ആര് ജയിക്കും ? ധോണിയുടെ വെറ്ററൻസോ, കോഹ്‌ലിയുടെ യൂത്തൻമാരോ; ഐപിഎൽ പൂരത്തിന് ഇന്ന് കൊടിയേറ്റം

ഒരു വ്യാഴവട്ടത്തിലേക്ക് കടന്ന ഐപിഎല്ലിൽ ഇന്ന് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ്- റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരുമായി ഏറ്റുമുട്ടും
ആര് ജയിക്കും ? ധോണിയുടെ വെറ്ററൻസോ, കോഹ്‌ലിയുടെ യൂത്തൻമാരോ; ഐപിഎൽ പൂരത്തിന് ഇന്ന് കൊടിയേറ്റം

ചെന്നെെ: ക്രിക്കറ്റ് ചരിത്രത്തിൽ മാറ്റത്തിന്റെ കൊടുങ്കാറ്റുയർത്തി അവതരിച്ച ഇന്ത്യൻ പ്രീമിയർ ലീ​ഗ് ക്രിക്കറ്റ് പന്ത്രാണ്ടാം അധ്യായത്തിന് ഇന്ന് തുടക്കം. ഒരു വ്യാഴവട്ടത്തിലേക്ക് കടന്ന ഐപിഎല്ലിൽ ഇന്ന് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ്- റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരുമായി ഏറ്റുമുട്ടും. രാജസ്ഥാൻ റോയൽസ്, മുംബൈ ഇന്ത്യൻസ്, സൺറൈസേഴ്സ് ഹൈദരാബാദ്, കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്, കിങ്സ് ഇലവൻ പ‍ഞ്ചാബ്, ഡൽഹി ക്യാപിറ്റൽസ് എന്നിവയാണ് മറ്റ് ടീമുകൾ. 

പുൽവാമ ഭീകരാക്രമണത്തിൽ വീര മൃത്യു വരിച്ച ജവാൻമാരോടുള്ള ആദ​രമായി വർണാഭമായ ഉദ്ഘാടന ചടങ്ങുകൾ ഇല്ലാതെയാണ് ഇത്തവണ പോരിന് തുടക്കമാകുന്നത്. ഇന്ന് രാത്രി എട്ടിന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റോഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഏകദിന ലോകകപ്പ് പടിവാതിൽക്കൽ എത്തി നിൽക്കേ നടക്കുന്ന ഐപിഎല്ലിന് വലിയ പ്രധാന്യമാണ് താരങ്ങൾ നൽകുന്നത്. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും സൂപ്പര്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും തമ്മില്‍ നേര്‍ക്കുനേര്‍ എത്തുന്നു എന്നതാണ് ആദ്യ പോരിന്റെ ഹൈലൈറ്റ്സ്. ധോണിപ്പട കിരീടം നിലനിർത്താനിറങ്ങുമ്പോൾ പലപ്പോഴും വഴുതിപ്പോയ ചാമ്പ്യൻപട്ടം ഇത്തവണയെങ്കിലും സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് കോഹ്‌ലിയും സംഘവും.

മുപ്പത് പിന്നിട്ടവരുടെ കൂട്ടമാണെങ്കിലും ചെന്നൈ സൂപ്പർ കിങ്സിന്‍റെ കരുത്തിന് കുറവൊന്നുമില്ല. ധോണിയും വാട്സണും ബ്രാവോയും ഡുപ്ലെസിസും റായുഡുവും റെയ്നയും കേദാറുമെല്ലാം 30 വയസിന് മുകളിലുള്ളവരാണ്. ഇതേ സംഘം തന്നെയാണ് കഴിഞ്ഞ തവണ കിരീടം കൊത്തിയത് എന്നത് ഏതൊരു ടീമിനും ചങ്കിടിപ്പേറ്റുന്നതാണ്. 

അവസാന നിമിഷം ദക്ഷിണാഫ്രിക്കൻ പേസർ ലുംഗി എൻഗിഡി പരിക്കേറ്റ് പിൻമാറിയത് ചെന്നൈക്ക് ക്ഷീണമാണ്. താരതമ്യേന ദുർബലമായ ബൗളിങ് നിരയാണ് ഇത്തവണ അവരുടേത് എന്നതിനാൽ താരത്തിന്റെ പിൻമാറ്റം ടീമിന് ഇരുട്ടടിയായി. എങ്കിലും ഐപിഎൽ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയാർന്ന ടീമെന്ന ഖ്യാതി എല്ലാ കാലത്തും അവർക്കുണ്ട്. മൂന്ന് തവണ കിരീടം നേടിയ ധോണിയും സംഘവും എല്ലാ സീസണിലും പ്ലേഓഫിലും എത്തി. ധോണിയുടം കുശാ​ഗ്ര ബുദ്ധിയിലാണ് അവരുടെ പ്രതീക്ഷകളത്രയും നിൽക്കുന്നത്.

സൂപ്പർ താരങ്ങൾ ഏറെ ഉണ്ടായിട്ടും പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ടീമാണ് റോയൽ ചലഞ്ചേഴ്സ്. ഈ ചീത്തപ്പേര് മാറ്റുകയാണ് കോഹ്‌ലിയുടെയും സംഘത്തിന്‍റേയും ലക്ഷ്യം. കോഹ്‌ലി, ഡിവിലിയേഴ്സ് വെടിക്കെട്ട് കൂട്ടുകെട്ടിലാണ് ആർസിബിയുടെ ബാറ്റിങ് പ്രതീക്ഷ. ചഹൽ, ഹെറ്റ്മെയർ, ശിവം ദുബേ, വാഷിങ്ടൻ സുന്ദർ തുടങ്ങിയവരുടെ പ്രകടനവും നിർണായകമാകും. നേർക്കുനേർ പോരിൽ ചെന്നൈയ്ക്കാണ് മുൻതൂക്കം. ചെന്നൈ പതിനേഴ് കളിയിൽ ജയിച്ചപ്പോൾ ബാം​ഗ്ലൂർ ജയിച്ചത് ഏഴ് കളികളില്‍ മാത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com