പ്രായമല്ല, പ്രതിഭയാണ് കാര്യം; ലോകകപ്പ് കഴിഞ്ഞാലും ധോണിക്ക് ടീമിൽ തുടരാം- ​ഗാം​ഗുലി

മുൻ നായകനും വെറ്ററന്‍ താരവുമായ എംഎസ് ധോണിയെ പിന്തുണച്ച് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി
പ്രായമല്ല, പ്രതിഭയാണ് കാര്യം; ലോകകപ്പ് കഴിഞ്ഞാലും ധോണിക്ക് ടീമിൽ തുടരാം- ​ഗാം​ഗുലി

കൊല്‍ക്കത്ത: മുൻ നായകനും വെറ്ററന്‍ താരവുമായ എംഎസ് ധോണിയെ പിന്തുണച്ച് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. പ്രതിഭയുള്ളവര്‍ക്ക് പ്രായം ഒരു പ്രശ്‌നമല്ലെന്നും ഏകദിന ലോകകപ്പിന് ശേഷവും ധോണിക്ക് ടീമില്‍ തുടരാമെന്നും അഭിപ്രായപ്പെട്ടു. ഈ വരുന്ന ലോകകപ്പോടെ ധോണി രാജ്യാന്ത ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് ഗാംഗുലിയുടെ വാക്കുകള്‍. 

ഇന്ത്യ ലോകകപ്പ് നേടുകയും ധോണി സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുകയും ചെയ്താല്‍ വിരമിക്കണമെന്ന് അദ്ദേഹത്തോട് എങ്ങനെ പറയാനാകും. കഴിവും പ്രതിഭയുമുണ്ടെങ്കില്‍ പ്രായം ഒരു പ്രശ്‌നമല്ല. അതുകൊണ്ട് ലോകകപ്പിനു ശേഷവും ധോനിക്ക് ടീമില്‍ തുടരാമെന്ന് ​ഗാം​ഗുലി വ്യക്തമാക്കി.

രോഹിത് - ധവാന്‍ ഓപണിങ് സഖ്യത്തെ മാറ്റുന്നതിനെ കുറിച്ച് ചിന്തിക്കരുത്. ലോകോത്തര നിലവാരമുള്ള സഖ്യമാണത്. ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിക്കാന്‍ കഴിവുള്ളവരാണ് ഇരുവരും. കെഎല്‍ രാഹുലിനെ പരിഗണിക്കാവുന്നതാണ്. എന്നാൽ രോഹിത്തും ധവാനും തന്നെ ഓപണ്‍ ചെയ്യുന്നതാണ് നല്ലത്. രാഹുല്‍ പകരക്കാരനായിരിക്കട്ടെയെന്നും 
​ഗാം​ഗുലി നിര്‍ദേശിച്ചു.

ഉജ്ജ്വലമാണ് ഇന്ത്യയുടെ പേസ് യൂണിറ്റ്. ബുംറ- ഷമി സഖ്യത്തിന്റെ പ്രകടനം ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഇരുവരെയും വ്യത്യസ്തരാക്കുന്നത്. വിരാട് കോഹ്‌ലി മൂന്നാം നമ്പറില്‍ ബാറ്റു ചെയ്യുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു. സമീപകാലത്ത് വിജയ് ശങ്കര്‍ പുറത്തെടുക്കുന്ന പ്രകടനം ടീം തിരഞ്ഞെടുപ്പില്‍ സെലക്ടര്‍മാര്‍ക്ക് വലിയ തലവേദന സൃഷ്ടിക്കുമെന്നും ​ഗാം​ഗുലി ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com