കോഹ്‌ലിയുടെ 'ഇഷ്ടം' അറിയേണ്ട ; പുതിയ കോച്ചിനെ തെരഞ്ഞെടുക്കുന്നതില്‍ നിലപാട് കടുപ്പിച്ച് ബിസിസിഐ

കപില്‍ദേവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സ്റ്റിയറിംഗ് കമ്മിറ്റിയാണ് കോച്ചിനെ തെരഞ്ഞെടുക്കുക
കോഹ്‌ലിയുടെ 'ഇഷ്ടം' അറിയേണ്ട ; പുതിയ കോച്ചിനെ തെരഞ്ഞെടുക്കുന്നതില്‍ നിലപാട് കടുപ്പിച്ച് ബിസിസിഐ

മുംബൈ : ലോകകപ്പിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെ തേടുന്ന തിരക്കിലാണ് ബിസിസിഐ. ഇതിനായി ബിസിസിഐ അപേക്ഷ ക്ഷണിച്ചു. 60 വയസ്സില്‍ താഴെയുള്ളവരായിരിക്കണം അപേക്ഷകരെന്നാണ് ബിസിസിഐയുടെ നിഷ്‌കര്‍ഷ. ടെസ്റ്റ് പദവിയുള്ള രാജ്യത്തിന്റെ പരിശീലക സ്ഥാനത്ത് കുറഞ്ഞത് രണ്ട് വര്‍ഷം സേവനം അനുഷ്ഠിച്ചിരിക്കണം. കുറഞ്ഞത് 30 ടെസ്റ്റുകളും 50 ഏകദിനങ്ങളും കളിച്ചിരിക്കണം തുടങ്ങിയ നിബന്ധനകളും മുന്നോട്ടുവെച്ചിട്ടുണ്ട്. 

നിലവിലെ കോച്ച് രവിശാസ്ത്രിക്കും കോച്ചിംഗ് സ്റ്റാഫിനും വീണ്ടും അപേക്ഷിക്കുന്നതില്‍ തടസ്സമില്ല. എന്നാല്‍ അവര്‍ക്ക് കാലാവധി ഇനി നീട്ടിനല്‍കില്ലെന്നും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. ലോകകപ്പ് ആദ്യമായി ഇന്ത്യക്ക് നേടിക്കൊടുത്ത നായകന്‍ കപില്‍ദേവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സ്റ്റിയറിംഗ് കമ്മിറ്റിയാണ് കോച്ചിനെ തെരഞ്ഞെടുക്കുക. മുൻ ഇന്ത്യന്‍ താരവും കോച്ചുമായ അന്‍ഷുമാന്‍ ഗെയ്ക് വാദ്, ശാന്ത രംഗസ്വാമി എന്നിവരാണ് കോച്ചിനെ തെരഞ്ഞെടുക്കുക. 

ഈ മാസം 30 വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി. 30 ന് വൈകീട്ട് അഞ്ചുവരെയാണ് അപേക്ഷ സ്വീകരിക്കുക. പുതിയ പരിശീലകനെ തെരഞ്ഞെടുക്കുന്നതില്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുടെയോ, ടീം അംഗങ്ങളുടെയോ ഇഷ്ടം ആരായേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടെന്ന് ബിസിസിഐ അധികൃതര്‍ സൂചിപ്പിച്ചു. പൂര്‍ണമായും കപില്‍ദേവിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനമായിരിക്കും അന്തിമം. സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശ വിനോദ് റായിയുടെ നേതൃത്വത്തിലുള്ള  ബിസിസിഐ ഭരണസമിതി അംഗീകരിക്കും. 

കോഹ് ലിയുടെ ഇഷ്ടക്കേടിനെ തുടര്‍ന്ന് മുന്‍ കോച്ച് അനില്‍കുംബ്ലെയ്ക്ക് ഇടയ്ക്കുവെച്ച് പരിശീലക സ്ഥാനം രാജിവെക്കേണ്ടി വന്നതും, തുടര്‍ന്ന് രവിശാസ്ത്രിയെ കോഹ്‌ലി നിര്‍ദേശിച്ചതും പരിഗണിച്ചാണ് ബിസിസിഐ നിലപാട് കടുപ്പിച്ചത്. സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ശുപാര്‍ശയിന്മേല്‍ ടീമംഗങ്ങളുടെ അഭിപ്രായം തേടേണ്ടെന്നാണ് തീരുമാനമെന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

നേരത്തെ മുഖ്യ പരിശീലകന്റെ ഇഷ്ടപ്രകാരമാണ് സപ്പോര്‍ട്ട് സ്റ്റാഫിനെ തെരഞ്ഞെടുത്തിരുന്നത്. ഇതിലും മാറ്റം വരുത്താന്‍ ബിസിസിഐ തീരുമാനിച്ചു. കോച്ചിന്റെ സപ്പോര്‍ട്ടിംഗ് സ്റ്റാഫിനെയും കപില്‍ദേവിന്റെ നേതൃത്വത്തിലുള്ള സ്‌ക്രീനിംഗ് കമ്മിറ്റി നിശ്ചയിക്കും. കോച്ചിനെ തീരുമാനിച്ചശേഷമാണ്, സപ്പോര്‍ട്ടിംഗ് സ്റ്റാഫിനെ തെരഞ്ഞെടുക്കുന്നതില്‍, കോച്ചിനും സെലക്ഷനില്‍ പങ്കെടുക്കാം. എന്നാല്‍ കമ്മിറ്റിയുടെ തീരുമാനമായിരിക്കും അന്തിമമെന്ന് ബിസിസിഐ അറിയിച്ചു. 

നേരത്തെ രവിശാസ്ത്രിയുടെ ഇഷ്ടപ്രകാരമാണ് ബാറ്റിംഗ് കോച്ചായി സഞ്ജയ് ബംഗാറിനെയും, ബൗളിംഗ് കോച്ചായി ഭരത് അരുണിനെയും ഫീല്‍ഡിംഗ് കോച്ചായി ആര്‍ ശ്രീധറിനെയും നിയമിച്ചത്. ബാറ്റിംഗില്‍ ബാംഗറിന്റെ അഴിച്ചുപണി ഇന്ത്യന്‍ ടീമിന്റെ മധ്യനിരയെ ദുര്‍ബലപ്പെടുത്തിയെന്ന ആക്ഷേപം ശക്തമായിരുന്നു. കൂടാതെ കോഹ് ലി ഇഷ്ടക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നുവെന്നും, പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബിസിസിഐ നിലപാട് കടുപ്പിച്ചത്. 

സെപ്തംബറില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ പര്യടനത്തിനായി ഇന്ത്യയിലേക്ക് വരുന്നുണ്ട്. അതിന് മുമ്പായി ഇന്ത്യന്‍ കോച്ചിനെയും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനെയും തെരഞ്ഞെടുക്കാനാണ് നീക്കം. ലോകകപ്പോടെ രവിശാസ്ത്രിയുടെയും സംഘത്തിന്റെയും കാലാവധി അവസാനിച്ചിരുന്നു. എന്നാല്‍ ഈ മാസം തന്നെ വെസ്റ്റിന്‍ഡീസ് പര്യടനം ഉള്ളതിനാല്‍ രവിശാസ്ത്രിയുടെയും സ്റ്റാഫിന്റെയും കാലാവധി 45 ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com