ലോകകപ്പിന് ശേഷം ഇന്ത്യക്ക് പുതിയ പരിശീലകൻ? വീണ്ടും അപേക്ഷിച്ച്, ശാസ്ത്രി തുടരാനും സാധ്യത

കരാര്‍ കാലാവധി കഴിയുമ്പോള്‍ വീണ്ടും അപേക്ഷിച്ച് അഭിമുഖത്തില്‍ പങ്കെടുത്ത ശേഷമെ ശാസ്ത്രിക്ക് പരിശീലക സ്ഥാനത്ത് വീണ്ടും തുടരാനാവൂ
ലോകകപ്പിന് ശേഷം ഇന്ത്യക്ക് പുതിയ പരിശീലകൻ? വീണ്ടും അപേക്ഷിച്ച്, ശാസ്ത്രി തുടരാനും സാധ്യത

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് രവി ശാസ്ത്രി തുടർന്നേക്കുമെന്ന് സൂചനകൾ. ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പോടെ ശാസ്ത്രിയുടെ കരാർ അവസാനിക്കും. അതേസമയം പരിശീലകനുമായുള്ള ബിസിസിഐയുടെ കരാറില്‍ കാലാവധി നീട്ടുന്നതിനോ, കാലാവധി പുതുക്കുന്നതിനോ ഉള്ള ഉപാധികള്‍ ഇല്ല. അതിനാൽ കരാര്‍ കാലാവധി കഴിയുമ്പോള്‍ വീണ്ടും അപേക്ഷിച്ച് അഭിമുഖത്തില്‍ പങ്കെടുത്ത ശേഷമെ ശാസ്ത്രിക്ക് പരിശീലക സ്ഥാനത്ത് വീണ്ടും തുടരാനാവൂ. ജൂലൈയില്‍ ബിസിസിഐ പുതിയ പരിശീലകനായുള്ള അപേക്ഷ ക്ഷണിക്കുമെന്നാണ് സൂചന.

അനില്‍ കുംബ്ലെ പരിശീലകനായ സമയത്താണ് കരാറില്‍ കാലാവധി നീട്ടാനോ പുതുക്കാനോ ഉള്ള ഉപാധികള്‍ വേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചത്. ശാസ്ത്രിക്ക് പുറമെ അസിസ്റ്റന്റ് കോച്ച് സഞ്ജ് ബംഗാര്‍, ബൗളിംഗ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍ എന്നിവരുടെ കാലാവധി ലോകകപ്പിലെ ഇന്ത്യയുടെ അവസാന മത്സരം കഴിയുമ്പോള്‍ പൂര്‍ത്തിയാവും. ഇതിനുശേഷം 14 ദിവസത്തിനകം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങുമെന്നതിനാല്‍ പുതിയ പരിശീലകനെ നിയമിക്കുന്നത് വൈകിപ്പിക്കാനുള്ള സാധ്യതയുമില്ല.

ഇത്തവണയും പുതിയ പരിശീലകനെ തെരഞ്ഞെടുക്കാനുള്ള അഭിമുഖം നടത്തുക സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും വിവിഎസ് ലക്ഷ്മണും അടങ്ങുന്ന വിദഗ്ധ സമിതി തെന്നെയാവും. എന്നാല്‍ ഇന്ത്യ ലോകകപ്പിന്റെ സെമിയിലെങ്കിലും എത്തിയാല്‍ രവി ശാസ്ത്രിക്ക് പകരം മറ്റൊരാളെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യത വിരളമാണെന്നും റിപ്പോർട്ടുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com