സ്വന്തം മണ്ണിലെ തോല്‍വിക്ക് പകരം ചോദിച്ച് ഓസ്‌ട്രേലിയ; ഏകദിന പരമ്പര ഇന്ത്യ കൈവിട്ടു

അഞ്ചാം ഏകദിന പോരാട്ടത്തില്‍ 35 റണ്‍സിന് വിജയിച്ചാണ് ഓസീസിന്റെ പരമ്പര നേട്ടം
സ്വന്തം മണ്ണിലെ തോല്‍വിക്ക് പകരം ചോദിച്ച് ഓസ്‌ട്രേലിയ; ഏകദിന പരമ്പര ഇന്ത്യ കൈവിട്ടു


ന്യൂഡല്‍ഹി: ടി20 പരമ്പരയ്ക്ക് പിന്നാലെ  ഇന്ത്യക്കെതിരായ ഏകദിന പരമ്പരയും ഓസ്‌ട്രേലിയ സ്വന്തമാക്കി. അഞ്ചാം ഏകദിന പോരാട്ടത്തില്‍ 35 റണ്‍സിന് വിജയിച്ചാണ് ഓസീസിന്റെ പരമ്പര നേട്ടം. സ്വന്തം മണ്ണില്‍ ഇന്ത്യയോടേറ്റ ഏകദിന പരമ്പര തോല്‍വിക്ക് ഇവിടെയെത്തി കണക്കു തീര്‍ക്കാനും ഇതോടെ ഓസ്‌ട്രേലിയക്ക് സാധിച്ചു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-2നാണ് ഓസീസ് കൈക്കലാക്കിയത്. 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സിലൊതുക്കാന്‍ ഇന്ത്യക്ക് സാധിച്ചു. എന്നാല്‍ മറുപടി പറയാനിറങ്ങിയ ഇന്ത്യയുടെ പോരാട്ടം 237 റണ്‍സില്‍ അവസാനിച്ചു. 

ഒരുഘട്ടത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ 200 പോലും കടക്കില്ലെന്ന പ്രതീതിയുണര്‍ത്തി. മുന്‍നിരയില്‍ ഒപണര്‍ രോഹിത് ശര്‍മ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. രോഹിത് 56 റണ്‍സെടുത്തു. 

മധ്യനിര പിടിച്ചുനില്‍ക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ വാലറ്റത്ത് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് ചിറക് നല്‍കി കേദാര്‍ ജാദവും ഭുവനേശ്വര്‍ കുമാറും ബാറ്റേന്തി. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 91 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ടീമിനെ വിജയിപ്പിക്കുമെന്ന പ്രതീതിയും ഇരുവരും സൃഷ്ടിച്ചെടുത്തു. എന്നാല്‍ ഇരുവരും വീണതോടെ ഇന്ത്യന്‍ പ്രതീക്ഷകളും അവസാനിച്ചു.  

കേദാര്‍ ജാദവ് 44 റണ്‍സും ഭുവനേശ്വര്‍ കുമാര്‍ 46 റണ്‍സും കണ്ടെത്തി. ശിഖര്‍ ധവാന്‍ (12), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (20), റിഷഭ് പന്ത് (16), വിജയ് ശങ്കര്‍ (16), ജഡേജ (പൂജ്യം), മുഹമ്മദ് ഷമി (മൂന്ന്), കുല്‍ദീപ് യാദവ് (ഒന്‍പത്) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഒരു റണ്‍സുമായി ബുമ്ര പുറത്താകാതെ നിന്നു. 

ഓസീസിനായി ആദം സാംപ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. പാറ്റ് കമ്മിന്‍സ്, റിച്ചാര്‍ഡ്‌സന്‍, സ്റ്റൊയിനിസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ലിയോണ്‍ ഒരു വിക്കറ്റെടുത്തു. 

നേരത്തെ ഖവാജയുടെ സെഞ്ച്വറിയും, ഹാന്‍ഡ്‌സ്‌കോമ്പിന്റെ അര്‍ധശതകവും, അവസാന ഓവറുകളില്‍ റിച്ചാര്‍ഡ്‌സന്‍ കണ്ടെത്തിയ റണ്‍സുമാണ് ഓസീസ് ഇന്നിങ്‌സിന് തുണയായത്. 

ഒരു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് എന്ന നിലയില്‍ നിന്ന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് എന്ന നിലയിലേക്ക് ഓസ്‌ട്രേലിയയെ എത്തിക്കുവാന്‍ ഇന്ത്യയ്ക്കായിരുന്നു. 300ന് അപ്പുറം അനായാസം സ്‌കോര്‍ എത്തിക്കാന്‍ തങ്ങള്‍ക്കാകുമെന്ന് ഓസീസ് തോന്നിപ്പിച്ചുവെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ അതിന് അനുവദിച്ചില്ല. 

ഓപണിങ്ങില്‍ ഫിഞ്ചും ഖവാജയും ചേര്‍ന്ന് തീര്‍ത്ത 76 റണ്‍സിന്റേയും, ഖവാജയും ഹാന്‍ഡ്‌സ്‌കോമ്പും ചേര്‍ന്ന് തീര്‍ത്ത 99 റണ്‍സിന്റേയും കൂട്ടുകെട്ടിന് പിന്നാലെ ഓസീസ് ഇന്നിങ്‌സില്‍ വലിയ കൂട്ടുകെട്ടുകളൊന്നും ഇന്ത്യ അനുവദിച്ചില്ല. 106 പന്തില്‍ നിന്ന് പത്ത് ഫോറിന്റേയും രണ്ട് സിക്‌സിന്റേയും അകമ്പടിയോടെയായിരുന്നു ഖവാജ വീണ്ടും ഇന്ത്യയ്ക്ക് തലവേദനയായത്. 

ഹാന്‍ഡ്‌സ്‌കോമ്പ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി മടങ്ങി. സ്‌റ്റൊയ്‌നിസിനും, മാക്‌സ്വെല്ലിനും, ടേര്‍ണറിനുമൊന്നും ക്രീസില്‍ അധിക സമയം നില്‍ക്കുവാനായില്ല. സ്‌റ്റൊയ്‌നിസും ടേര്‍ണറും 20 റണ്‍സ് എടുത്ത് പുറത്തായി. 

ഇന്ത്യന്‍ ബൗളര്‍മാരില്‍ ബുമ്രയാണ് റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ഏറ്റവും പിശുക്കിയത്. പത്ത് ഓവറില്‍ ബുമ്ര വഴങ്ങിയത് 39 റണ്‍സ് മാത്രം. ഭുവി 10 ഓവറില്‍ 48 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി 9 ഓവറില്‍ 57 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുമെടുത്തു. കുല്‍ദീപ് 10 ഓവറില്‍ വഴങ്ങിയത് 74 റണ്‍സാണ്. ജഡേജ 10 ഓവറില്‍ 45 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി മികവ് കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com