രണ്ടാം ട്വന്റി20 ജയിച്ചില്ലേല്‍ നാണക്കേട്; രണ്ട് പേര്‍ പുറത്തേക്ക് പോയേക്കും, പ്ലേയിങ് ഇലവന്‍ സാധ്യതകള്‍ ഇങ്ങനെ

ബംഗളൂരുവില്‍ പരമ്പര സമനിലയിലാക്കാന്‍ ഇറങ്ങുന്ന ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ രണ്ട് മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്
രണ്ടാം ട്വന്റി20 ജയിച്ചില്ലേല്‍ നാണക്കേട്; രണ്ട് പേര്‍ പുറത്തേക്ക് പോയേക്കും, പ്ലേയിങ് ഇലവന്‍ സാധ്യതകള്‍ ഇങ്ങനെ

സ്വന്തം മണ്ണില്‍ ട്വന്റി20 പരമ്പര നഷ്ടപ്പെടുന്നതിന്റെ നാണക്കേട് ഒഴിവാക്കാന്‍ ഇന്ത്യയ്ക്ക് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ജയം പിടിക്കണം. വലിയ സ്‌കോറിന്റെ ഭാരം ഇല്ലാതിരുന്നിട്ടും ഓസ്‌ട്രേലിയയെ അനായാസ ജയത്തിലേക്ക് വിടാതിരുന്നതിന്റെ ആത്മവിശ്വാസമാവും രണ്ടാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് തുണയാവുക. 

ബംഗളൂരുവില്‍ പരമ്പര സമനിലയിലാക്കാന്‍ ഇറങ്ങുന്ന ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ രണ്ട് മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. ശിഖര്‍ ധവാന്‍ പ്ലേയിങ് ഇലവനിലേക്ക് മടങ്ങിയെത്തിയേക്കുമെന്നതാണ് അതിലൊന്ന്. ആദ്യ ട്വന്റി20യില്‍ ഇന്ത്യന്‍ നിരയില്‍ മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ക്ക് മാത്രമാണ് സ്‌കോര്‍ രണ്ടക്കം കടത്തുവാനായത്. ഈ സാഹചര്യത്തില്‍ ധവാന് ടീമിലേക്ക് മടങ്ങി എത്തുന്നതിനുള്ള വഴി ഒരുങ്ങിയേക്കും. 

ധവാന്റെ സ്ഥാനത്ത് ലഭിച്ച അവസരം ഉപയോഗപ്പെടുത്തിയ രാഹുല്‍ രണ്ടാം ട്വന്റി20യിലും സ്ഥാനം നിലനിര്‍ത്തും. പരമാവധി മത്സരം രാഹുലിന് നല്‍കുകയാണ് ലക്ഷ്യമെന്ന് കോഹ് ലി തന്നെ പറഞ്ഞു കഴിഞ്ഞു. ഉമേഷ് യാദവിന് പകരം സിദ്ധാര്‍ഥ് കൗള്‍ എത്തിയേക്കുമെന്നതാണ് മറ്റൊരു മാറ്റം. വിശാഖപട്ടണം ട്വന്റി20യില്‍ അവസാന ഓവര്‍ എറിഞ്ഞ ഉമേഷ് യാദവ് വലിയ തോതില്‍ വിമര്‍ശനം നേരിട്ടിരുന്നു. 

ഓസ്‌ട്രേലിയന്‍ വാലറ്റക്കാരാണ് ക്രീസിലുണ്ടായത് എങ്കിലും അവസാന ഓവറില്‍ 14 റണ്‍സ് പ്രതിരോധിക്കാന്‍ ഉമേഷ് യാദവിനായില്ല. പേസ് ആക്രമണം ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് ടീം സിദ്ധാര്‍ഥ് കൗളിന് അവസരം നല്‍കാനാണ് സാധ്യത. ആദ്യ ട്വന്റി20യില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും കാര്യമായൊന്നും ചെയ്യാനാവാതിരുന്ന ക്രുനാല്‍ പാണ്ഡ്യ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചേക്കില്ല.

ആദ്യ ട്വന്റി20യില്‍ നിരുത്തരവാദപരമായി വിക്കറ്റ് കളഞ്ഞ പന്തിന് ബംഗളൂരുവില്‍ മികച്ച കളി പുറത്തെടുക്കണം. ദിനേശ് കാര്‍ത്തിക്കിനാണെങ്കില്‍ ലോക കപ്പിന് മുന്‍പ് കഴിവ് തെളിയിക്കുവാനുള്ള അവസാന അവസരവുമാണ് മുന്നിലുള്ളത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com