തലകുമ്പിട്ടിരുന്ന വില്യംസണോ, കണ്ണ് നനയിച്ച ധോനിയോ? അതോ സ്‌റ്റോക്‌സിന്റെ ഹീറോയിസമോ? പോയ വര്‍ഷം ഹൃദയം തൊട്ട നിമിഷം ഏതായിരുന്നു? 

ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ നിന്ന് അത്ര പെട്ടെന്നൊന്നും മാഞ്ഞുപോകാന്‍ ഇടയില്ലാത്ത 2019ലെ നിമിഷങ്ങള്‍ ...
തലകുമ്പിട്ടിരുന്ന വില്യംസണോ, കണ്ണ് നനയിച്ച ധോനിയോ? അതോ സ്‌റ്റോക്‌സിന്റെ ഹീറോയിസമോ? പോയ വര്‍ഷം ഹൃദയം തൊട്ട നിമിഷം ഏതായിരുന്നു? 

തൊരു വര്‍ഷവും പോലെ സംഭവ ബഹുലമായിരുന്നു ക്രിക്കറ്റ് ലോകത്തിന് 2019. ലോകകപ്പ് ആവേശം നിറച്ച വര്‍ഷം. ലോകകപ്പ് ഫൈനലും, ധോനിയുടെ റണ്‍ ഔട്ടും, ആഷസിലെ ബെന്‍ സ്‌റ്റോക്‌സിന്റെ ഹീറോയിസവും തുടങ്ങി ഒരുപാട് ഓര്‍മകള്‍ 2019 ക്രിക്കറ്റ് ലോകത്തിന് നല്‍കി...അവയില്‍ ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ നിന്ന് അത്ര പെട്ടെന്നൊന്നും മാഞ്ഞുപോകാന്‍ ഇടയില്ലാത്ത 2019ലെ നിമിഷങ്ങള്‍ ഇവയാണ്...

ആ ഓവര്‍ത്രോ....തലകുമ്പിട്ടിരിക്കുന്ന വില്യംസണ്‍

ലോര്‍ഡ്‌സില്‍ ലോകകപ്പ് ഫൈനല്‍. ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് മൂന്ന് പന്തില്‍ നിന്ന് 9 റണ്‍സ്. കളിയുടെ ഗതി തന്നെ മാറ്റി മറിച്ച് ഗപ്റ്റിലിന്റെ ഓവര്‍ ത്രോ. സ്‌റ്റോക്‌സിന്റെ ബാറ്റില്‍ കൊണ്ട് പന്ത് ബൗണ്ടറി ലൈന്‍ തൊട്ടു. നാല് എക്‌സ്ട്രാ റണ്‍സ് കൂടി കനിഞ്ഞു കിട്ടയതിന്റെ ബലത്തില്‍ ഇംഗ്ലണ്ട് കീവീസ് സ്‌കോറിനൊപ്പം പിടിച്ചു. സൂപ്പര്‍ ഓവറിലും ഇരുവരും ഒപ്പത്തിനൊപ്പം. ഇതോടെ ഇന്നിങ്‌സില്‍ കൂടുതല്‍ ബൗണ്ടറി നേടിയ ടീം എന്ന വിചിത്ര നിയമത്തിലൂന്നി ലോക കിരീടം ഇംഗ്ലണ്ടിന്റെ കൈകളിലേക്ക്. 

മൈതാനത്ത് തലകുമ്പിട്ടിരിക്കുന്ന കെയിന്‍ വില്യംസണിന്റെ മുഖമാണ് ക്രിക്കറ്റ് ലോകത്തെ 2019ല്‍ ഏറ്റവും അധികം വിഷമിപ്പിച്ചത്. 
26 ബൗണ്ടറിയാണ് ഇംഗ്ലണ്ട് താരങ്ങളുടെ ബാറ്റില്‍ നിന്ന് വന്നത്. കീവീസില്‍ നിന്ന് 17. 2019ല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത രണ്ട് കാര്യങ്ങളാണ് ഓവര്‍ ത്രോ നിയമവും, ബൗണ്ടറി എണ്ണി വിജയിയെ നിര്‍ണയിക്കുന്നതും. ഓവര്‍ത്രോയില്‍ നിന്നുള്ള എക്‌സ്ട്രാ റണ്‍സ് സ്വീകരിച്ചതിന് കെയ്ന്‍ വില്യംസിനോട് സ്‌റ്റോക്‌സ് മാപ്പ് ചോദിച്ചതും ക്രിക്കറ്റ് ലോകത്തിന്റെ ഹൃദയം കീഴടക്കി. 

മൂന്നിഞ്ച് അകലെ വീണ ഇന്ത്യ

ഇന്ത്യന്യൂസിലാന്‍ഡ് ലോകകപ്പ് സെമി. 48 ഓവറിലെ ആദ്യ പന്ത്. ഇംഗ്ലണ്ട് ലോകകപ്പിലെ ഏറ്റവും വേഗമേറിയ ബൗളറുടെ സ്ലോ ഷോര്‍ട്ട് ബോള്‍...ഔട്ട്‌സൈഡ് ഓഫായി എത്തിയ ഡെലിവറി കവറിന് മുകളിലൂടെയാണ് ധോനി ബൗണ്ടറി ലൈന്‍ തൊടീക്കാതെ പറത്തിയത്....ആ ഷോട്ടുതിര്‍ക്കാന്‍ ധോനി പ്രയോഗിച്ച കരുത്ത് നോക്കണം...ലോകകപ്പ് ഫൈനലിലേക്ക് ഇന്ത്യയ്ക്കുണ്ടായ അകലം മൂന്നിഞ്ചാണ്. 

ഗപ്റ്റിലിന്റെ ത്രോ സ്റ്റംപിളക്കിയപ്പോഴാകും ഒരുപക്ഷേ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വേദനിച്ചത്. ഒരു റണ്‍ വീതമെടുത്ത് ഇന്ത്യയുടെ പേരുകേട്ട ടോപ് 3 ഡ്രസിങ് റൂമിലേക്ക് മടങ്ങിയപ്പോള്‍ ധോനി-ജഡേജ സഖ്യമാണ് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയത്.

ഒന്നൊന്നര ഫൈനല്‍

എന്താണ് ഐപിഎല്‍ എന്ന് ചോദിച്ചാല്‍ 2019 ഐപിഎല്‍ ഫൈനല്‍ എന്ന് ഉത്തരം നല്‍കാം. അത്രയും നെഞ്ചിടിപ്പ് കൂട്ടി, മുള്‍ മുനയില്‍ നിര്‍ത്തിയൊരു ഫൈനല്‍... നാലാം കിരീടം എന്ന റെക്കോര്‍ഡ് രണ്ട് ടീമുകള്‍ക്കും മുന്‍പില്‍. അവിടെ അവസാന പന്തില്‍ ഷര്‍ദുല്‍ താക്കൂറിനെ മടക്കി മലിംഗ. ഐപിഎല്‍ കിരീടം നാലാം വട്ടം മുംബൈ ഇന്ത്യന്‍സിന്റെ കൈകളിലേക്ക്. ജയം ഒരേയൊരു റണ്‍സിന്...

അവിടേയും ധോനിയുടെ റണ്‍ ഔട്ട് നിര്‍ണായകമായിരുന്നു. 148 എന്ന താരതമ്യേന കുറഞ്ഞ ടോട്ടലാണ് മുംബൈ ഇവിടെ പ്രതിരോധിച്ചത്. പൊള്ളാര്‍ഡിന്റെ അവസാന ഓവറുകളിലെ വെടിക്കെട്ടാണ് ഈ ടോട്ടലിലേക്കെങ്കിലും മുംബൈ ഇന്ത്യന്‍സിനെ എത്തിച്ചത്. എന്നാല്‍ മറ്റൊരു കിരീട ജയത്തിലേക്ക് ഒറ്റയാള്‍ പോരാട്ടം നടത്തിയ ഷെയ്ന്‍ വാട്‌സന് ചെന്നൈയെ കരയ്ക്കടുപ്പിക്കാനായില്ല. അവസാന ഓവറിലെ നാലാമത്തെ ഡെലിവറിയില്‍ വാട്‌സന്‍ റണ്‍ ഔട്ടായില്ലായിരുന്നു എങ്കില്‍ ഒരുപക്ഷേ ജയം ചെന്നൈയ്‌ക്കൊപ്പം നില്‍ക്കുമായിരുന്നു. 

എന്തൊരു മനുഷ്യനാണ്....

കൂവലുകളും അസഭ്യവര്‍ഷവുമാണ് സ്റ്റീവ് സ്മിത്തിനെ ഇംഗ്ലണ്ടിലെ സ്റ്റേഡിയങ്ങളില്‍ കാത്തിരുന്നത്. ആഷസ് പരമ്പര അവസാനിച്ചപ്പോഴേക്കും അതെല്ലാം സ്മിത്ത് കയ്യടികളാക്കി മാറ്റി. തനിക്ക് നേരെ കൂവിയവരെ എഴുന്നേപ്പിച്ച് നിര്‍ത്തി കയ്യടിപ്പിച്ചു. 

774 റണ്‍സാണ് സ്മിത്ത് ഈ ആഷസില്‍ വാരിക്കൂട്ടിയത്. നാല് ടെസ്റ്റില്‍ നിന്ന് ബാറ്റിങ് ശരാശരി 110.57. മൂന്ന് സെഞ്ചുറി, ഒരു ഇരട്ട ശതകം, മൂന്ന് അര്‍ധ സെഞ്ചുറി. 21ാം നൂറ്റാണ്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന നേട്ടവും സ്മിത്ത് സ്വന്തമാക്കി. 

ലോകകപ്പില്‍ തീര്‍ന്നെന്ന് കരുതിയോ.....

ലോകകപ്പ് ഫൈനലോടെ ആ ഹീറോയിസം അവസാനിച്ചെന്ന് കരുതിയവര്‍ക്ക് തെറ്റി. ഒറ്റയാള്‍ പോരാട്ടത്തിന്റെ കരുത്ത് ഒരിക്കല്‍ കൂടി ലോകത്തിന് മുന്‍പില്‍ ബെന്‍ സ്റ്റോക്‌സ് കാട്ടിക്കൊടുത്തു. ഹെഡിങ്‌ലേയില്‍ കവറിലേക്ക് ബൗണ്ടറി പായിച്ച് ഒരിക്കല്‍ കൂടി വികാരാധീതനായി സ്റ്റോക്‌സ് ഗ്രൗണ്ടില്‍ മുട്ടുകുത്തി. ആ വിജയാഘോഷത്തിന് പക്ഷേ ലോര്‍ഡ്‌സിലേത് പോലെ കുറ്റബോധത്തിന്റെ ഭാരമുണ്ടായില്ല. 

ഒന്നാം ഇന്നിങ്‌സില്‍ 67 റണ്‍സിന് പുറത്തായ ടീം രണ്ടാം ഇന്നിങ്‌സില്‍ 362 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുക. വിജയ ലക്ഷ്യത്തിലേക്ക് എത്താന്‍ ഇംഗ്ലണ്ട് വിയര്‍ക്കുന്ന സമയം. 135 റണ്‍സാണ് ബെന്‍ സ്‌റ്റോക്‌സ് അടിച്ചെടുത്തത്. തന്റെ വിക്കറ്റ് കളയാതെ പിടിച്ചു നില്‍ക്കുക മാത്രമല്ല, അവസാന വിക്കറ്റില്‍ ജാക്ക് ലീച്ചിനൊപ്പം ചേര്‍ന്ന് 76 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്തായിരുന്നു ക്രിക്കറ്റ് ലോകം എന്നും ഓര്‍ത്തു വയ്ക്കുന്ന ജയത്തിലേക്ക് സ്‌റ്റോക്‌സ് ഇംഗ്ലണ്ടിനെ എത്തിച്ചത്. 

നെഞ്ചിടിപ്പ് കൂട്ടി കൊല്ലുന്ന രണ്ട് കൂട്ടര്‍

ആരാധകരെ മുള്‍ മുനയില്‍ നിര്‍ത്തുന്ന പതിവ് അങ്ങനെയൊന്നും അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറല്ലായിരുന്നു. നെഞ്ചിടിപ്പ് കൂട്ടുന്ന നിമിഷങ്ങളുമായി ഇംഗ്ലണ്ടും കീവീസും വീണ്ടുമെത്തി. അഞ്ചാം ട്വന്റി20യില്‍. പരമ്പര വിജയിയെ നിര്‍ണയിക്കുന്ന അവസാന കളിയില്‍. 

ലോര്‍ഡ്‌സില്‍ നമ്മള്‍ കണ്ടത് അക് ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ ആവര്‍ത്തിച്ചു. 2019ല്‍ ഒരിക്കല്‍ കൂടി തലകുമ്പിട്ടിരിക്കാനായിരുന്നു വില്യംസണിനും കൂട്ടര്‍ക്കും അവിടെ വിധി. 11 ഓവറില്‍ 146 റണ്‍സാണ് കീവീസ് ലോക ചാമ്പ്യന്മാര്‍ക്ക് മുന്‍പില്‍ വിജയ ലക്ഷ്യം വെച്ചത്. ഇംഗ്ലണ്ട് കട്ടയ്ക്ക് ഒപ്പം പിടിച്ചു. കളി സൂപ്പര്‍ ഓവറിലേക്ക്....

ഒരോവറില്‍ ഇംഗ്ലണ്ട് അടിച്ചെടുത്തത് 17 റണ്‍സ്. കീവീസ് പതറി, നേടാനായത് 8 റണ്‍സ് മാത്രം. ലോര്‍ഡ്‌സിലെ കണക്ക് വീട്ടാന്‍ കിട്ടിയ സുവര്‍ണാവസരം കീവീസ് പട വെറുതെ കളഞ്ഞു. അഞ്ച് ട്വന്റി20കളുടെ പരമ്പരയില്‍ ആദ്യ മൂന്നെണ്ണം കഴിയുമ്പോള്‍ 2-1 എന്ന നിലയില്‍ പിന്നിലായിരുന്നു ഇംഗ്ലണ്ട്. അഞ്ച് ട്വന്റി20 കഴിഞ്ഞപ്പോഴോ, 3-2ന് പരമ്പര പിടിച്ചു. 

ഇത് ഇന്ത്യന്‍ പേസ് യുഗം

വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യന്‍ പേസ് നിര വാര്‍ത്തകളില്‍ നിറഞ്ഞ വര്‍ഷമായിരുന്നു 2019. ഇഷാന്ത് ശര്‍മ, ബൂമ്ര, മുഹമ്മദ് ഷമി, ഭുവി, ഉമേഷ് യാദവ്...ടെസ്റ്റില്‍ ഇന്ത്യന്‍ ആധിപത്യം ഊട്ടിയുറപ്പിച്ച പേസ് ആക്രമണം. ഓസ്‌ട്രേലിയയില്‍ ചെന്ന് അവരെ വീഴ്ത്തി. ഓസീസ് മണ്ണിലെ ഇന്ത്യയുടെ ആദ്യ പരമ്പര ജയം. സൗത്ത് ആഫ്രിക്കയെ അവരുടെ മണ്ണില്‍ വെച്ച് വിറപ്പിക്കാനും നമ്മുടെ പേസ് നിരയ്ക്കായി. 

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ വിന്‍ഡിസ് ഇതിഹാസ പേസര്‍ മാല്‍കോം മാര്‍ഷലിനോടാണ് സുനില്‍ ഗാവസ്‌കര്‍ താരതമ്യപ്പെടുത്തിയത്. ഒരുവേള അകന്ന് നിന്ന പ്രതാപം വീണ്ടെടുത്താണ് ഇഷാന്ത് ശര്‍മ കൂരമ്പുകളുമായെത്തിയത്. ബൂമ്രയാവട്ടെ നിലവിലെ ഏറ്റവും മികച്ച ബൗളര്‍ എന്ന പേരുറപ്പിച്ചു. ബെഞ്ചില്‍ നവ്ദീപ് സെയ്‌നിയെ പോലൊരു ബൗളറോട് കാത്ത് നില്‍ക്കാന്‍ പറഞ്ഞാണ് ഇന്ത്യ 2019നോട് വിടപറയുന്നത്...

പ്രിയപ്പെട്ട ലാറ....കൂട്ടിനൊരാള്‍ക്കായി കാത്തിരിക്കണം...

ഇതിഹാസ താരം ബ്രയാന്‍ ലാറയ്ക്ക് ഒരു കൂട്ടെത്തുമെന്ന് തോന്നിച്ച വര്‍ഷമാണ് 2019. അഡ്‌ലെയ്ഡില്‍ ഡിക്ലയര്‍ ചെയ്യാന്‍ ഒരു മണിക്കൂര്‍ കൂടി ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്‍ കാത്തിരുന്നെങ്കില്‍ എന്ന് ഓരോ ക്രിക്കറ്റ് പ്രേമിയും പറഞ്ഞു പോയ നിമിഷം. പൂ പറിക്കുന്നത് പോലെ അനായാസമായി പാകിസ്ഥാനെതിരെ 335 റണ്‍സിലേക്ക് വാര്‍ണറെത്തിയ വര്‍ഷം.

ആഷസിലെ പത്ത് ഇന്നിങ്‌സില്‍ നിന്ന് കണ്ടെത്തിയത് 95 റണ്‍സ് മാത്രം. അതിന്റെ നിരാശയും പരിഭവവുമെല്ലാം വാര്‍ണര്‍ അഡ്‌ലെയ്ഡില്‍ ഒഴുക്കി കളഞ്ഞു. പന്ത് ചുരണ്ടലിന്റെ പേരില്‍ വന്ന് ചേര്‍ന്ന ചീത്തപ്പേരും പിന്നിലേക്ക് മാറ്റി ക്രിക്കറ്റ് ചരിത്രത്തിലേക്ക് മായ്ച്ചു കളയാനാവാത്ത വിധം തന്റെ പേര് എഴുതി ചേര്‍ത്തു വാര്‍ണര്‍. ബ്രാഡ്മാന്റെ 334 എന്ന സ്‌കോര്‍ വാര്‍ണര്‍ മറികടക്കും വരെ പെയ്ന്‍ കാത്തിരുന്നു. പക്ഷേ ഡേ ലൈറ്റില്‍ പേസര്‍മാര്‍ക്ക് പന്ത് നല്‍കാനായി പെയ്ന്‍ ബാറ്റ്‌സ്മാന്മാരെ തിരികെ വിളിച്ചപ്പോള്‍ കൂട്ടിനൊരാളിനായുള്ള 400ന്റെ കാത്തിരിപ്പ് തുടര്‍ന്നു...

ബല്ലാത്ത ജാതി ഇംഗ്ലണ്ട്

ലോക ചാമ്പ്യന്മാര്‍ എന്ന പ്രതാപവുമായി ഇംഗ്ലണ്ട് കളിക്കാനിറങ്ങിയ ആദ്യ ടെസ്റ്റ്. അതും കുഞ്ഞന്മാരായ അയര്‍ലാന്‍ഡിനെതിരെ. 85 റണ്‍സിന് തവിടുപൊടിയായി റൂട്ടിന്റെ സംഘം. രണ്ടക്കം കണ്ടത് മൂന്ന് പേര്‍ മാത്രം. ലോക കിരീടത്തില്‍ ഇംഗ്ലണ്ട് മുത്തമിട്ട് ദിവസങ്ങള്‍ മാത്രം പിന്നിട്ടുണ്ടായിരുന്നുള്ളു അപ്പോള്‍...ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ മറുപടി 207 റണ്‍സ്...

എന്താണ് ഇംഗ്ലണ്ടിന് സംഭവിക്കുന്നത് എന്ന് ക്രിക്കറ്റ് ലോകം ചിന്തിച്ച് തുടങ്ങിയപ്പോഴേക്കും ഇംഗ്ലണ്ടിന്റെ മറുപടിയെത്തി. അവരൊന്ന് തൊട്ടതും അയര്‍ലാന്‍ഡ് തവിടുപൊടി...രണ്ടാം ഇന്നിങ്‌സില്‍ 38 റണ്‍സിനാണ് അയര്‍ലാന്‍ഡ് വീണത്. കൈവെച്ചത് ബ്രോഡും വോക്‌സും മാത്രം. 15 ഓവര്‍ മാത്രമാണ് അയര്‍ലാന്‍ഡിന് ജീവനുണ്ടായത്. അതില്‍ എട്ട് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി ബ്രോഡ് 4 വിക്കറ്റും, 7.4 ഓവറില്‍ 17 റണ്‍സ് വഴങ്ങി വോക്‌സ് ആറ് വിക്കറ്റും വീഴ്ത്തി. 143 റണ്‍സിന്റെ ഇംഗ്ലണ്ടിന്റെ ജയം. 

ഒന്നാം ഇന്നിങ്‌സില്‍ ലോക തോല്‍വിയായതിന് ശേഷം രണ്ടാം ഇന്നിങ്‌സില്‍ തിരിച്ചു വന്ന് ജയം പിടിക്കുന്ന പതിവ് ആഷസിലും ഇംഗ്ലണ്ട് തുടര്‍ന്നു. 67 റണ്‍സിനാണ് മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഓള്‍ ഔട്ടായത്. സ്റ്റോക്‌സിന്റെ ഹീറോയിസം ക്രിക്കറ്റ് ലോകം ഒരിക്കല്‍ കൂടി കണ്ടപ്പോള്‍ ഹെഡിങ്‌ലേ ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ചരിത്രത്തിലേക്ക് എഴുതി ചേര്‍ത്തു....

ഗാംഗുലിയും പിങ്ക് ബോളും...

2019ല്‍ ഏറെ ചര്‍ച്ചയായ വാര്‍ത്തയായിരുന്നു ബിസിസിഐ തലപ്പത്തേക്ക് സൗരവ് ഗാംഗുലി എന്നത്. ബിസിസിഐ പ്രസിഡന്റായി ഇന്ത്യയുടെ എക്കാലത്തേയും മികച്ച നായകനിലൊരാള്‍ എത്തിയപ്പോള്‍ മാധ്യമങ്ങളും ആരാധകരും അത് അളവറ്റ് ആഘോഷിച്ചു. ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് ചുക്കാന്‍ പിടിച്ചാണ് ഗാംഗുലി തന്റെ വരവിന്റെ ആഘോഷങ്ങളുടെ ആരവം കൂട്ടിയത്. 

ഒരു വര്‍ഷം മുന്‍പ് ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ രാത്രി പകല്‍ ടെസ്റ്റ് കളിക്കാന്‍ വിസമ്മതിച്ച കോഹ് ലിയെ ഗാംഗുലിക്ക് മുന്‍പിലെത്തിയപ്പോള്‍ സമ്മതം മൂളി. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന് ആഘോഷമായിരുന്നു. ഈഡന്‍ ഗാര്‍ഡനോടുള്ള ആരാധകരുടെ സ്‌നേഹം അത് ഇരട്ടിപ്പിച്ചു...ഫ്‌ലഡ് ലൈറ്റിന് കീഴില്‍ പിങ്ക് ബോളില്‍ മൂന്ന് ദിവസം കൊണ്ട് ബംഗ്ലാദേശിനെ ഇന്ത്യന്‍ പട കെട്ടുകെട്ടിച്ചു...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com