പീഡനാരോപണം നെയ്മര്‍ക്ക് നേരെ വാളോങ്ങുന്നു; നൈക്ക് സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറിയേക്കും, മുഖം തിരിഞ്ഞ് മറ്റ് കമ്പനികളും

മക്‌ഡൊണാള്‍ഡ്, ഗില്ലെറ്റ്, ബ്രസീലിയന്‍ എയര്‍ലൈന്‍ കമ്പനിയായ ഗോള്‍ ലിന്‍ഹാസ് എരിയസ് എന്നിവയും നെയ്മറുമായുള്ള കരാറില്‍ നിന്നും പിന്മാറാന്‍ ഒരുങ്ങുകയാണെന്നാണ് സൂചന
പീഡനാരോപണം നെയ്മര്‍ക്ക് നേരെ വാളോങ്ങുന്നു; നൈക്ക് സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറിയേക്കും, മുഖം തിരിഞ്ഞ് മറ്റ് കമ്പനികളും

പിഡനാരോപണം നേരിടുന്ന ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് വീണ്ടും തിരിച്ചടി. നെയ്മറെ സ്‌പോണ്‍സര്‍ ചെയ്യുന്നതില്‍ നിന്നും നൈക്ക് പിന്മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. നെയ്മര്‍ക്കെതിരായ പീഡനാരോപണം നൈക്ക് ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പാരീസിലേക്ക് വിളിച്ചു വരുത്തി നെയ്മര്‍ തന്നെ പീഡനത്തിന് ഇരയാക്കിയെന്ന യുവതിയുടെ ആരോപണത്തില്‍ അന്വേഷണം പുരോഗമിക്കവെയാണ് സ്‌പോണ്‍സര്‍ ഡീലില്‍ നിന്നും പിന്മാറാന്‍ നൈക്ക് ഒരുങ്ങുന്നത്. നൈക്കിന് പുറമെ, മക്‌ഡൊണാള്‍ഡ്, ഗില്ലെറ്റ്, ബ്രസീലിയന്‍ എയര്‍ലൈന്‍ കമ്പനിയായ ഗോള്‍ ലിന്‍ഹാസ് എരിയസ് എന്നിവയും നെയ്മറുമായുള്ള കരാറില്‍ നിന്നും പിന്മാറാന്‍ ഒരുങ്ങുകയാണെന്നാണ് സൂചന. 

നെയ്മര്‍ക്കെതിരായ അന്വേഷണത്തില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നതിന് ശേഷമാവും കമ്പനികള്‍ കരാറില്‍ നിന്നും പിന്മാറുന്ന് കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. തനിക്കെതിരായ പീഡനാരോപണങ്ങള്‍ നിഷേധിച്ച് നെയ്മര്‍ രംഗത്തെത്തിയിരുന്നു. ആരോപണം ഉന്നയിക്കുന്ന യുവതിയുമായുള്ള വാട്‌സ് ആപ്പ് ചാറ്റിന്റെ ദൃശ്യങ്ങളും നെയ്മര്‍ തന്റെ ഭാഗം വിശദീകരിച്ചെത്തിയ വീഡിയോയില്‍ കാണിക്കുകയുണ്ടായി. ഉഭയസമ്മത പ്രകാരമാണ് ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടത് എന്നാണ് നെയ്മറുടെ വിശദീകരണം. 

കളിക്കളത്തിന് പുറത്തും തിരിച്ചടിയാണ് നെയ്മര്‍ക്ക് നേരെ വരുന്നത്. പരിക്കിനെ തുടര്‍ന്ന് കോപ്പ അമേരിക്കയില്‍ നെയ്മര്‍ കളിക്കില്ല. നേരത്തെ, ബ്രസീലിന്റെ നായക സ്ഥാനത്ത് നിന്നും നെയ്മറെ മാറ്റിയിരുന്നു. ആരാധകനെ മര്‍ദ്ദിച്ചും, ഒഫീഷ്യലുകളെ പരിഹസിച്ചും അച്ചടക്ക ലംഘനം കാട്ടി മത്സരങ്ങളില്‍ നിന്നും വിലക്ക് വാങ്ങിയിരുന്നു നെയ്മര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com