ക്രിസ്റ്റിയാനോ റൊണാള്‍ഡോ പിഎസ്ജിയിലേക്ക്? വമ്പന്‍ ഓഫറുമായി പാരിസ് ടീം

കോടികള്‍ മുടക്കി യുവന്റസില്‍ നിന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പാരിസിലെത്തിക്കാന്‍ പിഎസ്ജി ഒരുങ്ങുതായാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്
ക്രിസ്റ്റിയാനോ റൊണാള്‍ഡോ പിഎസ്ജിയിലേക്ക്? വമ്പന്‍ ഓഫറുമായി പാരിസ് ടീം

മിലാന്‍: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ യുവന്റസിലേക്കുള്ള വരവ് ഏറെ ശ്രദ്ധേയമായിരുന്നു. ഏറെക്കാലമായി കിട്ടാക്കനിയായി നില്‍ക്കുന്ന ചാമ്പ്യന്‍സ് ലീഗ് കിരീടമെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനായാണ് യുവന്റസ് റെക്കോര്‍ഡ് തുകയ്ക്ക് റയല്‍ മാഡ്രിഡില്‍ നിന്ന് റൊണാള്‍ഡോയെ ടീമിലെത്തിച്ചത്. ഇത്തവണ പക്ഷേ അവര്‍ക്ക് ചാമ്പ്യന്‍സ് ലീഗില്‍ കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കാനായില്ല.

ഇറ്റലിയില്‍ യുവന്റസ് ആണെങ്കില്‍ പാരിസില്‍ ചാമ്പ്യന്‍സ് ലീഗ് സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ശ്രമിക്കുന്നവരാണ് ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പ്യന്‍മാരായ പാരിസ് സെന്റ് ജെര്‍മെയ്ന്‍. അതിനായി റെക്കോര്‍ഡ് തുകയ്ക്ക് ബഴ്‌ലോണയില്‍ നിന്ന് നെയ്മറിനേയും മൊണാക്കോയില്‍ നിന്ന് കെയ്‌ലിയന്‍ എംബാപ്പെയേയും അവര്‍ ടീമിലെത്തിച്ചു. എന്നാല്‍ ഇരുവരുടേയും സാന്നിധ്യമുണ്ടായിട്ടും പിഎസ്ജിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം ഇപ്പോഴും അകലെ തന്നെയാണ്. 

ഇപ്പോഴിതാ പിഎസ്ജി ഒരു വന്‍ നീക്കം നടത്തിയേക്കുമെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. കോടികള്‍ മുടക്കി യുവന്റസില്‍ നിന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പാരിസിലെത്തിക്കാന്‍ പിഎസ്ജി ഒരുങ്ങുതായാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. പ്രമുഖ ഇറ്റാലിയന്‍ ഫുട്‌ബോള്‍ വാര്‍ത്താ വെബ്‌സൈറ്റായ കാല്‍സിയോമെര്‍ക്കാറ്റോയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ആയിരത്തിലധികം കോടി രൂപയാണ് പിഎസ്ജി റൊണാള്‍ഡോയെ വിട്ടു നല്‍കാന്‍ യുവന്റസിന് മുന്നില്‍ ഓഫര്‍ വച്ചിരിക്കുന്നത്. ഇതില്‍ നാനൂറ് കോടിയോളം രൂപ സീസണില്‍ ക്രിസ്റ്റ്യാനോയ്ക്ക് പ്രതിഫലമായി നല്‍കാമെന്ന ഓഫറും പാരിസ് ടീം മുന്നോട്ടു വച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഓഫര്‍ ക്രിസ്റ്റ്യാനോ അംഗീകരിച്ചതായും എന്നാല്‍ ഒരു നിബന്ധന അദ്ദേഹം മുന്നോട്ടു വച്ചതായും റിപ്പോര്‍ട്ടിലുണ്ട്. ഈ സീസണില്‍ നെയ്മറോ, എംബാപ്പെയോ ഇവരില്‍ ഒരാള്‍ പിഎസ്ജി വിടുകയാണെങ്കില്‍ താന്‍ ടീമിലേക്ക് വരാമെന്ന നിര്‍ദേശമാണ് റൊണാള്‍ഡോ മുന്നോട്ടു വച്ചിരിക്കുന്നത്. നെയ്മര്‍ വരുന്ന സീസണില്‍ ബാഴ്‌സലോണയിലേക്ക് മടങ്ങും എന്നും റയല്‍ മാഡ്രിഡ് താരത്തിനായി ശ്രമം നടത്തുന്നുണ്ട് എന്നും വാര്‍ത്തകളുണ്ടായിരുന്നു. 

നിലവില്‍ യുവന്റസിനൊപ്പമുള്ള ആദ്യ സീസണ്‍ റൊണാള്‍ഡോയെ സംബന്ധിച്ച് മികച്ചതായിരുന്നു. 2019-20 സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ മികച്ച പ്രകടനം പുറത്തെടുക്കാമെന്ന പ്രതീക്ഷയിലാണ് പോര്‍ച്ചുഗല്‍ നായകനും ടീമും. അതുകൊണ്ട് തന്നെ താരം യുവന്റസ് വിട്ട് പോകുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്. നിലവില്‍ ലഭിക്കുന്നതിനേക്കാള്‍ 155 കോടിയോളം അധിക വരുമാനം റൊണാള്‍ഡോയ്ക്ക് പിഎസ്ജി ഓഫര്‍ സ്വീകരിച്ചാല്‍ ലഭിക്കും. അതുകൊണ്ടു തന്നെ താരം എന്ത് തീരുമാനം എടുക്കും എന്നറിയനാണ് ഫുട്‌ബോള്‍ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com