സ്റ്റോക്‌സിന്റെ ക്യാച്ച് മാരകം തന്നെ; പക്ഷേ, 'ഈ ഇന്ത്യന്‍ താരമാണ് ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍'- മൈക്കല്‍ ക്ലാര്‍ക്ക്

ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്- പാകിസ്ഥാന്‍ പോരാട്ടങ്ങളില്‍ ഫീല്‍ഡിങ് മികവുകള്‍ നിര്‍ണായകമായിരുന്നു
സ്റ്റോക്‌സിന്റെ ക്യാച്ച് മാരകം തന്നെ; പക്ഷേ, 'ഈ ഇന്ത്യന്‍ താരമാണ് ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍'- മൈക്കല്‍ ക്ലാര്‍ക്ക്


ലണ്ടന്‍: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് കരുത്തരായ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ജയത്തോടെ തുടങ്ങി. മത്സരത്തിന്റെ ആവേശം മൂര്‍ധന്യത്തിലെത്തിച്ചത് കളിക്കിടെ ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് എടുത്ത അമ്പരപ്പിക്കുന്ന ക്യാച്ചായിരുന്നു. ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളില്‍ ഒന്നായി ഈ ഫീല്‍ഡിങ് പ്രകടനവും മാറി. 

ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്- പാകിസ്ഥാന്‍ പോരാട്ടങ്ങളില്‍ ഫീല്‍ഡിങ് മികവുകള്‍ നിര്‍ണായകമായിരുന്നു. ബെന്‍ സ്റ്റോക്‌സിന്റെ അത്ഭുത ക്യാച്ച് പോലെ തന്നെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസ്, എയ്ഡന്‍ മാര്‍ക്രം എന്നിവരെടുത്ത ക്യാച്ചും ശ്രദ്ധേയമായിരുന്നു. 

മികച്ച ക്യാച്ചുകള്‍ ലോകകപ്പിന്റെ തുടക്കത്തില്‍ തന്നെ കണ്ടെങ്കിലും വര്‍ത്തമാന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ ആരാണെന്ന ചോദ്യത്തിന് വ്യത്യസ്തമായ ഒരു ഉത്തരവുമായി എത്തിയിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ ഇന്ത്യയുടെ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയാണെന്ന് ക്ലാര്‍ക്ക് പറയുന്നു. 

''ലോക ക്രിക്കറ്റില്‍ രവീന്ദ്ര ജഡേജയെ മറികടക്കാന്‍ പറ്റുന്നൊരു ഫീല്‍ഡര്‍ ഇല്ല. ഔട്ട്ഫീല്‍ഡില്‍ റണ്‍സ് തടയുന്നതിനും കഠിനമായ ക്യാച്ചുകള്‍ എടുക്കുന്നതിനും നേരിട്ടെറിഞ്ഞ് റണ്ണൗട്ടാക്കുന്നതിലും എല്ലാം ജഡേജ മികവ് പുലര്‍ത്തുന്നു. ഫീല്‍ഡിങ് മികവിനാല്‍ കളിയുടെ ഗതി തന്നെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ് ജഡേജ'' - ക്ലാര്‍ക്ക് പറയുന്നു. 

ലോകകപ്പിന് മുന്നോടിയായ നടന്ന രണ്ട് സന്നാഹ മത്സരത്തിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ ജഡേജയ്ക്ക് സാധിച്ചിരുന്നു. അതേസമയം ഇന്ത്യന്‍ സംഘത്തില്‍ കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍ എന്നീ രണ്ട് റിസ്റ്റ് സ്പിന്നര്‍മാര്‍ ഉള്ളതിനാല്‍ അന്തിമ ഇലവനില്‍ ജഡേജയ്ക്ക് സ്ഥാനമുണ്ടാകുമോ എന്ന് കണ്ടറിയണം. ഈ മാസം അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം. സതാംപ്ടനിലാണ് മത്സരം നടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com