ഭാഗ്യംകെട്ട പോക്ക് ഹര്‍ദിക് പാണ്ഡ്യ തുടരുകയാണ്, കീവീസിനെതിരായ ട്വന്റി20യിലും കാണാം

ന്യൂസിലാന്‍ഡിനെതിരായ മൂന്ന് ട്വന്റി20യില്‍ 2-51, 1-36, 0-44 എന്നിങ്ങനെയായിരുന്നു ഹര്‍ദിക്കിന്റെ ബൗളിങ് ഫിഗര്‍
ഭാഗ്യംകെട്ട പോക്ക് ഹര്‍ദിക് പാണ്ഡ്യ തുടരുകയാണ്, കീവീസിനെതിരായ ട്വന്റി20യിലും കാണാം

ഹര്‍ദിക് പാണ്ഡ്യ ടീമിന് നല്‍കുന്ന ബാലന്‍സ് ചെറുതല്ല. പക്ഷേ പ്ലേയിങ് ഇലവന്‍ പേപ്പറില്‍ നിന്നും കളിക്കളത്തിലേക്ക് എത്തുമ്പോള്‍ അവിടെ എത്രമാത്രം പാണ്ഡ്യയ്ക്ക് ബാലന്‍സ് ചെയ്യാന്‍ സാധിക്കുന്നുണ്ട് എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. ആദ്യം പരിക്ക് വില്ലനായെത്തി, പിന്നാലെ വിവാദ പരാമര്‍ശങ്ങള്‍, ഒടുവില്‍ ടീമിലേക്കെത്തിയപ്പോള്‍ എതിര്‍ ബാറ്റ്‌സ്മാന്‍മാരില്‍ നിന്ന് തല്ല വാങ്ങി കൂട്ടുന്നു. 

ഏഷ്യാ കപ്പ് മുതലാണ് ഹര്‍ദിക്കിനെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട് തുടങ്ങിയത്. വിന്‍ഡിസിനെതിരായ ഏകദിന, ടെസ്റ്റ്, ട്വന്റി20 മത്സരം പരിക്കിനെ തുടര്‍ന്ന് ഹര്‍ദിക്കിന് നഷ്ടമായി. പിന്നാലെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റും, ട്വന്റി20യും പരിക്കിലാണ് നഷ്ടമായത് എങ്കില്‍ ഏകദിനം വിവാദ പരാമര്‍ശങ്ങളാണ് ടീമില്‍ ഇടം നല്‍കാതെ തട്ടിയകറ്റിയത്. 

സസ്‌പെന്‍ഷന്‍ മാറി ടീമിനൊപ്പം ന്യൂസിലാന്‍ഡിനെതിരായ അവസാന മൂന്ന് ഏകദിനങ്ങള്‍ കളിക്കാന്‍ ഹര്‍ദിക് ഉണ്ടായിരുന്നു. അവസാന ഏകദിനത്തില്‍ നാല് വിക്കറ്റും 45 റണ്‍സും ഹര്‍ദിക് നേടി. ട്വന്റി20യിലേക്ക് എത്തുമ്പോള്‍ റണ്‍സ് കണ്ടെത്തുന്നതിലെ തിരിച്ചടി മാറ്റി നിര്‍ത്താം. ബൗളിങ്ങിലാണ് ഹര്‍ദിക് ഏറെ നിരാശപ്പെടുത്തിയത്. ന്യൂസിലാന്‍ഡിനെതിരായ മൂന്ന് ട്വന്റി20യില്‍ 2-51, 1-36, 0-44 എന്നിങ്ങനെയായിരുന്നു ഹര്‍ദിക്കിന്റെ ബൗളിങ് ഫിഗര്‍. 

മൂന്ന് ട്വന്റി20യിലുമായി ഹര്‍ദിക് വഴങ്ങിയത് 131 റണ്‍സ്. ട്വന്റി20 ഉഭയകക്ഷി പരമ്പരയില്‍ ഒരു ഇന്ത്യന്‍ ബൗളര്‍ വഴങ്ങുന്ന ഏറ്റവും കൂടിയ റണ്‍സാണ് ഇത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയില്‍ ക്രുനാല്‍ പാണ്ഡ്യ വഴങ്ങിയ 117 റണ്‍സിന്റെ റെക്കോര്‍ഡാണ് ഹര്‍ദിക് പാണ്ഡ്യ ഇവിടെ മറികടന്നത്. 

കീവീസിനെതിരായ ട്വന്റി20 പരമ്പരയില്‍ ഖലീല്‍ അഹ്മദ് 122 റണ്‍സും, ക്രുനാല്‍ പാണ്ഡ്യ 119 റണ്‍സും വഴങ്ങി. എന്നാല്‍ ഹര്‍ദിക്കിനെ കുഴക്കിയത് ഭാഗ്യമില്ലായ്മയാണ്. ഹാമില്‍ട്ടണില്‍ തന്റെ നാല് ഓവറില്‍ വിക്കറ്റ് വീഴ്ത്താനുള്ള സാഹചര്യം ഹര്‍ദിക് സൃഷ്ടിച്ചിരുന്നു. അവിടെ മാന്‍ ഓഫ് ദി മാച്ചായ മണ്‍റോയെ മൂന്ന് വട്ടം ഹര്‍ദിക്കിന്റെ പന്തില്‍ പുറത്താക്കുന്നതിനുള്ള സാധ്യതയാണ് വിജയ് ശങ്കറും, ഖലീല്‍ അഹ്മദും നഷ്ടപ്പെടുത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com