നാല് പേരുണ്ട്, വീണ് പോവുന്നവര്‍; ധോനി ചെയ്തത് തന്നെ പന്ത് ആവര്‍ത്തിക്കുമ്പോള്‍!

റോബിന്‍ ഉത്തപ്പ, ദിനേശ് കാര്‍ത്തിക്, പാര്‍ഥീവ് പട്ടേല്‍ എന്നിങ്ങനെ, ധോനിയുടെ പ്രഭാവത്തില്‍ പിന്നിലേക്ക് മാറ്റപ്പെട്ടവരെ നോക്കിയാല്‍ തന്നെ ഇക്കാര്യം വ്യക്തമാവും
നാല് പേരുണ്ട്, വീണ് പോവുന്നവര്‍; ധോനി ചെയ്തത് തന്നെ പന്ത് ആവര്‍ത്തിക്കുമ്പോള്‍!

ഭാഗ്യക്കേടിന്റെ കളികള്‍ ക്രിക്കറ്റ് ലോകത്ത് തെളിഞ്ഞു കാണാം. കഴിവ് പ്രകടിപ്പിച്ചിട്ടും ടീമില്‍ ഇടം ലഭിക്കാതെ പോവുന്ന താരങ്ങള്‍ ആരാധകര്‍ക്കും വേദനയാണ്. തങ്ങളുടെ റോള്‍ തങ്ങളേക്കാള്‍ നന്നായി നിര്‍വഹിക്കുന്ന ഒരാള്‍ വരുന്നതോടെ ഇവര്‍ക്ക് പിന്നിലേക്ക് മാറി നില്‍ക്കുകയല്ലാതെ വേറെ വഴിയില്ല. റോബിന്‍ ഉത്തപ്പ, ദിനേശ് കാര്‍ത്തിക്, പാര്‍ഥീവ് പട്ടേല്‍ എന്നിങ്ങനെ, ധോനിയുടെ പ്രഭാവത്തില്‍ പിന്നിലേക്ക് മാറ്റപ്പെട്ടവരെ നോക്കിയാല്‍ തന്നെ ഇക്കാര്യം വ്യക്തമാവും. 

ധോനിയുടെ കാര്യത്തില്‍ സംഭവിച്ചത് റിഷഭ് പന്തിന്റെ കാര്യത്തിലും ആവര്‍ത്തിച്ചേക്കും എന്നതിന്റെ സൂചനയാണ് ഇപ്പോള്‍ വരുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ വലിയ പ്രതീക്ഷയാണ് പന്ത് നല്‍കി കഴിഞ്ഞത്. വൃധിമാന്‍ സാഹയുടെ പരിക്കിനെ തുടര്‍ന്ന് സൗത്ത് ആഫ്രിക്കന്‍ പരമ്പരയില്‍ ഇന്ത്യ പല വിക്കറ്റ് കീപ്പര്‍മാരെ പരീക്ഷിച്ചുവെങ്കിലും രക്ഷയുണ്ടായില്ല. 

ഒടുവില്‍ ഇംഗ്ലണ്ടിനെതിരെ ട്രെന്റ് ബ്രിഡ്ജില്‍ പന്തിനെ ഇന്ത്യ ഇറക്കി. ഓവലില്‍ സെഞ്ചുറി നേടി പന്ത് തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. ഓസ്‌ട്രേലിയന്‍ പരമ്പരയിലും പന്ത് സെഞ്ചുറിയിലേക്കെത്തി. 2018ലെ ഐസിസിയിലെ എമര്‍ജിങ് പ്ലേയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയാണ് പന്ത് ക്രിക്കറ്റിലെ തന്റെ സ്ഥാനം ഉറപ്പിച്ചത്. ഈ ഫോം പന്ത് നിലനിര്‍ത്തിയാല്‍ ഈ വിക്കറ്റ് കീപ്പര്‍മാര്‍ക്ക് അത് തിരിച്ചടി തന്നെയാവും...

സഞ്ജു സാംസണ്‍

ഐപിഎല്ലിലും, ഡൊമസ്റ്റിക് ക്രിക്കറ്റിലും സ്ഥിരത കൊണ്ടുവരുവാന്‍ സഞ്ജുവിന് കഴിയുന്നുണ്ട്. പക്ഷേ ഈ അടുത്ത് ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിന് വിളി എത്തില്ലെന്ന് വ്യക്തം. 19ാം വയസില്‍ 2013ല്‍ ഐപിഎല്ലില്‍ അരങ്ങേറിയ പന്ത് 2018ല്‍ തന്റെ മികവിലേക്കെത്തി. 15 കളിയില്‍ നിന്നും 441 റണ്‍സാണ് സഞ്ജു നേടിയത്. 

2018ലെ മികച്ച പ്രകടനത്തോടെ സഞ്ജുവിന് ഇന്ത്യന്‍ എ ടീമിലേക്ക് വിളിയെത്തി. പക്ഷേ യോ യോ ടെസ്റ്റിലെ തോല്‍വി തിരിച്ചടിച്ചു. 2015ല്‍ സിംബാബ്വെയ്‌ക്കെതിരായ ട്വന്റി20 ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നു. 19 റണ്‍സാണ് അന്ന് സഞ്ജുവിന് സ്‌കോര്‍ ചെയ്യുവാനായത്. പിന്നാലെ സഞ്ജുവിനെ ടീമില്‍ നിന്നും പുറത്താക്കുകയും ചെയ്തു. 

ഇഷാന്‍ കിഷന്‍

പന്തിന് വെല്ലുവിളി ഉയര്‍ത്തുന്നവരില്‍ മുന്നിലുള്ള ബിഹാറിന്റെ ഇഷാന്‍ കിഷന്‍. ഇന്ത്യയുടെ അണ്ടര്‍ 19 ലോക കപ്പ് ടീം ക്യാപ്റ്റനായിരിക്കെ ബാറ്റ്‌സ്മാനായി തിളങ്ങിയില്ലെങ്കിലും ഇഷാന്റെ ക്യാപ്റ്റന്‍സിയായിരുന്നു ഇന്ത്യയെ ഫൈനലിലേക്ക് എത്തിച്ചത്. 2016-17ലെ രഞ്ജി സീസണിലെ കളി ഇഷാന്റെ സാധ്യതകള്‍ വര്‍ധിപ്പിച്ചു. ഡബിള്‍ സെഞ്ചുറി ഉള്‍പ്പെടെ 799 റണ്‍സാണ് ഇഷാന്‍ സ്‌കോര്‍ ചെയ്തത്. 

പന്ത് ഇല്ലെങ്കില്‍ ഇഷാന്‍ കിഷനെയാവും ഹാര്‍ഡ് ഹിറ്റിങ് മിഡില്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാനായി ഇന്ത്യ പരിഗണിക്കാന്‍ കൂടുതല്‍ സാധ്യത. ഏറ്റവും ഒടുവില്‍ സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ 55 പന്തില്‍ ഇഷാന്‍ സെഞ്ചുറിയും നേടിയിരുന്നു. 

ശ്രീകര്‍ ഭാരത്

കഴിഞ്ഞ ആറ് വര്‍ഷമായി ആന്ധ്രയ്ക്ക് വേണ്ടി റണ്‍സ് വാരുകയാണ് ശ്രികര്‍ ഭാരത് എന്ന വിക്കറ്റ് കീപ്പര്‍. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമായെങ്കിലും ഒരു മത്സരം പോലും കളിച്ചില്ല. പക്ഷേ ഇന്ത്യ എ ടീമിലേക്ക് അവസരം ലഭിച്ച ശ്രീകര്‍ അവിടെ മികച്ച കളി പുറത്തെടുത്തു.

അടുത്തിടെ അവസാനിച്ച ഇംഗ്ലണ്ട് ലയേണ്‍സിനെതിരായ ഇന്ത്യ എയുടെ ടെസ്റ്റില്‍ ശ്രീകര്‍ സെഞ്ചുറി നേടിയിരുന്നു. ഐപിഎല്ലില്‍ ശ്രീകറിനെ വാങ്ങുവാന്‍ തയ്യാറാവാതിരുന്ന ക്ലബുകള്‍ക്കുള്ള മറുപടിയായിരുന്നു താരത്തിന്റെ ഈ സെഞ്ചുറി. 

ഹര്‍വിക് ദേശായി 

2018ലെ അണ്ടര്‍ 19 ലോക കപ്പിന് ശേഷമാണ് ഹര്‍വിക്കിന്റെ പേര് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് പറഞ്ഞു കേള്‍ക്കുന്നത്. 2018-19 രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രയ്ക്ക് വേണ്ടി 11 മത്സരങ്ങളില്‍ നിന്നും 781 റണ്‍സാണ് ഹര്‍വിക് സ്‌കോര്‍ ചെയ്തത്. ആറ് അര്‍ധ ശതകവും, ഒരു സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു.

ഓപ്പണിങ് റോളിലാണ് ഹര്‍വിക് ഇറങ്ങുന്നത് എങ്കിലും, കൂട്ടുകെട്ടുകള്‍ തീര്‍ത്ത് ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോകുന്നതിലെ മികവാണ് ഹര്‍വിക്കിന്റെ പ്രത്യേകത. പന്തിന് വെല്ലുവിളി ഉയര്‍ത്തുവാന്‍ ഹര്‍വിക്കിനും സാധിക്കുമെന്ന് വ്യക്തം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com