കേദാര്‍ ജാദവ് ഇന്ത്യയുടെ ഭാഗ്യമാണ്, സംശയമുള്ളവര്‍ക്ക് കണക്കുകള്‍ നോക്കാം

ജാദവിന്റെ ഓള്‍ റൗണ്ട് മികവ് ഹൈദരാബാദില്‍ ഇന്ത്യന്‍  ജയത്തില്‍ നിര്‍ണായകമായിരുന്നു
കേദാര്‍ ജാദവ് ഇന്ത്യയുടെ ഭാഗ്യമാണ്, സംശയമുള്ളവര്‍ക്ക് കണക്കുകള്‍ നോക്കാം

നാല് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. അവിടെ നിന്ന് ഒന്നിച്ച ധോനിയും ജാദവും വിജയ ലക്ഷ്യം തൊട്ട് മടങ്ങി പോവുക മാത്രമായിരുന്നില്ല. ലോക കപ്പ് മുന്നില്‍ നില്‍ക്കെ മധ്യനിര ശക്തമാണ് എന്ന ആശ്വാസം കൂടിയാണ് ഇരുവരും നല്‍കിയത്. 

87 പന്തില്‍ നിന്നും 9 ഫോറും ഒരു സിക്‌സും പറത്തിയാണ് ജാദവ് 81 റണ്‍സ് എടുത്ത് പുറത്താവാതെ നിന്നത്. ജാദവിന്റെ ഓള്‍ റൗണ്ട് മികവ് ഹൈദരാബാദില്‍ ഇന്ത്യന്‍  ജയത്തില്‍ നിര്‍ണായകമായിരുന്നു. കേദാര്‍ ജാദവ് ഇന്ത്യയുടെ ഭാഗ്യമാണെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് ഇപ്പോള്‍ വരുന്നത്. 

കേദാര്‍ ഇന്ത്യന്‍ പ്ലേയിങ് ഇലവന്റെ ഭാഗമായ 55 കളികളില്‍ 44ലും ഇന്ത്യ ജയിച്ചു. വിജയശതമാനം 80. 50 ഏകദിനമോ, അതില്‍ കൂടുതലോ കളിച്ച താരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിജയ ശതമാനം ജാദവിന്റേത് തന്നെ. ഈ കളികളില്‍ ജാദവ് നാല് ഓവര്‍ എങ്കിലും എറിഞ്ഞിട്ടുണ്ടെങ്കില്‍ ഇന്ത്യയുടെ വിജയ ശതമാനം 85.71 ശതമാനമായി ഉയരുന്നുമുണ്ട്, 21 മത്സരം കളിച്ചതില്‍ 18ലും ജയം, തോറ്റത് രണ്ട് കളിയില്‍ മാത്രം, ഒരു കളി സമനിലയായി. 

ബാറ്റ്‌സ്മാന്റെ മനസ് വായിച്ചിട്ടാണ് ഞാന്‍ ബൗള്‍ ചെയ്യുന്നത്. ഒരു ബൗളറാണ് ഞാന്‍ എന്ന ചിന്ത എനിക്കില്ല. എന്റെ ഉത്തരവാദിത്വം ആസ്വദിക്കുകയാണ് ഞാന്‍ ചെയ്യുന്നത് എന്നാണ് കളിക്ക് ശേഷം ജാദവ് പറയുന്നത്. അഞ്ചാം വിക്കറ്റില്‍ ധോനിയും ജാദവും ചേര്‍ന്ന് 141 റണ്‍സിന്റെ കൂട്ടുകെട്ടാണ് തീര്‍ത്തത്. ഏഴ് ഓവര്‍ എറിഞ്ഞ ജാദവ് ഇന്ത്യയ്ക്ക് തലവേദന തീര്‍ത്തിരുന്ന ഖവാജ-സ്‌റ്റൊയ്‌നിസ് കൂട്ടുകെട്ട് പൊളിച്ച് ഒരു വിക്കറ്റും നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com