ഒടുവില്‍ അത് സംഭവിച്ചു; 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ബൗളര്‍ അക്കാര്യം സാധ്യമാക്കി

ചിലത് വളരെ അപൂര്‍വമായി മാത്രമാകും കളിക്കളത്തില്‍ സംഭവിക്കാറുള്ളത്. അത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം ടെസ്റ്റ് ക്രിക്കറ്റില്‍ പിറവിയെടുത്തത്.
ഒടുവില്‍ അത് സംഭവിച്ചു; 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ബൗളര്‍ അക്കാര്യം സാധ്യമാക്കി


പോര്‍ട്ട് എലിസബത്ത്: പല തരത്തിലാണ് ക്രിക്കറ്റില്‍ വ്യക്തിഗത നേട്ടങ്ങള്‍ സംഭവിക്കാറുള്ളത്. ചിലത് വളരെ അപൂര്‍വമായിരിക്കും. അത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം ടെസ്റ്റ് ക്രിക്കറ്റില്‍ പിറവിയെടുത്തത്. 

ദക്ഷിണാഫ്രിക്കന്‍ ഓപണര്‍ ഹാഷിം അംല, ടെസ്റ്റ് ഇന്നിങ്‌സിലെ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. ഇതിലെന്തിരിക്കുന്നു എന്ന് ചിന്തിക്കാന്‍ വരട്ടെ. ടെസ്റ്റ് ക്രിക്കറ്റ് കരിയറില്‍ ആദ്യമായാണ് അംല ഇങ്ങനെ നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങുന്നത്. കളിച്ച 123 ടെസ്റ്റുകളിലും സംഭവിക്കാത്ത ആ കാര്യം ഒടുവില്‍ 124ാം ടെസ്റ്റിലാണ് സംഭവിച്ചത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി അംല ഗോള്‍ഡന്‍ ഡെക്ക്.

ശ്രീലങ്കന്‍ പേസര്‍ വിശ്വ ഫെര്‍ണാണ്ടോയാണ് ആ ചരിത്ര നേട്ടം സ്വന്തമാക്കിയത്. പോര്‍ട്ട് എലിസബത്തില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യദിനത്തിലാണ് വണ്‍ഡൗണായിറങ്ങിയ അംലയുടെ കുറ്റി ആദ്യ പന്തില്‍ തന്നെ ഫെര്‍ണാണ്ടോ തെറിപ്പിച്ചത്.

2004 നവംബര്‍ 28ന് ഈഡനില്‍ ഇന്ത്യയ്‌ക്കെതിരേ അരങ്ങേറിയ അംല ടെസ്റ്റ് കരിയറില്‍ ഇതുവരെ പൂജ്യത്തിന് പുറത്തായിട്ടില്ല. മത്സരത്തിന്റെ ആറാം ഓവറിലാണ് ഫെര്‍ണാണ്ടോ, അംലയെ ബൗള്‍ഡാക്കിയത്. ഡിന്‍ എല്‍ഗറിനെ പുറത്താക്കി തൊട്ടടുത്ത പന്തിലായിരുന്നു അംലയുടെ വിക്കറ്റും ഫെര്‍ണാണ്ടോ വീഴ്ത്തിയത്.

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ഡന്‍ ഡെക്കായതിന്റെ റെക്കോഡ് ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്റെ പേരിലാണ് 14. രണ്ടാം സ്ഥാനവും ശ്രീലങ്കക്കാരനു തന്നെ, രംഗണ ഹെറാത്തിന്റെ 11 ഗോള്‍ഡന്‍ ഡെക്കുകള്‍. വിന്‍ഡീസ് താരം കോര്‍ട്‌നി വാല്‍ഷ് 10 വട്ടം ആദ്യ പന്തില്‍ പുറത്തായി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com