'തെരുവിൽ ഫുട്ബോൾ കളിച്ചിട്ടുണ്ടോ'? മനോഹരമായ ഈ വീഡിയോ കണ്ടു നോക്കു 

ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകർ ഈ വീഡിയോ നെഞ്ചേറ്റി കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലും ഫുട്‌ബോള്‍ ഗ്രൂപ്പുകളിലും വീഡിയോ നിരവധി ആരാധകരാണ് പങ്കുവെച്ചത്
'തെരുവിൽ ഫുട്ബോൾ കളിച്ചിട്ടുണ്ടോ'? മനോഹരമായ ഈ വീഡിയോ കണ്ടു നോക്കു 

ഇസ്താംബുൾ: മനോഹരവും വ്യത്യസ്തവുമായ ഒരു വീഡിയോയുമായി തുർക്കി ഫുട്ബോൾ ക്ലബ് ട്രാബ്സോൻസ്പർ. ടീമിന്റെ പുതിയ ജേഴ്സി പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ടാണ് ടീം വീഡിയോ നിർമിച്ചത്. ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകർ ഈ വീഡിയോ നെഞ്ചേറ്റി കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലും ഫുട്‌ബോള്‍ ഗ്രൂപ്പുകളിലും വീഡിയോ നിരവധി ആരാധകരാണ് പങ്കുവെച്ചത്. 

ടീമിലെ താരങ്ങള്‍ ജഴ്‌സി അണിഞ്ഞുള്ള ഫോട്ടോ ഷൂട്ട് നടത്തുന്നതാണ് പുതിയ കിറ്റ് ഇറക്കുമ്പോൾ ടീമുകൾ ചെയ്യാറുള്ളത്. എന്നാൽ ഈ പതിവ് തെറ്റിച്ചാണ് അർഥവത്തായ ഒരു വീഡിയോയിലൂടെ ട്രാബ്സോൻസ്പർ വ്യത്യസ്തരായത്. 

തുര്‍ക്കിയിലെ ഏതോ ഒരു ഗ്രാമത്തില്‍ കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. എന്നാല്‍ ഒരു കുട്ടി മാത്രം തൊട്ടപ്പുറത്തെ കെട്ടിടത്തിന്റെ വാതിലിനരികിലിരുന്ന് ഇരുന്ന് ഈ കളി കാണുന്നു. അവന് ജഴ്‌സി ഇല്ലാത്തതിനാല്‍ ആരും കളിക്കാന്‍ കൂട്ടുന്നില്ല. അവന്റെ സങ്കടം ആ കുട്ടിയുടെ അമ്മ കണ്ടെത്തുന്നുണ്ട്. സങ്കടം മായ്ക്കാന്‍ അവന്‍ ഒരു സൂത്രം കണ്ടെത്തുന്നതാണ് പിന്നീട്. വീട്ടിലെത്തി ഈ സൂത്രം പരീക്ഷിക്കുമ്പോഴും അമ്മ ഇതെല്ലാം കാണുന്നുണ്ട്. 

ഒരു ടീഷര്‍ട്ട് എടുത്ത് അതില്‍ തുര്‍ക്കി മെസി എന്നറിയപ്പെടുന്ന അബ്ദുല്‍ ഖാദിര്‍ ഉമറിന്റെ പേരും പത്താം നമ്പറും കളര്‍ പേന കൊണ്ട് എഴുതിച്ചേര്‍ക്കും. എന്നിട്ട് ആരും കാണാതെ ആ ടീഷര്‍ട്ട് വീട്ടില്‍ സൂക്ഷിക്കും. പിന്നീട് കളിക്കാന്‍ വേണ്ടി ആ ടീ ഷര്‍ട്ട് എടുത്തു നോക്കുമ്പോള്‍ ട്രാബ്‌സോന്‍സ്പറിന്റെ പുതിയ ജഴ്‌സിയാണ് അവിടെ കാണുക. അവന്‍ ആകെ അമ്പരക്കും. സന്തോഷത്താല്‍ കണ്ണുകള്‍ വിടരും. അവന്‍ അറിയാതെ അവന്റെ അമ്മയാണ് സ്വന്തമായി നെയ്ത് പുതിയൊരു ജഴ്‌സി അവന്‍ സൂക്ഷിച്ച ടീ ഷര്‍ട്ടിന്റെ സ്ഥാനത്ത് വെയ്ക്കുന്നത്. 

ഈ വീഡിയോ സ്പാനിഷ് താരെ ജെറാർഡ് പിക്വെ ട്വിറ്ററിൽ പങ്കിട്ടു. 'നിങ്ങള്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുകയും ഒരിക്കലെങ്കിലും തെരുവില്‍ കളിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങളുടെ കണ്ണ് നനയും. മനോഹരം!'- അതിന്റെ താഴെ പിക്വെ ഇങ്ങനെ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com