എവിടെയാണ് ധോനിക്ക് പിഴയ്ക്കുന്നത്? കണക്കുകള്‍ പറയും ധോനി ബാധ്യതയെന്ന്

ധോനിയുടെ ഷോട്ടുകളില്‍ 32 ശതമാനം അറ്റാക്കിങ് ആയിരുന്നു എങ്കിലും അത് ഫലം നല്‍കാത്ത ഷോട്ടുകളായിരുന്നു
എവിടെയാണ് ധോനിക്ക് പിഴയ്ക്കുന്നത്? കണക്കുകള്‍ പറയും ധോനി ബാധ്യതയെന്ന്

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നാല് റണ്‍സ് എന്ന നിലയില്‍ നിന്നും രോഹിത്തും ധോനിയും ചേര്‍ന്ന് വലിയ നാണക്കേടില്‍ നിന്നും ഇന്ത്യയെ രക്ഷിച്ചു. 34 റണ്‍സിന് ഇന്ത്യ സിഡ്‌നിയില്‍ തോല്‍വി നേരിട്ടതിന് പിന്നാലെ ധോനിക്ക് നേരെയുള്ള വിമര്‍ശനങ്ങള്‍ ഒന്നുകൂടി ശക്തമാവുകയാണ്. ലോക കപ്പ് നടക്കുന്ന ഈ വര്‍ഷം ധോനിയുടെ ഫോം തന്നെയാണ് വിഷയം.

96 ബോള്‍, അല്ലെങ്കില്‍ 16 ഓവര്‍ വേണ്ടിവന്നു ധോനിക്ക് 51 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍. സിഡ്‌നിയില്‍ രോഹിത്തിനേക്കാള്‍ കൂടുതല്‍ അറ്റാക്കിങ് ഷോട്ടുകള്‍ കളിച്ചത് ധോനിയായിരുന്നു. ധോനിയുടെ ഷോട്ടുകളില്‍ 32 ശതമാനം അറ്റാക്കിങ് ആയിരുന്നു എങ്കിലും അത് ഫലം നല്‍കാത്ത ഷോട്ടുകളായിരുന്നു. രോഹിത്തിന്റെ സെഞ്ചുറി ഇന്നിങ്‌സില്‍ നിന്നും വന്നതാവട്ടെ 25 ശതമാനം അറ്റാക്കിങ് ഷോട്ടുകളും. 

ഒച്ചിഴയും പോലെയുള്ള തുടക്കം

ഒച്ചിഴയും പോലെയുള്ള തുടക്കമാണ് മറ്റൊരു പ്രശ്‌നം. സിഡ്‌നിയില്‍ ധോനിയുടെ ആദ്യ ആറ് റണ്‍സ് പിറന്നത് 37 ബോളില്‍ നിന്നും. ധോനി ക്രീസ് വിടുമ്പോള്‍ 8.50 ആയിരുന്നു ഇന്ത്യയ്ക്ക് ആവശ്യമുള്ള റണ്‍ റേറ്റ്. ധോനിയുടെ പതിഞ്ഞ തുടക്കം എത്രമാത്രം ഇന്ത്യയെ കുഴക്കിയെന്ന് ഇതില്‍ നിന്നും വ്യക്തം. 

കഴിഞ്ഞ ഒരു ദശകത്തിന് ഇടയില്‍ ഇന്ത്യക്കാരുടെ രണ്ട്  ഇന്നിങ്‌സുകള്‍ മാത്രമാണ് ധോനിയുടെ സിഡ്‌നിയിലെ ഇന്നിങ്‌സിനേക്കാളും പതിയെയായി ഉള്ളത്. അതിലൊന്ന് സിംബാബ്വെയ്‌ക്കെതിരെ 2016ല്‍ റായിഡുവിന്റേതായിരുന്നു. 2017ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ധോനി തന്നെ നേടിയ സ്‌കോറാണ് രണ്ടാമത്തേത്.

ബെസ്റ്റ് ഫിനിഷര്‍ പേര് ഇനിയും...?

ബെസ്റ്റ് ഫിനിഷര്‍ എന്ന പേരിനോട് നീതി പുലര്‍ത്താത്ത പ്രകടനമാണ് കഴിഞ്ഞ കുറേയായി കളിക്കളത്തില്‍ കാണുന്നത്. 2018ലെ ഏഷ്യാ കപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെതിരെ കണ്ടത് അതിലൊന്നായിരുന്നു. 223 റണ്‍സായിരുന്നു ഇന്ത്യ ചെയ്‌സ് ചെയ്തത്. 53.73 സ്‌ട്രൈക്ക് റേറ്റില്‍ ധോനി സ്‌കോര്‍ ചെയ്തത് 36 റണ്‍സ്, 67 ബോളില്‍ നിന്നും. അഞ്ചാമനായി ധോനി ക്രീസിലേക്ക് എത്തുമ്പോള്‍ 4.23 റണ്‍സായിരുന്നു വേണ്ട റണ്‍റേറ്റ്. ധോനി ക്രീസ് വിടുമ്പോള്‍ 4.66. ഇന്ത്യ ജയിച്ചു കയറിയത് അവസാന ബോളില്‍. 

2018 ജൂലൈയില്‍ ലോര്‍ഡ്‌സിലും ധോനി വല്ലാതെ പരാജയപ്പെട്ടു. 322 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയ ധോനി ക്രീസില്‍ എത്തുമ്പോള്‍ ഇന്ത്യയ്ക്ക് വേണ്ട റണ്‍റേറ്റ് 7.95 ആയിരുന്നു. ധോനി ഔട്ട് ആവുന്ന സമയം ആവശ്യമായ റണ്‍റേറ്റ് 30.85. 86 റണ്‍സിന് ഇന്ത്യ അവിടെ തോറ്റു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com