ചഹലിന് മുന്നിൽ കറങ്ങി വീണ് ദക്ഷിണാഫ്രിക്ക; കരുത്തായത് വാലറ്റത്തിന്റെ രക്ഷാപ്രവർത്തനം; ഇന്ത്യക്ക് ലക്ഷ്യം 228 റൺസ്

ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിനിറങ്ങിയ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കക്കെതിരെ 228 റൺസ് വിജയ ലക്ഷ്യം
ചഹലിന് മുന്നിൽ കറങ്ങി വീണ് ദക്ഷിണാഫ്രിക്ക; കരുത്തായത് വാലറ്റത്തിന്റെ രക്ഷാപ്രവർത്തനം; ഇന്ത്യക്ക് ലക്ഷ്യം 228 റൺസ്

സതാംപ്ടൻ: ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിനിറങ്ങിയ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കക്കെതിരെ 228 റൺസ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 227 റൺസ് സ്വന്തമാക്കി. മുൻനിര ബാറ്റ്സ്മാൻമാർ പരാജയപ്പെട്ടപ്പോൾ വാലറ്റത്തിന്റെ കരുത്തിലാണ് ദക്ഷിണാഫ്രിക്ക 200 കടന്നത്. 

കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്കയെ എട്ടാം വിക്കറ്റിൽ ക്രിസ് മോറിസ്- ക​ഗിസോ റബാഡ സഖ്യമാണ് വലിയ തകർച്ചയിൽ നിന്ന് കരകയറ്റിയത്. ഇരുവരും അർധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തി. എട്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 66 റൺസെടുത്തു. 

34 പന്തിൽ ഒരു ബൗണ്ടറിയും രണ്ട് സിക്സും സഹിതം 42 റൺസെടുത്ത ക്രിസ് മോറിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. റബാഡ 35 പന്തിൽ രണ്ടു ബൗണ്ടറി സഹിതം 31 റൺസുമായി പുറത്താകാതെ നിന്നു. വാലറ്റത്ത് ആൻഡിൽ ഫെലുക്‌വായോയുടെ (61 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 34) ചെറുത്തു നിൽപ്പും ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിൽ നിർണായകമായി. ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിസ് (54 പന്തിൽ 38), വാൻഡർ ഡ്യൂസൻ (37 പന്തിൽ 22), ഡേവിഡ് മില്ലർ (40 പന്തിൽ 31) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം, ഹാഷിം അംല (ഒൻപതു പന്തിൽ ആറ്), ക്വിന്റൺ ഡി കോക്ക് (17 പന്തിൽ 10), ജീൻപോൾ ഡുമിനി (11 പന്തിൽ മൂന്ന്), ഇമ്രാൻ താഹിർ (പൂജ്യം) എന്നിവർ നിരാശപ്പെടുത്തി.

ഇന്ത്യയ്ക്കായി യുസ്‌വേന്ദ്ര ചഹൽ 51 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വർ കുമാർ, ജസ്പ്രിത് ബുമ്റ എന്നിവർ രണ്ട് വീതം വിക്കറ്റുകളും കുൽദീപ് യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി. നാല് ഓവറിൽ 51 റൺസ് വഴങ്ങി ഫാഫ് ഡുപ്ലസിസ്, വാൻഡർ ഡ്യൂസൻ, ഡേവിഡ് മില്ലർ, ഫെലുക്‌വായോ എന്നിവരെയാണ് ചഹൽ കൂടാരം കയറ്റിയത്. ജസ്പ്രീത് ബുമ്ര 10 ഓവറിൽ 35 റൺസ് വഴങ്ങിയും ഭുവനേശ്വർ കുമാർ 10 ഓവറിൽ 44 റൺസ് വഴങ്ങിയുമാണ് രണ്ട് വീതം വിക്കറ്റെടുത്തത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ജസ്പ്രീത് ബുമ്രയുടെ കൃത്യതയ്ക്ക് മുന്നിൽ അടിപതറി. 24 റൺസിനിടെ രണ്ട് വിക്കറ്റ് നഷ്ടമാക്കിയ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്നാം വിക്കറ്റിൽ 54 റൺസ് കൂട്ടിച്ചേർത്ത ഡുപ്ലസിസ്- വാൻഡർ ഡ്യൂസൻ എന്നിവരാണ് ജീവശ്വാസം പകർന്നത്. ഇതിനു പിന്നാലെ 11 റൺസിനിടെ മൂന്ന് വിക്കറ്റ് നഷ്ടമാക്കി വീണ്ടും തകർച്ചയിലേക്കു അവർ നീങ്ങി. 

എന്നാൽ വാലറ്റം അവരെ കരകയറ്റുകയായിരുന്നു. ആറാം വിക്കറ്റിൽ 46 റൺസ് കൂട്ടിച്ചേർത്ത് ഡേവിഡ് മില്ലർ- ഫെലുക്‌വായോ സഖ്യമാണ് ആദ്യം പ്രതിരോധം തീർത്തത്. മില്ലറിനെ സ്വന്തം ബൗളിങ്ങിൽ പിടികൂടി ചാഹൽ കൂട്ടുകെട്ട് പൊളിച്ചെങ്കിലും ക്രിസ് മോറിസിനെ കൂട്ടുപിടിച്ച് ഫെലുക്‌വായോ പോരാട്ടം തുടർന്നു. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്നെടുത്തത് 23 റൺസ്. ഫെലുക്‌വായോയെ പുറത്താക്കി വീണ്ടും ചഹൽ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു.

ഇതിന് ശേഷമാണ് ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടിന്റെ പിറവി. എട്ടാം വിക്കറ്റിൽ ഇന്ത്യൻ ബൗളിങ്ങിനെ ഫലപ്രദമായി പ്രതിരോധിച്ചാണ് മോറിസ്- റബാഡ സഖ്യം 66 റൺസാണ് കൂട്ടിച്ചേർത്ത് പൊരുതാവുന്ന സ്കോറിലേക്ക് ദക്ഷിണാഫ്രിക്കയെ എത്തിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com