സിഡ്നി പിങ്കണിയും; ചരിത്ര വിജയം ലക്ഷ്യമിട്ട് ഇന്ത്യ; രോഹിതും ഇഷാന്തും ഇല്ല; ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തു

ഓസ്ട്രേലിയൻ മണ്ണിലെ ആദ്യ ടെസ്റ്റ് വിജയമെന്ന ലക്ഷ്യവുമായി ഇന്ത്യ നാലാം ടെസ്റ്റിന് ഇറങ്ങുന്നു
സിഡ്നി പിങ്കണിയും; ചരിത്ര വിജയം ലക്ഷ്യമിട്ട് ഇന്ത്യ; രോഹിതും ഇഷാന്തും ഇല്ല; ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തു

സിഡ്നി: ഓസ്ട്രേലിയൻ മണ്ണിലെ ആദ്യ ടെസ്റ്റ് വിജയമെന്ന ലക്ഷ്യവുമായി ഇന്ത്യ നാലാം ടെസ്റ്റിന് ഇറങ്ങുന്നു. ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.

ഓപണർ കെഎൽ രാഹുൽ ടീമിൽ തിരിച്ചെത്തിയപ്പോൾ രോഹിത് ശർമ, ഇഷാന്ത് ശർമ എന്നിവരെ ഒഴിവാക്കി. രവീന്ദ്ര ജഡേജയ്ക്കൊപ്പം സ്പിൻ സാന്നിധ്യമായി കുൽദീപ് യാദവും ടീമിൽ ഇടം പിടിച്ചു. ഓസ്ട്രേലിയ ആരോൺ ഫിഞ്ചിനെയും മിച്ചൽ മാർഷിനേയും ഒഴിവാക്കി. പകരം പീറ്റർ ഹാൻഡ്സ്കോംപും മർനസ് ലബുഷനെയും ടീമിൽ ഇടംപിടിച്ചു. 

പിങ്ക് ടെസ്റ്റില്‍ ഇരു ടീമുകളും മുന്‍പ് ഏറ്റുമുട്ടിയപ്പോള്‍ ഓസ്‌ട്രേലിയ ഒരു തവണ വിജയിച്ചു. ഒരു മത്സരം സമനിലയിലായി. ഈ പരമ്പരയില്‍ 2-1ന് മുന്നിലാണ് നിലവില്‍ ഇന്ത്യ. സിഡ്‌നി ടെസ്റ്റില്‍ സമനില മാത്രം മതി ഇന്ത്യക്ക് ഓസീസ് മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര ജയം സ്വന്തമാക്കാന്‍.

പുതുവര്‍ഷത്തില്‍ സിഡ്‌നിയില്‍ നടക്കുന്ന 11-ാം പിങ്ക് ടെസ്റ്റാണിത്. ഓസീസ് ബൗളിങ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന്‍റെ ഭാര്യ ജെയിന്‍ മഗ്രാത്തിനോടുള്ള ആദരസൂചകമായും ഗ്ലെന്‍ മഗ്രാത്ത് ഫൗണ്ടേഷന്‍റെ ധനസമാഹരണത്തിനുമായാണ് പിങ്ക് ടെസ്റ്റ് സംഘടിപ്പിക്കുന്നത്.

അര്‍ബുദ രോഗം മൂലം ജെയിന്‍ 2008ല്‍ വിടവാങ്ങിയിരുന്നു. തൊട്ടടുത്ത വര്‍ഷമാണ് പിങ്ക് ടെസ്റ്റിന് തുടക്കമായത്. മത്സരത്തില്‍ നിന്ന് ലഭിക്കുന്ന തുക സ്‌തനാര്‍ബുദ ബാധിതരെ സഹായിക്കുന്നതിനും അവരുടെ വിദ്യാഭ്യാസ ചെലവുകള്‍ക്കുമായാണ് ഉപയോഗിക്കുക. 2005ല്‍ ജെയിന് അര്‍ബുദം തിരിച്ചറിഞ്ഞതോടെയാണ് ഫൗണ്ടേഷന് മഗ്രാത്ത് തുടക്കമിട്ടത്. ഇതുവരെ 67000 കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ഫൗണ്ടേഷനായി.

പിങ്ക് ടെസ്റ്റിന്‍റെ മൂന്നാം ദിനം 'ജെയിന്‍ മഗ്രാത്ത് ഡേ' എന്നാണ് അറിയപ്പെടുക. പിങ്ക് നിറത്തിലുള്ള വസ്ത്രമണിഞ്ഞാവും ആരാധകര്‍ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലെത്തുക. മത്സരത്തിന് ഉപയോഗിക്കുന്ന സ്റ്റംപ് ഇതേ നിറത്തിലായിരിക്കും. സ്റ്റേഡിയത്തിലെ ലേഡീസ് സ്റ്റാന്‍ഡ് താത്കാലികമായി 'ജെയിന്‍ മഗ്രാത്ത്  സ്റ്റാന്‍ഡ്' എന്ന് നാമകരണം ചെയ്യപ്പെടും. മൂന്നാംദിന മത്സരത്തിന് മുന്‍പ് ടീമുകള്‍ക്ക് മഗ്രാത്ത് പിങ്ക് ക്യാപ്പ് സമ്മാനിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com