ഇന്ത്യ- ന്യൂസിലൻഡ് ടി20; സ്റ്റേഡിയത്തിൽ മീടു പോസ്റ്ററുകളും; വിവാദം

രണ്ടാം ടി20ക്കു വേദിയായ ഓക്‌ലൻഡ് ഈഡൻ പാർക്കിലും സമാനമായ മീ ടു പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു
ഇന്ത്യ- ന്യൂസിലൻഡ് ടി20; സ്റ്റേഡിയത്തിൽ മീടു പോസ്റ്ററുകളും; വിവാദം

ഓക്‌‌ലൻഡ്: ഇന്ത്യ– ന്യൂസീലൻഡ് ടി20 പരമ്പരയ്ക്കിടെ മീ ടു വിവാദവും. ഒന്നാം ടി20 നടന്ന വെല്ലിങ്ടൻ വെസ്റ്റ്പാക് സ്റ്റേഡിയത്തിനു പിന്നാലെ രണ്ടാം ടി20ക്കു വേദിയായ ഓക്‌ലൻഡ് ഈഡൻ പാർക്കിലും സമാനമായ മീ ടു പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിൽ അംഗമായ ഓൾറൗണ്ടർ സ്കോട്ട് കുഗ്ഗെലെയ്നെ ഉന്നമിട്ടുള്ളതാണ് ഈ പോസ്റ്ററുകളെന്നാണ് സൂചന. 2015ൽ കുഗ്ഗെലെയ്നെതിരെ മാനഭംഗക്കേസ് ചുമത്തിയിരുന്നു. എന്നാൽ, നീണ്ട വിചാരണയ്ക്കു ശേഷം താരം കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തി.

വെല്ലിങ്ടൻ വെസ്റ്റ്പാക് സ്റ്റേഡിയത്തിൽ അരങ്ങേറിയ ഒന്നാം ടി20 മത്സരത്തിനിടെ പ്രത്യക്ഷപ്പെട്ട ‘മിടൂ’ പോസ്റ്ററുകൾ ന്യൂസിലൻഡ് ക്രിക്കറ്റ് അധികൃതരും സ്റ്റേഡിയം അധികൃതരും ഇടപെട്ട് നീക്കം ചെയ്തിരുന്നു. ബാനറുമായെത്തിയ യുവതിയെ സ്റ്റേഡിയത്തിൽ നിന്നു പുറത്താക്കുകയും ചെയ്തു. എന്നാൽ, സംഭവം വിവാദമായതോടെ ന്യൂസിലൻഡ് ക്രിക്കറ്റ് മാപ്പപേക്ഷയുമായി രംഗത്തെത്തുകയും ചെയ്തു. വ്യക്തികളെ ഉന്നമിടുന്ന ഇത്തരം പോസ്റ്ററുകൾ സ്റ്റേഡിയത്തിൽ അനുവദനീയമല്ലെന്ന ചട്ടപ്രകാരമാണ് ഇവ നീക്കിയതെന്നായിരുന്നു വിശദീകരണം. പിന്നീട് പിടിച്ചെടുത്ത ബാനറും തിരികെ നൽകി.

ഓക്‌ലൻഡിൽ നടന്ന രണ്ടാം ടി20യ്ക്കിടയിലും സ്റ്റേഡിയത്തിൽ ‘മിടൂ’ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് നാണക്കേടായി. ന്യൂസിലൻഡ് ക്രിക്കറ്റ് ഉണരൂ... #മിടൂ’ എന്നെഴുതിയ പോസ്റ്ററാണ് രണ്ടാം മത്സരത്തിനിടെ സ്റ്റേ‍ഡിയത്തിൽ പ്രത്യക്ഷപ്പെട്ടത്. ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ കടുത്ത സമ്മർദ്ദത്തിലായിരിക്കുകയാണ് ന്യൂസിലൻഡ് ക്രിക്കറ്റ്.

ന്യൂസിലൻഡിലെ നോർത്തേണ്‍ ഡിസ്ട്രിക്റ്റ്സിന്റെ താരമായ ഇരുപത്തേഴുകാരൻ സ്കോട്ട് കുഗ്ഗെലെയ്നെതിരെ 2015ലാണ് മാനഭംഗ ആരോപണം ഉയർന്നത്. രണ്ട് വർഷനത്തോളം നീണ്ട വിചാരണയ്ക്കുമശേഷം കുഗ്ഗെലെയ്ൻ കുറ്റക്കാരനല്ലെന്ന് ന്യൂസീലൻഡിലെ കോടതി കണ്ടെത്തിയിരുന്നു. എന്നാൽ, വിവാദങ്ങൾ അടങ്ങിയിട്ടില്ലെന്നതിന്റെ സൂചന നൽകിയാണ് താരം കളിക്കുന്ന സ്റ്റേഡിയങ്ങളിലും പ്രതിഷേധക്കാർ ‘മിടൂ’ ബാനറുകളുമായി എത്തുന്നത്.

മാനഭംഗക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ശേഷം 2017 മേയ് 14നാണ് കുഗ്ഗെലെയ്ൻ ന്യൂസിൻഡിനായി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്. അയർലൻഡിനെതിരായ ഏകദിന പരമ്പരയിലായിരുന്നു ഇത്. ഈ വർഷം ആദ്യം ശ്രീലങ്കയ്ക്കെതിരെ സ്വന്തം നാട്ടിൽ നടന്ന പരമ്പരയിൽ ടി20 അരങ്ങേറ്റവും കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com