ഐപിഎല്‍ 2019; ധോനി വീണ്ടും തീപാറിച്ചാല്‍ റെക്കോര്‍ഡുകള്‍ വീഴും, ഈ നാലെണ്ണം ഉറപ്പായും വീഴില്ലേ?

12ാം ഐപിഎല്‍ സീസണിലേക്ക് നമ്മള്‍ എത്തുമ്പോള്‍ ധോനി തന്റെ പേരിലാക്കാന്‍ സാധ്യതയുള്ള നാല് റെക്കോര്‍ഡുകളുണ്ട്
ഐപിഎല്‍ 2019; ധോനി വീണ്ടും തീപാറിച്ചാല്‍ റെക്കോര്‍ഡുകള്‍ വീഴും, ഈ നാലെണ്ണം ഉറപ്പായും വീഴില്ലേ?

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചു വരവ് കിരീടവും എടുത്താണ് ധോനിയും കൂട്ടരും ആഘോഷിച്ചത്. ബാറ്റ്‌സ്മാനായും നായകനായും ധോനി മിന്നിത്തിളങ്ങിയ വരവായിരുന്നു അത്. 75 എന്ന ബാറ്റിങ് ശരാശരിയില്‍ 455 റണ്‍സ് സ്‌കോര്‍ ചെയ്താണ് ധോനി തകര്‍ത്തു കളിച്ചത്. 12ാം ഐപിഎല്‍ സീസണിലേക്ക് നമ്മള്‍ എത്തുമ്പോള്‍ ധോനി തന്റെ പേരിലാക്കാന്‍ സാധ്യതയുള്ള നാല് റെക്കോര്‍ഡുകളുണ്ട്. 

100 ഐപിഎല്‍ ജയങ്ങള്‍ നേടുന്ന ആദ്യ നായകന്‍

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ടീമിനെ നയിച്ചതിന്റെ റെക്കോര്‍ഡ് ധോനിയുടെ പേരിലാണ്. 159 മത്സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനേയും, റൈസിങ് പുനെ സൂപ്പര്‍ ജയന്റ്‌സിനേയുമായി ധോനി നയിച്ചു കഴിഞ്ഞു. 159ല്‍ കളികളില്‍ 94ലും ധോനി തന്റെ ടീമിനെ ജയത്തിലേക്ക് എത്തിച്ചു. 59.49 ശതമാനമാണ് ധോനിയുടെ വിജയശതമാനം. 30 ഐപിഎല്‍ മത്സരങ്ങളില്‍ കൂടുതല്‍ ടീമിനെ മത്സരിപ്പിച്ച നായകന്മാരില്‍ ഉയര്‍ന്ന വിജയശതമാനം ധോനിയുടെ കൈകളിലാണ്. 

ടീമിനെ 100 ജയങ്ങളിലേക്കെത്തിക്കുന്ന ആദ്യ ഐപിഎല്‍ നായകന്‍ എന്ന നേട്ടം സ്വന്തമാക്കാന്‍ ധോനിക്കിനി ആറ് ജയങ്ങള്‍ കൂടി മതി. ധോനിയുടെ കരിയര്‍ അതിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്നു എന്ന് വിലയിരുത്തപ്പെടുമ്പോഴും വരുന്ന ഐപിഎല്‍ സീസണില്‍ ധോനി ഈ നേട്ടം നിഷ്പ്രയാസം സ്വന്തമാക്കുമെന്നാണ് ആരാധകരുടെ വിശ്വാസം. 

വിക്കറ്റിന് പിന്നില്‍ ഒന്നാമനാവണം

വിക്കറ്റിന് പിന്നില്‍ നിന്നും ബാറ്റ്‌സ്മാന്റെ കുറ്റിയിളക്കുന്നതില്‍ ധോനിയുടെ മികവ് നിലവില്‍ മറ്റാര്‍ക്കുമില്ല. പക്ഷേ ഐപിഎല്ലില്‍ ധോനിക്ക് മുന്നില്‍ ഇക്കാര്യത്തില്‍ ദിനേശ് കാര്‍ത്തിക്ക് ഉണ്ട്. 152 ഇന്നിങ്‌സില്‍ നിന്നും കാര്‍ത്തിക് 124 പേരെ ഇങ്ങനെ പുറത്താക്കി കഴിഞ്ഞു. 116 വിക്കറ്റ് വീഴ്ത്തിയാണ് ധോനി രണ്ടാമത്. 

ഇവര്‍ രണ്ട് പേരും വരുന്ന ഐപിഎല്‍ സീസണില്‍ വിക്കറ്റിന് പിന്നില്‍ നിന്നും ഗ്ലൗസ് അണിയുമെന്ന് വ്യക്തമായിരിക്കെ ഒന്നാമത് എത്താന്‍ ധോനിയും, ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കാര്‍ത്തിക്കും ശ്രമിക്കുമെന്ന് ഉറപ്പ്. 

200 സിക്‌സുകള്‍ 

ഐപിഎല്ലില്‍ 200 സിക്‌സുകള്‍ പറത്തുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടമാണ് ധോനിക്ക് മുന്നിലെത്തി നില്‍ക്കുന്ന മറ്റൊന്ന്. സിക്‌സുകള്‍ പണ്ടത്തെ പേലെ തന്റെ ഇഷ്ടത്തിന് പറത്താന്‍ ധോനിക്ക് സാധിക്കുന്നില്ലെന്ന് വിലയിരുത്തപ്പെട്ടപ്പോഴാണ് കഴിഞ്ഞ സീസണില്‍ ധോനിയുടെ തകര്‍പ്പന്‍ മറുപടി വന്നത്. 2018 ഐപിഎല്‍ സീസണില്‍ ധോനി 30 സിക്‌സുകള്‍ പറത്തി. 

ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തിയതിന്റെ റെക്കോര്‍ഡ് ക്രിസ് ഗെയ്‌ലിന്റെ പേരിലാണ്. ഗെയ്‌ലിന് അടുത്തെത്താന്‍ മറ്റൊരു താരത്തിന് ഇനിയും സമയം വേണ്ടിവരും. രണ്ടാമത് നില്‍ക്കുന്നത് ഡിവില്ലിയേഴ്‌സാണ് 187 സിക്‌സുമായി. പിന്നാലെ 186 സിക്‌സുമായി ധോനി, 185 സിക്‌സുമായി റെയ്‌ന, 184 സിക്‌സുമായി രോഹിത്, 177 സിക്‌സുമായി കോഹ് ലി എന്നിവരുണ്ട്. 2018ലേത് പോലെ സിക്‌സുകള്‍ ധോനിയുടെ ബാറ്റില്‍ നിന്നും വന്നാല്‍ ഐപിഎല്ലില്‍ 200 സിക്‌സുകള്‍ അടിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാകാം ധോനിക്ക്. 

കിരീടത്തിലെ പോര് രോഹിത്തുമായി

ഐപിഎല്ലില്‍ ചെന്നൈയുടെ സ്ഥിരതയ്ക്ക് പിന്നില്‍ ധോനിയുടെ വ്യക്തമായ കൈകളുണ്ട്. അവരുടെ പത്ത് സീസണുകളില്‍ ഒന്‍പത് വട്ടവും ചെന്നൈ സെമിയിലെത്തി. ഈ ഒന്‍പതില്‍ മൂന്ന് വട്ടം ധോനി ചെന്നൈയുടെ കൈകളിലേക്ക് കിരീടം എത്തിച്ചു. മുംബൈയ്ക്ക് വേണ്ടി രോഹിത്തും, ചെന്നൈയ്ക്ക് വേണ്ടി ധോനിയും മൂന്ന് വട്ടം വീതം കിരീടം നേടിക്കഴിഞ്ഞു. 

ഏറ്റവും കൂടുതല്‍ വട്ടം ടീമിനെ കിരീടം ചൂടിക്കുന്നതിന്റെ റെക്കോര്‍ഡ് സ്വന്തമാക്കുക കൂടി ലക്ഷ്യം വെച്ചാകും ധോനിയും രോഹിത്തും ഈ സീസണില്‍ ഇറങ്ങുക. ലോക കപ്പ് വര്‍ഷം വരുന്ന ഐപിഎല്ലില്‍ ധോനി രണ്ടും കല്‍പ്പിച്ചിറങ്ങിയാല്‍ നേട്ടങ്ങള്‍ പലതും ധോനിയുടെ തൊപ്പിയില്‍ പൊന്‍തൂവല്‍ തീര്‍ത്ത് നില്‍ക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com