ചഹലിനും ധോനിക്കും നല്‍കിയത് 35000 രൂപ; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ദാരിദ്ര്യത്തിനെതിരെ ഗാവസ്‌കര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th January 2019 11:13 AM  |  

Last Updated: 19th January 2019 11:17 AM  |   A+A-   |  

dhoni1

ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും പുതു ചരിത്രമെഴുതിയാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ നിന്നും മടങ്ങുന്നത്. 2-1ന് ഇന്ത്യ ജയിച്ചു കയറിയ പരമ്പരയില്‍ താരമായ ധോനിക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ നല്‍കിയ സമ്മാനത്തുകയ്‌ക്കെതിരെയാണ് ഇപ്പോള്‍ പ്രതിഷേധം. മാന്‍ ഓഫ് ദി മാച്ചായ ചഹലിനും, മാന്‍ ഓഫ് ദി സീരിസായ ധോനിക്കും 35000 രൂപയുടെ ചെക്കാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ നല്‍കിയത്. 

ഇതിനെ വിമര്‍ശിച്ച് സുനില്‍ ഗാവസ്‌കര്‍ രംഗത്തെത്തി. സ്‌പോണ്‍സര്‍ഷിപ്പുകളില്‍ നിന്നും വലിയ വരുമാനം ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് ലഭിക്കുന്നുണ്ട്. എന്നിട്ടും ടോപ് കളിക്കാര്‍ക്ക് ഇത്രയും ചെറിയ തുക നല്‍കിയത് ശരിയായില്ലെന്ന് ഗാവസ്‌കര്‍ ചൂണ്ടിക്കാണിക്കുന്നു. സംപ്രേഷണ അവകാശം നല്‍കുന്നതിലൂടെ വലിയ വരുമാനം ലഭിച്ചിട്ടും കളിക്കാര്‍ക്ക് മോശമില്ലാത്ത സമ്മാനത്തുക നല്‍കാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. ഈ കളിക്കാര്‍ ഉള്ളത് കൊണ്ടാണ് സ്‌പോണ്‍സര്‍മാരില്‍ നിന്നും വലിയ വരുമാനം നിങ്ങള്‍ക്ക് കിട്ടുന്നതെന്നും ഗാവസ്‌കര്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയെ ഓര്‍മപ്പെടുത്തുന്നു. 

വിംബിള്‍ഡണില്‍ നല്‍കുന്ന സമ്മാനത്തുക നോക്കു. പണം സ്വരൂപിക്കുന്നതില്‍ കളിക്കാരാണ് പ്രധാന ഘടകം. അതുകൊണ്ട് അവര്‍ക്ക് മാന്യമാന പ്രതിഫലം ലഭിക്കേണ്ടതുണ്ട്. ട്രോഫി മാത്രമാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടീമിന് ലഭിച്ചതെന്നും ഗാവസ്‌കര്‍ പറയുന്നു. മൂന്ന് ഏകദിനങ്ങളില്‍ നിന്നും മൂന്ന് അര്‍ധ സെഞ്ചുറി നേടി ഇന്ത്യയുടെ പരമ്പര ജയത്തിന് ചുക്കാന്‍ പിടിച്ചായിരുന്നു ധോനി മാന്‍ ഓഫ് ദി സീരീസായത്.