സെമി ഉറപ്പിക്കാന്‍ ന്യൂസിലന്‍ഡ്; പാകിസ്ഥാന് വിജയം അനിവാര്യം; ബിര്‍മിങ്ഹാമില്‍ തീപ്പാറും പോരാട്ടം 

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് പാകിസ്ഥാന്‍- ന്യൂസിലന്‍ഡ് പോരാട്ടം
സെമി ഉറപ്പിക്കാന്‍ ന്യൂസിലന്‍ഡ്; പാകിസ്ഥാന് വിജയം അനിവാര്യം; ബിര്‍മിങ്ഹാമില്‍ തീപ്പാറും പോരാട്ടം 

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് പാകിസ്ഥാന്‍- ന്യൂസിലന്‍ഡ് പോരാട്ടം. ഇന്ത്യയെക്കൂടാതെ ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെ മുന്നേറുന്ന ടീമാണ് ന്യൂസിലന്‍ഡ്. നിലവില്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് കിവികള്‍ ഉള്ളത്. ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ അവര്‍ക്ക് സെമിയിലേക്ക് കടക്കാം. സെമി സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ പാകിസ്ഥാന്‍ ഇന്ന് വിജയം അനിവാര്യമാണ്. 

വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ തോല്‍വി മുഖാമുഖം കണ്ട ശേഷം അഞ്ച് റണ്‍സിന്റെ വിജയം പിടിച്ചെടുത്താണ് ന്യൂസിലന്‍ഡ് നില്‍ക്കുന്നത്. 46 റണ്‍സ് വിജയത്തിലേക്ക് വേണ്ടിയിരിക്കെ ഒന്‍പത് വിക്കറ്റുകള്‍ വിന്‍ഡീസിന് നഷ്ടമായിരുന്നു. അവിടെ നിന്ന് തോല്‍വിയുടെ ആഘാതം അഞ്ച് റണ്‍സാക്കി കുറയ്ക്കാന്‍ വിന്‍ഡീസിനായി. ഒരുവേള അവര്‍ വിജയത്തിന്റെ വക്കിലെത്തിയിരുന്നു. അവസാന ഘട്ടത്തില്‍ ബൗളിങ് കരുത്ത് ചോര്‍ന്നതാണ് അവരെ വെട്ടിലാക്കിയത്. 

ഈ വിഷയത്തിന് പരിഹാരം കണ്ടെത്തേണ്ടത് ടീമിനെ സംബന്ധിച്ച് മുന്നോട്ടുള്ള പ്രയാണത്തില്‍ നിര്‍ണായകമാണ്. ഒപ്പം തന്നെ ഫീല്‍ഡിങില്‍ കാണിക്കുന്ന അലംഭാവവും അവര്‍ക്ക് വലിയ വില നല്‍കേണ്ട അവസ്ഥയുണ്ടാക്കുന്നു. 

തുടരെ രണ്ട് സെഞ്ച്വറികള്‍ നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്‍, വെറ്ററന്‍ താരം റോസ് ടെയ്‌ലര്‍ എന്നിവരുടെ ബാറ്റിങ് ഫോം ടീമിന് കരുത്താണ്. ബൗളിങില്‍ ട്രെന്റ് ബോള്‍ട്ടും വൈവിധ്യം സമ്മാനിക്കുന്നു. 

മറുഭാഗത്ത് ഇന്ത്യയോടേറ്റ തോല്‍വിയടക്കമുള്ള വിഷയങ്ങള്‍ മറന്ന് ദക്ഷിണാഫ്രിക്കക്കെതിരെ ആധികാരിക വിജയം സ്വന്തമാക്കിയതിന്റെ കരുത്തിലാണ് പാകിസ്ഥാന്‍. ഷൊയ്ബ് മാലിക്കിന് പകരം കളിക്കാന്‍ അവസരം കിട്ടിയ ഹാരിസ് സൊഹൈലിന്റെ വരവ് പാക് ബാറ്റിങിനെ കരുത്തുറ്റതാക്കി മാറ്റി. താരത്തിന്റെ മിന്നല്‍ ബാറ്റിങാണ് കഴിഞ്ഞ കളിയില്‍ അവര്‍ക്ക് വിജയം സമ്മാനിച്ചത്. 

ന്യൂസിലന്‍ഡ് ഓപണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്റ്റിലിനും കോളിന്‍ മണ്‍റോയ്ക്കും മികച്ച തുടക്കം നല്‍കാന്‍ സാധിക്കുന്നില്ല. ഇടംകൈയന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ ഇരുവരും പരാജയപ്പെടുന്നു. പാകിസ്ഥാന്റെ പ്രധാന ആയുധമായ മുഹമ്മദ് ആമിര്‍ ആദ്യ ഓവറുകളില്‍ ഇരുവര്‍ക്കും വെല്ലുവിളിയായേക്കും. 

ഈ ലോകകപ്പില്‍ ഇതുവരെ ടീമെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ കൈവിട്ട ടീമാണ് പാകിസ്ഥാന്റേത്. 14 ക്യാച്ചുകളാണ് അവര്‍ വിട്ടുകളഞ്ഞത്. ടീമെന്ന നിലയില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പാക് ടീം പരിഹരിച്ചാല്‍ മാത്രം അവരുടെ മുന്നോട്ടുള്ള യാത്ര സുഗമമാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com