ടെന്നീസ് റാങ്കിങ്ങില്‍ ചരിത്ര നേട്ടവുമായി ഇന്ത്യന്‍ താരം; ആദ്യ നൂറില്‍ കടന്ന് പ്രജ്‌നേഷ് ഗണേശ്വരന്‍

100ല്‍ താഴെ റാങ്ക് നിലനിര്‍ത്താന്‍ പ്രജ്‌നേഷിനായാല്‍ ഗ്രാന്‍ഡ് സ്ലാം കളിക്കാനും താരത്തിന് യോഗ്യത നേടാം
ടെന്നീസ് റാങ്കിങ്ങില്‍ ചരിത്ര നേട്ടവുമായി ഇന്ത്യന്‍ താരം; ആദ്യ നൂറില്‍ കടന്ന് പ്രജ്‌നേഷ് ഗണേശ്വരന്‍

ടെന്നീസ് പുരുഷ വിഭാഗം സിംഗിള്‍സ് റാങ്കിങ്ങില്‍ മുന്നേറ്റവുമായി ഇന്ത്യന്‍ താരം. പ്രജ്‌നേശ് ഗണേശ്വരനാണ് റാങ്കിങ്ങില്‍ ആദ്യ നൂറിനുള്ളില്‍ ഇടം പിടിച്ചത്. ഏറ്റവും പുതിയ റാങ്കിങ്ങില്‍ ആറ് സ്ഥാനങ്ങള്‍ മുന്നിലേക്ക് കയറി 97ാം സ്ഥാനത്തേക്കാണ് പ്രജ്‌നേഷ്‌ എത്തിയത്. 

ആദ്യ നൂറില്‍ ഉള്‍പ്പെടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ ടെന്നീസ് താരമാണ് പ്രജ്‌നേഷ്‌. ഇതിന് മുന്‍പ് ഈ നേട്ടം കൈവരിച്ചത് സോംദേവ് ദേവ് വര്‍മന്‍, യുകി ബാഭ്രി എന്നിവരാണ്. 2018ലെ മികച്ച സീസണാണ് താരത്തിനെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്. എടിപി ചെന്നൈ ചലഞ്ചറില്‍ പ്രജ്‌നേഷ്‌ സെമിയില്‍ എത്തിയിരുന്നു. 

100ല്‍ താഴെ റാങ്ക് നിലനിര്‍ത്താന്‍ പ്രജ്‌നേഷിനായാല്‍ ഗ്രാന്‍ഡ് സ്ലാം കളിക്കാനും താരത്തിന് യോഗ്യത നേടാം. രണ്ട് എടിപി കിരീടം, എട്ട് ഐടിഎഫ് സിംഗിള്‍ കിരീടം, ഒരു ഐടിഎഫ് ഡബിള്‍സ് കിരീടവും പ്രജ്‌നേഷ് നേടിയിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസ് 2018ല്‍ പ്രജ്‌നേഷ് വെങ്കലവും നേടിയിരുന്നു. യുകിക്ക് മാത്രമാണ് ടെന്നീസ് റാങ്കിങ്ങില്‍ ആദ്യ 100ലേക്ക് ഏറ്റവും ഒടുവിലായി  എത്താനായത്. എന്നാല്‍ പരിക്ക് യുകിയെ വലച്ചു. ഓരോ വട്ടം റാങ്കിങ്ങില്‍ 100 കടന്നതിന് ശേഷവും യുകിക്ക് പരിക്കിനെ തുടര്‍ന്ന് നീണ്ട നാള്‍ കോര്‍ട്ടില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നു. 

നിലവില്‍ റാങ്കിങ്ങില്‍ 156ാമതാണ് യുകി. രാംകുമാര്‍ രാമനാഥന്‍ അഞ്ച് സ്ഥാനം മുന്നോട്ടു കയറി 128ലേക്കെത്തി. 255ാം റാങ്കിലുള്ള സാകേന് മൈനേനിയാണ് മറ്റൊരു ഇന്ത്യന്‍ താരം. പുരുഷ വിഭാഗം ഡബിള്‍സില്‍ ബൊപ്പണ്ണ 37,  ദിവിജ് ശരണ്‍ 39, ലിയാണ്ടര്‍ പേസ് 75 എന്നിങ്ങനയുള്ള റാങ്കുകളിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com