ഒൻപത് പേർ സംപൂജ്യർ, ടീം നേടിയത് ഒൻപത് റൺസ്! 

മിസോറമും മധ്യപ്രദേശും തമ്മിലുള്ള സീനിയർ വനിതാ ടി20 പോരാട്ടം അപൂർവതകളാൽ ശ്രദ്ധേയം
ഒൻപത് പേർ സംപൂജ്യർ, ടീം നേടിയത് ഒൻപത് റൺസ്! 

പുതുച്ചേരി: മിസോറമും മധ്യപ്രദേശും തമ്മിലുള്ള സീനിയർ വനിതാ ടി20 പോരാട്ടം അപൂർവതകളാൽ ശ്രദ്ധേയം. പുതുച്ചേരി പാല്‍മിറ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മിസോറം പുറത്തായത് കേവലം ഒൻപത് റൺസിന്. മറുപടി ബാറ്റിങിനിറങ്ങിയ മധ്യപ്രദേശാകട്ടെ ആദ്യ ഓവറിൽ തന്നെ വിജയത്തിനാവശ്യമായ പത്ത് റൺസ് അടിച്ചെടുക്കുകയും ചെയ്തു. 

ക്രിക്കറ്റില്‍ വലിയ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത മിസോറമിന്റെ ബാറ്റിങിൽ അതിന്റെ ന്യൂനതകൾ മുഴുവൻ നിറഞ്ഞിരുന്നു. 13.5 ഓവര്‍ ബാറ്റ് ചെയ്താണ് മിസോറാം ഒന്‍പത് സണ്‍സെടുത്ത് വിക്കറ്റ് മുഴുവന്‍ കളഞ്ഞത്. ടീമിലെ ഒന്‍പത് പേര്‍ പൂജ്യത്തിന് പുറത്തായി എന്നതാണ് സവിശേഷത. 

അഞ്ചാമതായി ഇറങ്ങിയ അപൂര്‍വ ഭരദ്വാജിന് മാത്രമാണ് സ്‌കോര്‍ ചെയ്യാനായത്. 25 പന്ത് നേരിട്ട അപൂര്‍വ ആറ് റണ്‍സാണ് നേടിയത്. ഇതില്‍ ഒരു ബൗണ്ടറിയും അടങ്ങും. ശേഷിക്കുന്നതെല്ലാം ബൗളര്‍മാരുടെ എക്‌സ്ട്രാസ് സംഭാവനയായിരുന്നു. മറ്റുള്ളവര്‍ വിക്കറ്റ് കളഞ്ഞ് മടങ്ങുമ്പോള്‍ ഒരറ്റത്ത് നിസ്സഹായയായി നോക്കിനില്‍ക്കാനെ അപൂര്‍വയ്ക്ക് കഴിഞ്ഞുള്ളൂ.

മധ്യപ്രദേശിന്റെ ഏഴ് ബൗളര്‍മാര്‍ ചേര്‍ന്നാണ് 14 ഓവര്‍ എറിഞ്ഞത്. ഒരാള്‍ ഒഴികെ മറ്റുളളവര്‍ക്കെല്ലാം വിക്കറ്റ് ലഭിക്കുകയും ചെയ്തു. തരംഗ് ഝാ നാലോവര്‍ എറിഞ്ഞ് രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് സ്വന്തമാക്കി. 

നേരത്തെ ആദ്യ മത്സരത്തില്‍ കേരളം 24റണ്‍സിന് മിസോറമിനെ കെട്ടുകെട്ടിച്ചിരുന്നു. ഈ മത്സരത്തിലും പത്ത് വിക്കറ്റിന്റെ തോൽവി വഴങ്ങാനായിരുന്നു അവരുടെ യോ​ഗം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com