ന്യൂസിലന്‍ഡില്‍ ഇന്ത്യയുടെ ആദ്യ ട്വന്റി ട്വന്റി വിജയം, കീവിസിനെ ഏഴുവിക്കറ്റിന് തകര്‍ത്തു; രോഹിത് ശര്‍മ്മ വിജയശില്‍പ്പി 

ന്യൂസിലന്‍ഡില്‍ ഇന്ത്യയുടെ ആദ്യ ട്വന്റി ട്വന്റി വിജയം, കീവിസിനെ ഏഴുവിക്കറ്റിന് തകര്‍ത്തു; രോഹിത് ശര്‍മ്മ വിജയശില്‍പ്പി 

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി ട്വന്റി മത്സരത്തില്‍ ഇന്ത്യക്ക് മികച്ച വിജയം

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി ട്വന്റി മത്സരത്തില്‍ ഇന്ത്യക്ക് മികച്ച വിജയം. 158 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴുവിക്കറ്റിനാണ് ജയം സ്വന്തമാക്കിയത്. ഇന്ത്യ 18.5 ഓവറില്‍ ലക്ഷ്യം മറികടന്നു. ന്യൂസിലന്‍ഡിലെ ഇന്ത്യയുടെ ആദ്യ ട്വന്റി ട്വന്റി വിജയമാണ്. ഇതോടെ ഓരോ ജയം വീതം നേടി ഇരുടീമുകളും സമനിലയില്‍ നില്‍ക്കുകയാണ്. മൂന്നുമത്സരങ്ങളുടെ പരമ്പരയില്‍ അവസാനമത്സരം ഞായറാഴ്ച ഹാമില്‍ട്ടണില്‍ നടക്കും. 

പുറത്താകാതെ 40 റണ്‍സ് നേടിയ ആര്‍ ആര്‍ പന്തും , 20 റണ്‍സ് നേടിയ എം എസ് ധോണിയുമാണ് വിജയശില്‍പ്പികള്‍. നേരത്തെ വെടിക്കെട്ടു ബാറ്റിങ്ങുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. എന്നാല്‍ രോഹിത് ശര്‍മയേയും, ശിഖര്‍ ധവാനേയും അടുത്തടുത്ത് മടക്കി കീവീസ് കളിയിലേക്ക് തിരികെ വന്നുവെങ്കിലും പന്തും ധോണിയും ഒന്നിച്ചതോടെ കളിയുടെ ഗതി മാറുകയായിരുന്നു.

 29 പന്തില്‍ നിന്നും മൂന്ന് ഫോറും നാല് സിക്‌സും പറത്തി 50 റണ്‍സ് എടുത്ത രോഹിത്തിനെ അര്‍ധശതകം പിന്നിട്ടതിന്റെ തൊട്ടടുത്ത ബോളില്‍ സൗത്തി മടക്കുകയായിരുന്നു.9.2 ഓവറില്‍ 79 റണ്‍സ് എന്ന നിലയില്‍ നില്‍ക്കവെയാണ് രോഹിത് മടങ്ങിയത്. രോഹിത് ആക്രമിച്ചു കളിച്ചപ്പോള്‍ പതിയെയായിരുന്നു ശിഖര്‍ ധവാന്റെ ബാറ്റിങ്. എന്നാല്‍ പത്താമത്തെ ഓവറിലെ അവസാന പന്തില്‍ ധവാനെ ഫെര്‍ഗൂസന്‍ ഗ്രാന്‍ഡ്‌ഹോമിന്റെ കൈകളിലെത്തിച്ചു. 31 പന്തില്‍ നിന്നും 30 റണ്‍സായിരുന്നു ഈ സമയം ധവാന്റെ സ്‌കോര്‍. 

അതിനിടെ ട്വന്റി20 ക്രിക്കറ്റില്‍ റണ്‍വേട്ടക്കാരില്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിനെ പിന്നിലേക്ക് മാറ്റി രോഹിത് ഒന്നാമത് എത്തുകയും ചെയ്തു. രണ്ടാം ട്വന്റി20യില്‍ 39 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴാണ് രോഹിത്തിന്റെ നേട്ടം. 2,288 റണ്‍സാണ് ഇപ്പോള്‍ ട്വന്റി20യിലെ രോഹിത്തിന്റെ സമ്പാദ്യം. 

ആദ്യം ബാറ്റ് ചെയ്ത കീവീസ് ഗ്രാന്‍ഡ്‌ഹോമിന്റെ ഇന്നിങ്‌സ് ബലത്തില്‍ 158 എന്ന സ്‌കോറിലേക്കെത്തി. ബാറ്റിങ് ആക്രമണത്തിന് തുനിഞ്ഞെത്തിയ കീവീസ് നിരയെ ക്രുനാല്‍ പാണ്ഡ്യയാണ് തുടക്കത്തില്‍ കുഴക്കിയത്. ഗ്രാന്‍ഡ്‌ഹോമിനൊഴികെ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇന്ത്യന്‍ ബൗളര്‍മാരില്‍ നിന്നും റണ്‍സ് വാരിക്കൂട്ടുവാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com