ഹലോ മിസ്റ്റർ പെരേര; മനോഹരം, അവിസ്മരണീയം; സിംഹള വീര്യം കുശാലായി

എന്നാല്‍ പിന്നെ കണ്ടത് ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിജയങ്ങളില്‍ ഒന്ന് ശ്രീലങ്ക സ്വന്തമാക്കുന്നതാണ്
ഹലോ മിസ്റ്റർ പെരേര; മനോഹരം, അവിസ്മരണീയം; സിംഹള വീര്യം കുശാലായി

ഡർബൻ: സമീപ കാലത്ത് ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മഹത്തായ വിജയങ്ങളിലൊന്ന് എന്ന് ഒറ്റ വാക്കിൽ ശ്രീലങ്കയുടെ ദക്ഷിണാഫ്രിക്കക്കെതിരായ വിജയത്തെ വിശേഷിപ്പിക്കാം. കുറച്ച് കാലമായി ഏത് ടീമിനോടും തോൽക്കുന്ന ദയനീയതയിലൂടെയാണ് ലങ്കൻ ക്രിക്കറ്റ് കടന്നുപോകുന്നത് എന്നതും കൂടി മനസിലാക്കുമ്പോഴാണ് ഈ വിജയത്തിന് പത്തരമാറ്റിന്റെ തിളക്കം കൈവരുന്നത്.

304 റണ്‍സ് വിജയ ലക്ഷ്യം. അതും ദക്ഷിണാഫ്രിക്കയിലെ പിച്ചില്‍ അവരെ നേരിടുമ്പോൾ. ഡെയില്‍ സ്റ്റെയിന്‍ മികച്ച ഫോമില്‍ പന്തെറിയുന്ന പിച്ചില്‍ ഒരു ഘട്ടത്തില്‍ 226 റണ്‍സിനു ഒൻപത് വിക്കറ്റുകള്‍ നഷ്ടമായ അവർ തോൽവി ഉറപ്പിച്ചിരുന്നു. പതിവു പോലെ ഒരു പരാജയത്തിലേക്ക് ടീം വീഴുമെന്നാവും ലങ്കന്‍ ടീം മാനേജ്മെന്റ് പോലും പ്രതീക്ഷിച്ചത്. എന്നാല്‍ പിന്നെ കണ്ടത് ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിജയങ്ങളില്‍ ഒന്ന് ശ്രീലങ്ക സ്വന്തമാക്കുന്നതാണ്. 

200 പന്തുകൾ നേരിട്ട് 153 റൺസുമായി പുറത്താകാതെ നിന്ന് ലങ്കയെ അവിസ്മരണീയമായ വിജയത്തിലേക്ക് കൈ പിടിച്ച് കയറ്റിയത് കുശാൽ പെരേര എന്ന ബാറ്റ്സ്മാന്റെ ഇച്ഛാശക്തിയും മികവും ചേർന്ന സെഞ്ച്വറി പ്രകടനമായിരുന്നു. ഒറ്റയാൾ പോരാട്ടത്തിലൂടെ 12 ഫോറുകളും അഞ്ച് സിക്സും തൊങ്ങൽ ചാർത്തിയ മഹത്തായൊരു ഇന്നിങ്സാണ് താരം ഡർബനിൽ കെട്ടിപ്പൊക്കിയത്. താരത്തിന്റെ കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റ് സെഞ്ച്വറിയും ഏറ്റവും മികച്ച സ്കോറും ഇതുതന്നെ. 

പത്താം വിക്കറ്റില്‍ 78 റണ്‍സ് നേടി ടീമിനെ വിജയത്തിലേക്ക് പെരേര നയിക്കുമ്പോള്‍ ലങ്കന്‍ ക്രിക്കറ്റിലെ എന്നല്ല ടെസ്റ്റ് ക്രിക്കറ്റിലെ തന്നെ മഹത്തരമായൊരു ഇന്നിങ്സിനാണ് ഡർബൻ സാക്ഷിയായത്. പരാജയത്തിന്റെ കയ്പുനീരില്‍ നിന്ന് വിജയത്തിന്റെ മധുരത്തിലേക്ക് ലങ്കയെ കുശല്‍ പെരേര നയിക്കുമ്പോള്‍ ഒപ്പം കൂട്ടായി 27 പന്ത് ചെറുത്ത് നിന്ന ആറ് റണ്‍സ് നേടിയ വിശ്വ ഫെര്‍ണാണ്ടോയുണ്ടായിരുന്നു. 

ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റിന് 110 റൺസ് എന്ന നിലയിലായിരുന്നു ലങ്ക. മത്സരം കൈക്കലാക്കാമെന്ന് ദക്ഷിണാഫ്രിക്ക പ്രതീക്ഷിച്ച സമയം. എന്നാല്‍ ഏഴാം നമ്പറില്‍ ക്രീസിലെത്തിയ ധനന്‍ജയ ഡിസില്‍വയും കുശല്‍ പെരേരയും ചേര്‍ന്ന് 96 റണ്‍സാണ് ആറാം വിക്കറ്റില്‍ നേടിയത്. 48 റണ്‍സ് നേടിയ ധനന്‍ജയയെ കേശവ് മഹാരാജ് പുറത്താക്കിയ ശേഷം പൊടുന്നനെ ലങ്കയ്ക്ക് വിക്കറ്റുകള്‍ വീണ്ടും നഷ്ടമാകുകയായിരുന്നു. അഞ്ചിന് 206 എന്ന നിലയില്‍ നിന്ന് ഒൻപതിന് 226 എന്ന നിലയിലേക്ക് അവർ കൂപ്പുകുത്തി. ഈ നിലയിൽ നിന്നാണ് ലങ്ക വിജയത്തിന്റെ വീര ചരിതമെഴുതിയത്.

എല്ലാ ഫോർമാറ്റിലുമായി കഴിഞ്ഞ 19 മത്സരങ്ങളില്‍ ഒരെണ്ണം മാത്രം ജയിച്ച് ആത്മവിശ്വാസം നഷ്ടമായ ലങ്കയ്ക്ക് തിരിച്ചുവരാനുള്ള ഊർജ്ജമായി ഈ വിജയം മാറുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com