കോപ്പ അമേരിക്ക; ബ്രസീൽ- അർജന്റീന സ്വപ്ന പോരാട്ടത്തിന് സാധ്യത; ക്വാർട്ടർ മത്സരങ്ങൾ ഇങ്ങനെ

മൂന്ന് ഗ്രൂപ്പുകളിലേയും ആദ്യ രണ്ട് സ്ഥാനക്കാർക്കൊപ്പം, ഏറ്റവും മികച്ച രണ്ട് മൂന്നാം സ്ഥാനക്കാരുമാണ് ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്
കോപ്പ അമേരിക്ക; ബ്രസീൽ- അർജന്റീന സ്വപ്ന പോരാട്ടത്തിന് സാധ്യത; ക്വാർട്ടർ മത്സരങ്ങൾ ഇങ്ങനെ

റിയോ ഡി ജനീറോ: ​ഗ്രൂപ്പ് ​ഘട്ടത്തിലെ മത്സരങ്ങൾ അവസാനിച്ച് കോപ്പ അമേരിക്ക പോരാട്ടം ക്വാർട്ടറിലേക്ക് കടന്നു. മൂന്ന് ഗ്രൂപ്പുകളിലേയും ആദ്യ രണ്ട് സ്ഥാനക്കാർക്കൊപ്പം, ഏറ്റവും മികച്ച രണ്ട് മൂന്നാം സ്ഥാനക്കാരുമാണ് ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. എ ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരായി ബ്രസീൽ, വെനസ്വെല എന്നിവരും, ബി ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരായി കൊളംബിയ, അർജന്റീന എന്നിവരും ക്വാർട്ടറിലെത്തിയപ്പോൾ, ഉറുഗ്വെ, ചിലി ടീമുകളാണ് സി ഗ്രൂപ്പിൽ നിന്ന് ക്വാർട്ടർ യോഗ്യത നേടിയത്. ഈ ടീമുകൾക്ക്‌ പുറമേ എ ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായ പെറുവും, ബി ഗ്രൂപ്പിലെ‌ മൂന്നാം സ്ഥാനക്കാരായ പരാഗ്വെയും മികച്ച രണ്ട് മൂന്നാം സ്ഥാനക്കാരായി ക്വാർട്ടറിറിലേക്ക് മുന്നേറി.

ആതിഥേയരായ ബ്രസീലിന് പരാഗ്വെയും, അർജന്റീനയ്ക്ക്, വെനസ്വേലയുമാണ് ക്വാർട്ടറിൽ എതിരാളികൾ. ഈ മത്സരങ്ങളിലെ വിജയികൾ ആദ്യ സെമി‌ ഫൈനലിൽ ഏറ്റുമുട്ടും. അർജന്റീനയും, ബ്രസീലും ക്വാർട്ടർ ജയിച്ചു വന്നാൽ സെമിയിൽ ഇരുവരും തമ്മിലുള്ള പോരാട്ടം ആരാധകർക്ക് കാണാമെന്ന് ചുരുക്കം. 

ലോക ഫുട്ബോളിലെ ഈ സ്വപ്ന പോരാട്ടം സംഭവിക്കാൻ സാധ്യതയുണ്ടെന്നതിനാൽ ഫുട്ബോൾ ആരാധകർ ആവേശത്തിലാണ്. കൊളംബിയയും ചിലിയും തമ്മിൽ മൂന്നാം ക്വാർട്ടറും, ഉറുഗ്വെയും, പെറുവും തമ്മിൽ നാലാം ക്വാർട്ടറും നടക്കും. ഈ മത്സരങ്ങളിലെ വിജയികൾ രണ്ടാം സെമിയിൽ ഏറ്റുമുട്ടും.

ഈ മാസം 28ന് നടക്കുന്ന ആദ്യ ക്വാർട്ടറിൽ ബ്രസീൽ- പരാ​ഗ്വെയുമായി ഏറ്റുമുട്ടും. രാവിലെ ആറ് മണിക്കാണ് മത്സരം. അന്ന് രാത്രി 12.30ന് നടക്കുന്ന രണ്ടാം ക്വാർട്ടറിൽ അർജന്റീന- വെനസ്വെലയുമായി ഏറ്റുമുട്ടും. 29ന് മൂന്നാം ക്വാർട്ടറിൽ കൊളംബിയ- ചിലി പോരാട്ടം കാണാം. പുലർച്ചെ 4.30നാണ് മത്സരം. അവസാന ക്വാർട്ടറിൽ ഉറു​ഗ്വെ- പെറുവുമായി ഏറ്റുമുട്ടും. 29ന് രാത്രി 12.30നാണ് മത്സരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com