്ങാനുള്ള വേദിയായിരുന്നു. ചാറ്റ് ഷോ തീര്‍ത്ത വിവാദങ്ങള്‍ നില്‍ക്കുമ്പോഴും ഹര്‍ദിക്കും കെ എല്‍ രാഹുലും മികവ് കാണിച്ച ഐപിഎല്‍. നാല്‍പതുകാരനായ ഇമ്രാന്‍ താഹീര്‍ പ്രായം ഒരു വിഷയമേ അല്ലെന്ന് തെളിയിച്ച ലോകകപ്പ്. 

കിങ്‌സ് 11 പഞ്ചാബ് പ്ലേഓഫ് കണ്ടില്ലെങ്കിലും ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി 593 റണ്‍സാണ് രാഹുല്‍ സ്‌കോര്‍ ചെയ്തത്. 692 റണ്‍സ് നേടി റണ്‍വേട്ട നടത്തിയ വാര്‍ണര്‍ക്ക് പിന്നില്‍ രാഹുലുണ്ട്. ഹര്‍ദിക്കിലേക്ക് വന്നപ്പോള്‍ 402 റണ്‍സ്. സ്‌ട്രൈക്ക് റേറ്റ് 191, പറത്തിയത് 29 സിക്‌സും, നേടിയത് 11 ക്യാച്ചും, 14 വിക്കറ്റും. 

ലോകകപ്പിന് മുന്‍പ് ഐപിഎല്ലിലും സ്റ്റോക്‌സിന്റെ തകര്‍പ്പന്‍ ക്യാച്ച് വന്നിരുന്നു. ജാദവിനെ പുറത്താക്കാന്‍ സ്റ്റോക്‌സ് എടുത്ത ക്യാച്ച്‌
ലോകകപ്പിന് മുന്‍പ് ഐപിഎല്ലിലും സ്റ്റോക്‌സിന്റെ തകര്‍പ്പന്‍ ക്യാച്ച് വന്നിരുന്നു. ജാദവിനെ പുറത്താക്കാന്‍ സ്റ്റോക്‌സ് എടുത്ത ക്യാച്ച്‌

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ നിന്നും തിരികെ എത്തി വാര്‍ണര്‍ ഒരു രക്ഷയുമില്ലാത്ത കളി പുറത്തെടുക്കുകയായിരുന്നു ഐപിഎല്ലില്‍. സ്മിത്ത് ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടനുഭവിച്ചിടത്ത് ഓരോ കളിയിലും തകര്‍ത്തു കളിക്കുകയായിരുന്നു ബെയര്‍സ്‌റ്റോയ്‌ക്കൊപ്പം വാര്‍ണര്‍. 25 വിക്കറ്റ് വീഴ്ത്തി റബാഡ പ്രതീക്ഷ കാത്തു. സൂപ്പര്‍ ഓവറില്‍ റസലിനെതിരെ റബാഡ എറിഞ്ഞ യോര്‍ക്കര്‍ ഇപ്പോഴും മനസില്‍ കൊണ്ടുനടക്കുന്നവരുണ്ടാകും. 

ഐപിഎല്‍ തുടങ്ങുന്നതിന് മുന്‍പ് ചഹലിലും, കുല്‍ദീപ് യാദവിലും വലിയ പ്രതീക്ഷയാണുണ്ടായത്. പക്ഷേ നാല്‍പതുകാരന്‍ ഇമ്രാന്‍ താഹിര്‍ ലെഗ് ബ്രേക്കുകളും, വേഗമേറിയ ഗൂഗ്ലികളുമായി കളം നിറഞ്ഞു. 26 വിക്കറ്റ് വീഴ്ത്തി പര്‍പ്പിള്‍ ക്യാപ്പും താഹീര്‍ എടുത്തു. 

2019 ഐപിഎല്‍ സീസണ്‍ റസല്‍ എന്ന വ്യക്തിയെ ഓര്‍ക്കാതെ പൂര്‍ണമാവില്ല. 510 റണ്‍സും 11 വിക്കറ്റുമാണ് റസല്‍ വീഴ്ത്തിയത്. അടിച്ചുപറത്തിയത് 52 പടുകൂറ്റന്‍ സിക്‌സുകളും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com