അഫ്ഗാനിസ്ഥാന് കനത്ത തിരിച്ചടി; സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്

താരത്തിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇക്രം അലി ഖില്‍ ടീമില്‍ ഇടംപിടിച്ചു
അഫ്ഗാനിസ്ഥാന് കനത്ത തിരിച്ചടി; സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്

ലണ്ടന്‍: ആദ്യ രണ്ട് മത്സരങ്ങളും തോറ്റെങ്കിലും ലോകകപ്പില്‍ അത്ഭുത പ്രകടനം നടത്താമെന്ന ആത്മവിശ്വാസത്തിലാണ് അഫ്ഗാനിസ്ഥാന്‍. എന്നാല്‍ അവരുടെ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണിപ്പോള്‍. 

ഓപണിങ് ബാറ്റ്‌സ്മാനും അവരുടെ മികച്ച റണ്‍ സ്‌കോററും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് ഷഹ്‌സാദ് ലോകകപ്പില്‍ നിന്ന് പുറത്തായി. കാല്‍മുട്ടിനേറ്റ പരുക്കാണ് താരത്തിന് വിനയായി മാറിയത്. ലോകകപ്പിന് മുന്നോടിയായി നടന്ന പാകിസ്ഥാനെതിരായ സന്നാഹ മത്സരത്തിനിടെയായിരുന്നു താരത്തിന് പരുക്കേറ്റത്. ഇത് പൂര്‍ണമായും ഭേദമാകാതെ താരം ഓസ്‌ട്രേലിയ, ശ്രീലങ്ക ടീമുകള്‍ക്കെതിരായ മത്സരത്തില്‍ കളിക്കുകയായിരുന്നു. ഇതോടെ പരുക്ക് കൂടുതല്‍ വഷളായി. 

താരത്തിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇക്രം അലി ഖില്‍ ടീമില്‍ ഇടംപിടിച്ചു. താരത്തെ ടീമിലെടുക്കാന്‍ ഐസിസിയുടെ സാങ്കേതിക സമിതി അനുമതി നല്‍കിയിട്ടുണ്ട്. 

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടാമത്തെ റണ്‍ സ്‌കോററാണ് മുഹമ്മദ് ഷെഹ്‌സാദ്. 55 ഏകദിന മത്സരങ്ങളില്‍ നിന്ന് 1843 റണ്‍സ് താരം സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തില്‍ ആറ് സെഞ്ച്വറികളുമുണ്ട്. നാളെ നടക്കുന്ന മൂന്നാം മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ന്യൂസിലന്‍ഡുമായി ഏറ്റുമുട്ടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com