രണ്ടക്കം കടക്കാതെ മുൻനിര തകർന്നു; ഇന്ത്യൻ വനിതകൾക്കെതിരെ ആദ്യ ടി20യിൽ അനായാസ ജയവുമായി ഇം​ഗ്ലണ്ട് 

ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ആദ്യ ടി20 പോരാട്ടത്തിൽ ഇന്ത്യൻ വനിതകൾക്ക് തോല്‍വി
രണ്ടക്കം കടക്കാതെ മുൻനിര തകർന്നു; ഇന്ത്യൻ വനിതകൾക്കെതിരെ ആദ്യ ടി20യിൽ അനായാസ ജയവുമായി ഇം​ഗ്ലണ്ട് 

ഗുവാഹത്തി: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ആദ്യ ടി20 പോരാട്ടത്തിൽ ഇന്ത്യൻ വനിതകൾക്ക് തോല്‍വി. ​ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ 41 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെടുക്കാനെ കഴിഞ്ഞുള്ള. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലെത്തി.

ഇന്ത്യയുടെ നാല് മുന്‍നിര താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായി. ഹര്‍ലിന്‍ ഡിയോള്‍ (എട്ട്), സ്മൃതി മന്ധാന (രണ്ട്), ജമീമ റോഡ്രിഗസ് (രണ്ട്), മിതാലി രാജ് (ഏഴ്) എന്നിവരാണ് രണ്ടക്കം കാണാതെ മടങ്ങിയത്. പുറത്താവാതെ 23 നേടിയ ശിഖ പാണ്ഡയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ദീപ്തി ശര്‍മ (22) പുറത്താകാതെ നിന്നു. വേദ കൃഷ്ണമൂര്‍ത്തി (15), അരുന്ധതി റെഡ്ഡി (18) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. കാതറിന്‍ ബ്രന്റ്, ലിന്‍സി സ്മിത്ത് എന്നിവര്‍ ഇംഗ്ലണ്ടിനായി രണ്ട് വിക്കറ്റെടത്തു.

നേരത്തെ ഇംഗ്ലണ്ടിനായി ടമ്മി ബ്യൂമോന്റ് (62), ഹെതര്‍ നൈറ്റ് (40), ഡാനില്ലേ വ്യാറ്റ് (35) എന്നിവരാണ് തിളങ്ങിയത്. തകര്‍പ്പന്‍ തുടക്കമായിരുന്നു ഇംഗ്ലണ്ടിന്. വ്യാറ്റ്- ബ്യൂമോന്റ് സഖ്യം ഒന്നാം വിക്കറ്റില്‍ 89 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കായി രാധ യാദവ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ശിഖ പാണ്ഡെ, ദീപ്തി ശർമ എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com